Monday, March 9, 2009

പത്മരാജന്റെ ലോകം

ദൃശ്യവിസ്‌മയങ്ങളുടെ രാജകുമാരന്‍.

വളരെ ഹൃസ്വമായ ജീവിതകാലയളവില്‍ സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച കലാകാരനായിരുന്നു പി. പത്മരാജന്‍. തനിക്കപരിചിതമായ ഒരു ലോകത്തിലൂടെ അലയാന്‍ വിധിക്കപ്പെട്ട തീര്‍ത്ഥാടകനായ എഴുത്തുകാരന്‍. സാഹിത്യത്തിന്റെയും കലയുടെയും സുവര്‍ണ്ണകാലഘട്ടമായ എഴുപതുകളില്‍ എഴുതിത്തുടങ്ങുമ്പോഴേ പത്മരാജനില്‍ നല്ലൊരു കലാകാരനുണ്ടായിരുന്നു. കുറഞ്ഞകാലം കൊണ്ട്‌ വ്യത്യസ്‌തത തേടുന്ന എഴുത്തുകാരന്‍ എന്ന പ്രശസ്‌തി നേടാനായതും ഒരുപക്ഷേ അതുകൊണ്ടാവണം.

നിരര്‍ത്ഥകമാവുന്ന അന്വേഷണങ്ങളും ശൈഥില്യം സംഭവിക്കുന്ന കുടുംബ ബന്ധങ്ങളും മൂശയില്‍ വാര്‍ത്തെടുത്ത്‌ പത്മരാജന്‍ ആസ്വാദകരുടെ മമ്പിലെത്തിച്ചു. അസ്‌ത്രങ്ങളുടെ സ്ഥൂലതയാണ്‌ പത്മരാജന്‍ കഥകള്‍ക്ക്‌. ഉറക്കംവരാത്ത രാത്രികളില്‍ കഥകളുടെ ഈറ്റില്ലമായിരുന്ന ഞവരയ്‌ക്കല്‍ തറവാട്ടില്‍ അമ്മയുടെ മടിയില്‍ കിടന്ന്‌ കഥകള്‍ കേട്ടു വിസ്‌മയിച്ചിരുന്ന കുട്ടിയുടെ മനസ്സുതന്നെയായിരുന്നു പത്മരാജന്‍ എന്ന എഴുത്തുകാരനും. കാല്‍പ്പനികതയുടേയും ആധുനികതയുടേയും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ എഴുത്തിലേക്കുപ്രവേശിച്ചപ്പോഴും അന്നത്തെ കഥാസാഹിത്യത്തിന്‌ അപരിചിതമായ മേഘലകളിലൂടെ സഞ്ചരിക്കാനാണ്‌ പത്മരാജന്‍ ഇഷ്‌ടപ്പെട്ടത്‌. പുതിയ ആശയങ്ങള്‍ക്ക്‌ പുതുകാല ഘട്ടത്തിന്റെ അത്ഥതലങ്ങള്‍ നല്‍കാന്‍ എന്നും മുന്‍പന്തിയിലായിരുന്നു പത്മരാജന്‍. എന്നാല്‍ ആധുനിക തത്വശാസ്‌ത്രം തനിക്കപരിചിതമല്ലെന്ന്‌ തെളിയിക്കുന്ന രചനകളും ആ വിരല്‍ത്തുമ്പുകളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്‌. ചൂണ്ടല്‍, കിഴക്കേയറ്റം, പ്രതിമയും രാജകുമാരിയും. എന്നീ രചനകള്‍ ആധുനികയില്‍ നിന്നു ഉത്തരാധുനികയിലേക്കുള്ള സര്‍ഗധനനായ ഒരെഴുത്തുകാരന്റെ പ്രയാണത്തെ അടയാളപ്പെടുത്തുന്നു.

ശക്തവും ഭാവസാന്ദ്രവുമായ ഭാഷ, അയത്‌നലളിതമായ ശൈലി എന്നിവ പത്മരാജന്‍ കഥകളുടെ പ്രത്യേകതയായി കാണാം. ഇത്‌ അദ്ദേഹത്തിന്റെ സിനിമകളിലും പില്‍ക്കാലത്തെഴുതിയ നോവലുകളിലും പ്രതിഫലിക്കുന്നുണ്ട്‌. നോവലിസ്റ്റായ പത്മരാജന്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതായി അനുഭവപ്പെടുന്നത്‌ കഥാസാഹിത്യത്തിലുള്ള പരിമിതിയാലല്ല, മറിച്ച്‌ വലിയ ക്യാന്‍വാസില്‍ എഴുത്തുകാരന്‌ കൂടുതല്‍ ആവിഷ്‌കാര സ്വാതന്ത്യം ഉള്ളതുകൊണ്ടും അത്‌ വളരെ ഫലപ്രദമായി എഴുത്തുകാരന്‌്‌ അടയാളപ്പെടുത്താനാവുന്നതു കൊണ്ടും കൂടിയാണ്‌്‌. പ്രതിമയും രാജകുമാരിയും, ഉദകപ്പോള, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര ഋതുഭേതങ്ങളുടെ പാരിദോശികം, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ പരുക്കന്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ പക്വതയാര്‍ന്ന ഒരെഴുത്തുകാരന്റെ സൗമ്യവും ദീപ്‌തവുമായ സര്‍ഗ്ഗപ്രയാണമാണ്‌്‌. കോളേജ്‌ കുമാരിയുടെ കൗമാരത്തിന്റെയും ചാപല്യത്തിന്റെയും കഥപറയുന്ന നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ 1974 - ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. അന്ന്‌ പത്മരാജന്‌ വെറും ഇരുപത്തൊന്നു വയസ്സാണ്‌ പ്രായമെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌.

പത്മരാജനിലെ സിനിമാക്കാരന്‍ ഉണരുന്നത്‌ 1972- ല്‍ പ്രയാണം എന്ന ചിത്രത്തിന്‌ തിരക്കഥ എഴുതികൊണ്ടാണ്‌. സ്വന്തം കഥയ്‌ക്ക്‌ ശക്തമായ ഭാഷയില്‍ തിരക്കഥ എഴുതി ഏതുതരം സിനിമയുടേയും ബ്ലൂപ്രിന്ററുകള്‍ തയ്യാറാക്കുന്നത്‌ എഴുത്തുകാരനാണെന്ന്‌ തെളിയിക്കാന്‍ പത്മരാജനു കഴിഞ്ഞു. യഥാര്‍ത്ഥ അനുഭവത്തെ, ജീവിതത്തിന്റെ അസാധാരണമായ നാടകീയതയെ ആവിഷ്‌കിരിക്കാന്‍ സാഹിത്യം മതിയാവില്ല തോന്നലാവണം പത്മരാജനേയും ചലചിത്രത്തിന്റെ മാസ്‌മരികമായ വര്‍ണവൈവിധ്യങ്ങളിലേക്ക്‌ ആകര്‍ഷിച്ചത്‌.

എം. ടിക്ക്‌ ശേഷം ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്തായിരുന്നു പത്മരാജന്‍. ഭരതനുമായി ചേര്‍ന്ന്‌ ഒരുപിടി നല്ല ചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതി പത്മരാജന്‍ വളരെ പെട്ടെന്ന്‌ മലയാള സിനിമയില്‍ ഒരിടം സ്വന്തമാക്കി. മനസ്സില്‍ താലോലിച്ചിരുന്ന സ്വപ്‌നങ്ങള്‍ക്ക്‌ അര്‍ത്ഥതലം തേടിയത്‌ പിന്നേയും നാലഞ്ചുവര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. പകയുടെയും പ്രതികാരത്തിന്റെയും തീപൊള്ളുന്ന കഥ എണ്ണമയമുള്ള വാണിയന്‍ തെരുവിനെ പശ്ചാത്തലമാക്കി, ഭാവസാന്ദ്രമായ ഒരു ഗീതം പോലെ അഭ്രപാളികളില്‍ രചിക്കപ്പെട്ട പെരുവഴിയമ്പലം എന്ന സിനിമയിലൂടെ. ജീവിതത്തിന്റെ രണ്ടറ്റത്ത്‌ നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ നിലവിലുള്ള നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക വഴി, പാത്രസൃഷ്‌ടി സിനിമയുടെ വലിയ ഒരു ഭാഗമാണെന്ന്‌ പത്മരാജന്‍ കുറിച്ചിട്ടു. എന്നാല്‍ പത്മരാജനിലെ സംവിധായകന്‍ പരിലസിച്ചുനില്‍ക്കുന്നത്‌ ഒരിടത്തൊരു ഫയല്‍മാന്‍ എന്ന ചിത്രത്തിലാണ്‌. കല ജീവിതവൃത്തിയായി സ്വീകരിക്കുന്ന കലാകാരന്റെ ഏകാന്തതയും ഭീതിയും നിസ്സംഗതയും ഈ സിനിമയിലൂടെ ദൃശ്യഭാഷയായി. ഒരു കലാകാരന്റെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ചെന്നതുപോലെ ദാമ്പത്യത്തിന്റെ തകര്‍ച്ചെയെകുറിച്ചുമുള്ള സിനിമ കൂടിയാണ്‌ ഒരിടത്തൊരു ഫയല്‍മാന്‍. അന്താരാഷ്‌ട്ര തലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന്റെ സാമ്പത്തിക പരാജയം ഏതൊരു കലാകാരനേയും പോലെ പത്മരാജനേയും വേദനിപ്പിച്ചു. സാമ്പത്തിക ഭദ്രതയുള്ള ചിത്രത്തിന്റെ സംവിധായകനെ സിനിമാ വ്യവസാത്തില്‍ പിടിച്ചുനില്‍ക്കാനാവൂ എന്ന കണ്ടെത്തലാവണം സമാന്തര സിനിമ എന്ന സങ്കല്‍പ്പത്തിലേക്ക്‌ പത്മരാജനേയും തള്ളിയിട്ടത്‌. എങ്കിലും കൂടുതല്‍ ജനങ്ങള്‍ കാണുന്ന സിനിമ നല്ല സിനിമ എന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക്‌ തെന്നി വീഴാതെ, മധ്യവര്‍ത്തി സിനിമകളില്‍ തന്റേതായ ഒരു പാത വെട്ടിയുണ്ടാക്കാനുള്ള ശ്രമം അദ്ദേഹം നടത്തുകയും അതില്‍ ഒരുപരിധിവരെ വിജയിക്കുകയും ചെയ്‌തു. എഴുത്തുകാരനില്‍ നിന്നും ചലചിത്രകാരനായി വളര്‍ന്നപ്പോള്‍ ആശയത്തിലുള്ള ന്യൂനത തിരുത്തുന്നതില്‍ പത്മരാജന്‍ ശ്രദ്ധാലുവായിരുന്നു. മധ്യവര്‍ത്തി സിനിമകളുടെ വക്താക്കളായിരുന്നു കെ. ജി. ജോര്‍ജും ഭരതനും മോഹനും മുഖ്യധാരയിലേക്ക്‌ ചാഞ്ഞുനിന്ന്‌ വിപണിയുടെ സമവാക്യങ്ങളുമായി സമരസപ്പെടുപ്പോഴും കലാമൂല്യം സിനിമയില്‍ നിലനിര്‍ത്താന്‍ പത്മരാജന്‌ മാത്രമേ കഴിഞ്ഞുള്ളൂ. എക്കാലത്തും അസ്വാദകരെ നിരാശപ്പെടുത്താത്ത ചിത്രങ്ങള്‍ പരിമിതികള്‍ക്കകത്തുനിന്ന്‌ നിര്‍മ്മിക്കാനുള്ള പാടവത്തെ ഒത്തുതീര്‍പ്പിനൊരുങ്ങാത്ത ഒരു കലാകാരന്റെ ആത്മസമര്‍പ്പണത്തിന്റെ കലയായി പത്മരാജന്‍ മാറ്റി എഴുതുകയായിരുന്നു തന്റെ സിനിമാ ജീവിതത്തിലൂടെ.

മലയാള സിനിമയുടെ വസന്തകാലമായി പൂത്തു നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ പത്മരാജന്റേതായി പുറത്തുവിടുന്നുണ്ട്‌‌. മറക്കാനാകാത്ത കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ചിത്രങ്ങള്‍. നൈസര്‍ഗ്ഗികമായ കഴിവ്‌ ഉപയോഗപ്പെടുത്തി സൃഷ്‌ടികളെ അസാദൃശൃമാക്കി നിര്‍ത്താന്‍ എല്ലാ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചതായി കാണാം. പ്രമേയത്തിലുള്ള വൈവിധ്യം മാത്രമല്ല, ആശയാനുസൃതമായി പശ്ചാത്തലത്തെ വിന്യസിക്കാനും പാത്രസൃഷ്‌ടികളില്‍ വ്യത്യസ്‌തത പുലര്‍ത്താനുമുള്ള ശ്രമങ്ങള്‍ മറ്റു സിനിമകളില്‍ നിന്ന്‌ പത്മരാജന്‍ ചിത്രങ്ങളെ വ്യക്തിരിക്തമാക്കുന്നു.

പ്രണയത്തിന്റെ അനന്തമായ സാധ്യതകള്‍ പത്മരാജന്റെ ചിത്രങ്ങളെ ഭാവുകത്വത്തിന്റെ പുതിയ തലത്തിലേക്കുയര്‍ത്തി. പ്രണയവും മഴയും ഇഴപിരിയാതെ ദൃശ്യവല്‍ക്കരിച്ച തൂവാന തുമ്പികള്‍ മലയാളിയുടെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോകുതെങ്ങിനെ? മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും പശ്ചാത്തലമാക്കി രചിച്ച നമ്മുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. സ്വവര്‍ഗ്ഗാനുരാഗത്തെ രതിയുടേയും അശ്ലീലതയുടേയും നൂല്‍പ്പാലത്തിന്റെ നേരിയ അതിര്‍വരമ്പുകളിലൂടെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല മനോഹരമായ ഒരു കവിതപോലെ ഹൃദ്യമാണ്‌. സാമുഹിക വ്യവസ്‌ഥിതികള്‍ക്കകത്തുനിന്ന്‌ ചെറുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട ഇനിയും എത്രയെത്ര ചിത്രങ്ങള്‍?

ഒരു കലാകാരന്‍ പുതിയ പരീക്ഷണങ്ങളിലൂടെയാണ്‌ കലയില്‍ കലാപം നടത്തുക. ഇത്തരം ഒരു വലിയ പരീക്ഷണമായിരുന്നു പത്മരാജന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍. കാലത്തിന്റെ കവചകുണ്‌ഢലങ്ങളണിഞ്ഞ്‌ വശ്യതയുടെ കടുംഛായങ്ങള്‍ ചുണ്ടില്‍ തേച്ചുപിടിപ്പിച്ച്‌ രാവുകളുടെ ഏകാന്തയാമങ്ങളില്‍ പ്രണയഗീതികള്‍ക്ക്‌ ചെവിടോര്‍ത്തലയുന്ന ഗന്ധര്‍വ്വസങ്കല്‍പ്പത്തെ പാടെ പൊളിച്ചെഴുതി മാനുഷികവികാരങ്ങള്‍ക്കടിമപ്പെടുകയും മനുഷ്യന്റെ പരിമിതികളേയും ബലഹീനതകളേയും സ്‌നേഹിക്കുകയും ചെയ്യുന്ന ആധുനിക ഗന്ധവ്വസങ്കല്‍പ്പത്തിലേക്കുയര്‍ത്തിയ ഈ ചിത്രം കലാമൂല്യം നിലനിറുത്തിയതുകൊണ്ടുതന്നെ ഫാന്റസിയെ ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തിയ ആദ്യത്തെ മലയാള സിനിമകൂടിയായിരുന്നു.

മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു സംവിധായകനായിരുന്നു പത്മരാജന്‍. മനുഷ്യാവസ്ഥകളുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക്‌ ക്യാമറയെ തുറന്നുപിടിച്ച കലാകാരന്‍. ഗ്രാമീണതയുടേയും നാഗരികതയുടേയും അളിഞ്ഞ മുഖങ്ങളിലൂടെ, മനുഷ്യാവസ്ഥയുടെ ഇരുട്ടുവീണ ഇടനാഴിയിലൂടെ ജീവിതത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍.

തന്റേതായ ഒരു പന്ഥാവിലൂടെ കഥ പറയുകയും ജീവിതത്തിന്‌ ദൃശ്യഭംഗി നല്‍കുകയും ചെയ്‌ത്‌ ഗന്ധവ്വലോകത്തേക്കൊരുനാള്‍ വിടവാങ്ങിയ പത്മരാജന്റെ സ്ഥാനം മലയാള സിനിമയില്‍ ഇന്നും ഒഴിഞ്ഞുകിടക്കയാണ്‌. പത്മരാജന്‍ തന്റെ കഥകളിലൂടെയും സിനിമകളിലൂടെയും സൃഷ്‌ടിച്ചെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരികതയുടെ വര്‍ണ്ണവിന്യാസങ്ങള്‍ എന്നും മലയാള പ്രേക്ഷകന്റെ മനസ്സില്‍ ഗൃഹാതുരതയായി പടര്‍ന്നു കിടക്കും. പറയാന്‍ ബാക്കിവെച്ച കഥകളുടെ നൊമ്പരങ്ങളുമായി കാലത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ പത്മരാജന്‍ കടുപോയിട്ട്‌ പതിനെട്ടുവര്‍ഷം കടന്നുപോയിരിക്കുന്നു.