Tuesday, May 19, 2009

അരവിന്ദനെ ഓര്‍ക്കുമ്പോള്‍..........


നിശ്ശബ്‌‌ദതയുടെ ദൃശ്യപരത

സിനിമ സംവിധായകന്റെ മാത്രം കലയാണോയെന്ന ചോദ്യം ഉയര്‍ന്നുകൊണ്ടിരിക്കെ, അതെ എന്ന്‌ ശക്തവും ധീരവുമായ ശബ്‌ദത്തില്‍ പറയാന്‍ മടിയില്ലാത്ത ചലചിത്രകാരനായിരുന്നു ജി. അരവിന്ദന്‍. സിനിമയില്‍ സംവിധായകന്റെ മൗലികത എത്രത്തോളം സന്നിവേശിപ്പിക്കാമെന്നതിന്‌ ഉത്തമോദാഹരണങ്ങളാണ്‌
അദ്ദേഹത്തിന്റെ സിനിമകള്‍.

അറുപതുകളില്‍ വളര്‍ന്നു വന്ന മലയാള സിനിമയെ അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തിയ അപൂര്‍വം ചലചിത്രകാരന്മാരിലൊരാളായിരുന്നു അരവിന്ദന്‍. വിദേശ സിനിമകളോടുപോലും മത്സരിക്കാന്‍ തക്ക ഭാവ സാന്ദ്രമായിരുന്നു അരവിന്ദന്‍ ചിത്രങ്ങള്‍. ഒരു ചിത്രകാരനായി ജീവിതം തുടങ്ങിയ അരവിന്ദന്റെ ജീവിതം അഭ്രപാളികളിലേക്ക്‌ പറിച്ചുനടപ്പെട്ടത്‌ ആകസ്‌മികമായിരുന്നു. മാതൃഭൂമിയുടെ അവസാന പുറത്തില്‍ 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന പേരില്‍ കാര്‍ട്ടൂണുകള്‍ വരച്ചു ജീവിച്ചിരുന്ന അരവിന്ദന്‍ മലയാള സിനിമയ്‌ക്കായി തന്റെ ബാക്കി ജീവിതം മാറ്റിവെയ്‌ക്കുകയായിരുന്നു. ചെറുപ്പകാലം മുഴുവന്‍ ചിത്രരചനയ്‌ക്കായി നല്‍കിയ അരവിന്ദന്‍ വളരെ ഹൃസ്വമായ ജീവിതമാണ്‌ ചലചിത്രങ്ങള്‍ക്കായി ബാക്കിവെച്ചത്‌്‌. കൂട്ടുകാരുമായി ചേര്‍ന്നു രൂപം നല്‍കിയ ചലചിത്ര ക്ലബുകളാണ്‌ അരവിന്ദന്‍ എന്ന ചലചിത്ര സംവിധായകനെ സൃഷ്ടിച്ചത്‌. നിറങ്ങളുടെ വര്‍ണ്ണവൈവിധ്യങ്ങളുടെ ലോകത്തു ജീവിച്ചിരുന്ന അരവിന്ദനെ സംബന്ധിച്ചിടത്തോളം സിനിമയുടെ ലോകം അപരിചിതമായ ഒരു മായക്കാഴ്‌ചയായിരുന്നില്ല. ആശങ്ങളുടെ വര്‍ണ്ണത്തിന്‌ വര്‍ണ്ണവിധേയമായി ദൃശ്യങ്ങള്‍ നല്‌കി കാഴ്‌ചക്കാരോട്‌ ആത്മബന്ധം നടത്താനുള്ള കഴിവ്‌ ഒരു ചലചിത്രകാരന്‍ എന്ന നിലയില്‍ അരവിന്ദനെ പെട്ടെന്നു തന്നെ ശ്രദ്ധേയനാക്കി.

സര്‍ക്കസ്‌ കൂടാരത്തിലെ അപരിചിതരായ ഒരു പറ്റം മനുഷ്യരുടെ സുഖവും ദുഖവും വരച്ചു കാണിച്ചാണ്‌ അരവിന്ദന്‍ സിനിമയുടെ ലോകത്തേക്ക്‌ പ്രവേശിച്ചത്‌. മലയാള സിനിമയെ മാറ്റിമറിച്ച ഒരു ചിത്രമൊന്നുമായിരുന്നില്ല തമ്പ്‌ എങ്കിലും അരവിന്ദന്‍ ഉപയോഗിച്ച സിനിമാ വ്യാകരണം പരമ്പാഗതമായ പാതയില്‍ നിന്ന്‌ തികച്ചും വ്യതിചലിച്ച ഒന്നായിരുന്നു അക്കാലത്ത്‌. അതുകൊണ്ടു തന്നെ സിനിമ വേദിയില്‍ ഒട്ടേറെ ചര്‍ച്ചയ്‌ക്ക്‌ വന്ന ഒരു ചിത്രമായി തമ്പ്‌ മാറി. പിന്നീട്‌ അദ്ദേഹം ചെയ്‌ത ചിത്രങ്ങളില്‍ പലതും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമാവുകയും മിക്ക ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. അടിസ്ഥാനപരമായി ഒരു ചിത്രകാരനായതുകൊാവാം മനോഹര ചിത്രങ്ങള്‍ ഫ്രയിമില്‍ ഉള്‍പ്പെടുത്താന്‍ അരവിന്ദന്‍ എന്നും ഉത്സുകനായിരുന്നു. അമിതമായ ഈ സൗന്ദര്യബോധം ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക്‌ ജീവിതത്തിന്റെ ദശാസന്ധികളില്‍ വെച്ച്‌ മനുഷ്യര്‍ക്ക്‌ അനുഭവപ്പെടുന്ന തീഷ്‌ണ വികാരങ്ങളെ യഥാതഥമായി പകര്‍ത്തുവാന്‍ കഴിയാത്തവിധം വിഘ്‌നങ്ങളും സൃഷ്‌ടിച്ചിട്ടുണ്ട്‌. പ്രധാന അശയങ്ങളെ അതേ പടി നിലനിറുത്തി മറ്റൊരു കഥ ഉള്‍കൊള്ളിക്കാനുള്ള അരവിന്ദന്റെ അപാരമായ കഴിവാണ്‌ മറ്റുള്ള സംവിധായകരില്‍ നിന്നും അരവിന്ദനെ മാറ്റി നിര്‍ത്തിയത്‌. ചെറിയ റോളുകളില്‍ പോലും പ്രത്യക്ഷപ്പെട്ടുന്ന കഥാപാത്രങ്ങള്‍ക്ക്‌ അവിസ്‌മരണീയമായ ജീവിത മുഹുര്‍ത്തങ്ങള്‍ നല്‍കാന്‍ ഇതുവഴി അരവിന്ദനു കഴിഞ്ഞു. ഒരു കഥ പറച്ചിലുകാരന്റെ ലാഘവത്തോടെ പ്രേക്ഷകനുമായി സംവദിക്കുവാനുള്ള കഴിവും അവരില്‍ തീഷ്‌ണ വികാരങ്ങള്‍ സൃഷ്ടിക്കാനുള്ള ദൃശ്യബോധവും മറ്റുള്ളവരില്‍ നിന്ന്‌ അരവിന്ദനെ വ്യത്യസ്‌തനാക്കുന്നു.

തമ്പില്‍ നിന്നു തുടങ്ങി ഉത്തരായണവും ഒരിടത്തും കഴിഞ്ഞ്‌ ചിദംബരത്തില്‍ വന്ന്‌ നില്‍ക്കുന്ന അരവിന്ദന്‍ ചിത്രങ്ങളുടെ പ്രത്യേകത, ജീവിതത്തില്‍ നിന്ന്‌ ചീന്തിയെടുത്തതെന്ന്‌ തോന്നിപ്പിക്കുന്ന രീതിയിലുള്ള യാഥാര്‍ത്ഥ്യബോധമുള്ള ഒരു സംവിധായകന്റെ ആത്മഭാവനകളുടെ ആവിഷ്‌കാരം അവയിലൊക്കെയും തുടിക്കുന്നുവെന്നതാണ്‌. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച്‌ തന്റെ ഓരോ ചിത്രവും വ്യത്യസ്‌തമാക്കാന്‍ തുടക്കം മുതലേ അരവിന്ദന്‍ ശ്രദ്ധിച്ചിരുന്നു. അവയില്‍ ഏറിയപങ്കും സാധാരണക്കാരനായ മനുഷ്യരുടെ അസാധാരണമായ ജിവിത പശ്ചാത്തലങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു. അധികം ബിംബങ്ങളോ തീഷ്‌ണമായ വര്‍ണ്ണങ്ങളോ ഉപയോഗിക്കാത്ത ലളിതമായ ഈ ചിത്രങ്ങള്‍ പക്ഷേ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ അനാവരണം ചെയ്യുന്നവയായിരുന്നു.

കാല്‍ നൂറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തിനിടയ്‌ക്ക്‌ ഒത്തിരിയേറെ ചിത്രങ്ങള്‍ അരവിന്ദന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌്‌. രണ്ടു ചിത്രങ്ങളൊഴിച്ച്‌ (മാറാട്ടവും ഉണ്ണിയും) മറ്റെല്ലാ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ളവയാണ്‌. ഒന്നിലേറെ തവണ ഏറ്റവും നല്ല സംവിധായകന്‍ എന്ന പദവിയും അദ്ദേഹത്തിന്‌ നേടിയിട്ടുണ്ട്‌. ഇവയില്‍ ചിദംബരം എന്ന ചിത്രം മറ്റെല്ലാ അരവിന്ദന്‍ ചിത്രങ്ങളില്‍ നിന്നും മികച്ചു നില്‍ക്കുന്നു. അരവിന്ദന്റെ മാസ്റ്റര്‍ പീസാണ്‌ ചിദംബരം എന്നു തന്നെ പറയാം. വൈവിധ്യ ആശയങ്ങള്‍ കൈകൊള്ളുന്ന അരവിന്ദന്‍ അത്‌ ആവിഷ്‌കരിക്കുന്നതിലും വേറിട്ട രീതിയാണ്‌ അവലംബിച്ചുപോന്നിട്ടുള്ളത്‌. ഒരിടത്ത്‌ എന്ന ചിത്രത്തില്‍ പരിഷ്‌കാരങ്ങള്‍ കടന്നെത്താത്ത അന്ധവിശ്വാസങ്ങളില്‍ അമര്‍ന്നു കിടക്കുന്ന നിഷ്‌കളങ്കമായ ഒരു ഗ്രാമത്തിലേക്ക്‌ ഇലക്‌ട്രിസിറ്റി കടന്നുവരുന്നതോടെ ഉടലെടുക്കുന്ന നാഗരികതയാണ്‌ വിഷയമെങ്കില്‍ ഗ്രാമത്തില്‍ അഭയം തേടിയെത്തുന്ന ഒരു നെക്‌സലൈറ്റിന്റെ ഒളിജീവിതമാണ്‌ പോക്കുവെയില്‍ എന്ന ചിത്രത്തില്‍. ചിദംബരമാകട്ടെ അപരിഷ്‌കൃതമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ദുരന്തത്തിന്റെ ദാരുണമായ കഥ പറയുകയാണ്‌. ഇങ്ങനെ ഗ്രാമങ്ങളും ഗ്രാമീണ കഥാപാത്രങ്ങളും മാറിമറിഞ്ഞുവരുന്നു അരവിന്ദന്‍ ചിത്രങ്ങളില്‍.

അരവിന്ദന്റെ ശ്രദ്ധിക്കാതെ പോയ രണ്ടു ചിത്രങ്ങളാണ്‌ ഉണ്ണിയും മാറാട്ടവും. കഥകളി ആശാന്റെയും ശിഷ്യന്മാരുടെയും കാഴ്‌ചക്കാരുടെയും അന്വേഷണങ്ങളിലൂടെ പിന്നിട്ട്‌ വിഭ്രാത്മകതയില്‍ ചെന്നെത്തി നില്‍ക്കുന്ന മാറാട്ടവും ആഗ്ലോ ഇന്ത്യന്‍ യുവാവിന്റെ ചാപല്യങ്ങളുടെ കഥ പറയുന്ന ഉണ്ണിയും ടെലിഫിലിമുകളായതുകൊാവണം ഒരുപക്ഷേ ശ്രദ്ധ നേടാതെ പോയത്‌. ടെലിഫിലിമുകളും സീരിയലുകളും ഏറേ പ്രചാരത്തിലില്ലാത്ത ഒരു കാലത്താണ്‌ ഈ രണ്ടു ചിത്രങ്ങളുടെയും നിര്‍മ്മിതിയെന്നതും ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമായിരിക്കാം.

തമ്പില്‍ നിന്ന്‌ തുടങ്ങി വാസ്‌തുഹാരയില്‍ വന്നെത്തുമ്പോള്‍ അരവിന്ദന്റെ ദൃശ്യഭാഷയ്‌ക്ക്‌ തീഷ്‌ണതയും ആഴവും ഏറുന്നതായി കാണാം. അഭയാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്രയുടെ കഥയാണ്‌ നേരത്തെ കഥ എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ സി. വി. ശ്രീരാമന്റെ വസ്‌തുഹാര. അഭിയാര്‍ത്ഥികളെ അവരുടെ സ്വപ്‌ന ഭൂമിയിലേക്ക്‌ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന റഫ്യൂജി ഓഫീസര്‍ വേണുവിലൂടെ കാലങ്ങളായി അഭിയാര്‍ത്ഥികളുടെ ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അര്‍ത്ഥം തേടുകയാണ്‌ അരവിന്ദന്‍ വാസ്‌തുഹാരയില്‍. 1971 ലെ ബംഗാള്‍ വിഭജനകാലത്ത്‌ കല്‍ക്കത്തയിലെ റാണാഘട്ടിലെ അഭയര്‍ത്ഥി കോളനിയില്‍ തങ്ങളുടേതെല്ലാം ഇട്ടെറിഞ്ഞ്‌ ബന്ധങ്ങള്‍പോലും മുറിഞ്ഞു സ്വപ്‌നങ്ങള്‍ ഹൃദയത്തിലൊതുക്കി അഭയം തേടിയെത്തിയ അഭയാര്‍ത്ഥികള്‍. അവര്‍ക്കിടയിലെ പരിചിതമുഖങ്ങളായ ആരതിപണിക്കരും പുത്രിയും. അവര്‍ തന്റെ എല്ലാമായിരുന്ന വിപ്ലകാരിയും സാഹിത്യകാരനുമായിരുന്ന, വാസ്‌തുഹാരയിലെ ഒരു ഫ്രെയിമില്‍ പോലും പ്രത്യക്ഷപ്പെടാത്ത, കുഞ്ഞുണ്ണിപണിക്കരുടെ ഭാര്യയും മകളുമാണെന്നറിയുമ്പോഴുള്ള വേണുവിന്റെ ദുഖവും അവരെ വീണ്ടും ജീവിതത്തിന്റെ വസന്തങ്ങളിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരാനുള്ള വിഫലമായ പരിശ്രമവുമാണ്‌ വാസ്‌തുഹാരയുടെ ഇതിവൃത്തം. അഭയാര്‍ത്ഥി പ്രവാഹത്തിന്റെ തിരക്കില്‍ ബന്ധങ്ങള്‍ അറ്റുപോകുന്നതിന്റെയും ദൈവങ്ങളെപ്പോലും ഉപേക്ഷിക്കേണ്ടിവരുന്നതിന്റെയും തീവ്രമായ ദുഖവും നിസ്സഹായുമാണ്‌ ഈ ചിത്രം വരച്ചിടുന്നത്‌. വാചാലമായ മൗനത്തിലൂടെയും മിന്നിമറയുന്ന ബിംബങ്ങളിലൂടെയുമാണ്‌ പ്രേക്ഷകരുടെ നെഞ്ചിടിപ്പുകളെ കൃത്യമായി അരവിന്ദന്‍ അളന്നെടുക്കുന്നതെന്നു കാണാം. നിശ്ശബദ്‌ത ശബ്‌ദം പോലെ തന്നെ സിനിമയുടെ അഭിവാജ്യ ഘടകമാണെന്ന്‌ തിരിച്ചറിഞ്ഞ മലയാളത്തിലെ അപൂരവ്വം ചില സംവിധായകരില്‍ ഒരാളാണ്‌ അരവിന്ദനെന്ന്‌ ഈ ചിത്രം തെളിയിക്കുന്നു. ജീവിതത്തിന്റെ അതി സങ്കീര്‍ണ്ണതയെ പലപ്പോഴും അരവിന്ദന്‍ വ്യാഖ്യാനിക്കുന്നത്‌ നിശ്ശബ്‌ദതകൊണ്ടാണ്‌. ബര്‍ഗ്മാനും തര്‍ക്കോവിസ്‌കിയും നേരത്തെ പരീക്ഷിച്ചതാണെങ്കിലും മലയാളത്തില്‍ ആദ്യമായി നിശ്ശബ്ദതയുടെ ആഴം ചലചിത്രങ്ങളില്‍ ഒരു കഥാപാത്രത്തിന്റെ സാന്നിദ്ധ്യംപോലെ അനുവഭവിക്കുന്നത്‌ അരവിന്ദന്‍ ചിത്രങ്ങള്‍ മാത്രമാണ്‌. തകര്‍ന്നടിയുന്ന സ്വപ്‌നങ്ങളുടെയും നഷ്‌ടപ്പെടുന്ന ആത്മബന്ധങ്ങളുടെയും ദുഖം നിശ്ശബ്ദമായ ചില മിന്നല്‍ ചിത്രങ്ങളിലൂടെ (ഉദാഹരണം തകര്‍ന്ന ട്രൈയിനിന്റെ ബോഗികള്‍, കാടിന്റെ ഉള്ളറ തേടിപ്പോകുന്ന ക്യാമറക്കാഴ്‌ചകള്‍, ജീര്‍ണ്ണിച്ച കെട്ടിടങ്ങളും ലോറിയും എന്നിവ) തെന്നിതെന്നി നീങ്ങുന്ന സണ്ണിജോസഫിന്റെ ക്യാമറ സത്യത്തില്‍ പ്രേക്ഷകരുടെ മനസ്സും കാഴ്‌ചയുമാകുന്ന അപൂര്‍വ്വ നിമിഷമാക്കി തീര്‍ക്കാന്‍ പ്രതിഭാശാലിയായ ഒരു സംവിധായകനുമാത്രമേ കഴിയൂ. ഷാജി എന്‍ കരുണിന്റെ പിറവിയെന്ന ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ച അരവിന്ദന്‍ വിരഹവേദനയെ നിശ്ശബ്ദതയിലൂടെ തീഷ്‌‌ണമായി അനുഭവവേദ്യമാക്കിയത്‌ ഇവിടെ കൂട്ടിവായിക്കാം.

എതെങ്കിലും ചലചിത്രസിദ്ധാന്തത്തെയോ ചലചിത്ര വ്യാകരണത്തേയോ പിന്‍പറ്റാത്ത അരവിന്ദന്‍ ചിത്രങ്ങള്‍ അതിന്റെ വിനോദ മുല്യങ്ങള്‍ക്കപ്പുറം ഒരു സര്‍ഗധനനായ കലാകാരന്റെ മാനുഷികവും വൈയക്തികവുമായ ആത്മഭാവങ്ങളുടെ ആവിഷ്‌കാരമാണ്‌്‌്‌്‌. ശബ്‌മുഖരിതമായ ഒരു ചലചിത്ര സംസ്‌കാരത്തെ പിന്‍പറ്റുന്ന നമ്മുടെ നിരൂപകരും സിനിമ പ്രവര്‍ത്തകരും വേണ്ട രീതിയില്‍ അരവിന്ദന്‍ ചിത്രങ്ങളെ വിലയിരുത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്‌. ജോണ്‍ എബ്രഹാമിനെ പോലെ അവകാശികളാരുമില്ലാതിരുന്നതിനാലും തന്റെ ചലചിത്രങ്ങളെപ്പറ്റി പോലും അരവിന്ദന്‍ നിശ്ശബ്ദനായിരുന്നതിനാലുമാണ്‌ ചലചിത്രലോകം അവരവിന്ദനെ പെട്ടെന്ന്‌ വിസ്‌മരിച്ചുപോകുന്നതെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിരീക്ഷണത്തോട്‌ നമ്മുക്കും ഇവിടെ യോജിക്കാം. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭാശാലിയുടെ സൃഷ്‌ടികള്‍ കാലങ്ങള്‍ക്കതീതമാണ്‌. അതുകൊണ്ടു തന്നെ വരും തമമുറയ്‌ക്ക്‌ അരവിന്ദന്‍ ചിത്രങ്ങളെ കാണാതെ കടന്നുപൊകാന്‍ കഴിയില്ല. ഓരോ ചിത്രവും ഒരു ചലചിത്ര ഗ്രന്ഥമാക്കി മാറ്റിയ അരവിന്ദനെ പഠിക്കാതെ ഒരു ചലചിത്ര വിദ്യാര്‍ത്ഥിക്കും മുന്നോട്ടു പോകാനും കഴിയില്ല.

Monday, March 9, 2009

പത്മരാജന്റെ ലോകം

ദൃശ്യവിസ്‌മയങ്ങളുടെ രാജകുമാരന്‍.

വളരെ ഹൃസ്വമായ ജീവിതകാലയളവില്‍ സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച കലാകാരനായിരുന്നു പി. പത്മരാജന്‍. തനിക്കപരിചിതമായ ഒരു ലോകത്തിലൂടെ അലയാന്‍ വിധിക്കപ്പെട്ട തീര്‍ത്ഥാടകനായ എഴുത്തുകാരന്‍. സാഹിത്യത്തിന്റെയും കലയുടെയും സുവര്‍ണ്ണകാലഘട്ടമായ എഴുപതുകളില്‍ എഴുതിത്തുടങ്ങുമ്പോഴേ പത്മരാജനില്‍ നല്ലൊരു കലാകാരനുണ്ടായിരുന്നു. കുറഞ്ഞകാലം കൊണ്ട്‌ വ്യത്യസ്‌തത തേടുന്ന എഴുത്തുകാരന്‍ എന്ന പ്രശസ്‌തി നേടാനായതും ഒരുപക്ഷേ അതുകൊണ്ടാവണം.

നിരര്‍ത്ഥകമാവുന്ന അന്വേഷണങ്ങളും ശൈഥില്യം സംഭവിക്കുന്ന കുടുംബ ബന്ധങ്ങളും മൂശയില്‍ വാര്‍ത്തെടുത്ത്‌ പത്മരാജന്‍ ആസ്വാദകരുടെ മമ്പിലെത്തിച്ചു. അസ്‌ത്രങ്ങളുടെ സ്ഥൂലതയാണ്‌ പത്മരാജന്‍ കഥകള്‍ക്ക്‌. ഉറക്കംവരാത്ത രാത്രികളില്‍ കഥകളുടെ ഈറ്റില്ലമായിരുന്ന ഞവരയ്‌ക്കല്‍ തറവാട്ടില്‍ അമ്മയുടെ മടിയില്‍ കിടന്ന്‌ കഥകള്‍ കേട്ടു വിസ്‌മയിച്ചിരുന്ന കുട്ടിയുടെ മനസ്സുതന്നെയായിരുന്നു പത്മരാജന്‍ എന്ന എഴുത്തുകാരനും. കാല്‍പ്പനികതയുടേയും ആധുനികതയുടേയും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ എഴുത്തിലേക്കുപ്രവേശിച്ചപ്പോഴും അന്നത്തെ കഥാസാഹിത്യത്തിന്‌ അപരിചിതമായ മേഘലകളിലൂടെ സഞ്ചരിക്കാനാണ്‌ പത്മരാജന്‍ ഇഷ്‌ടപ്പെട്ടത്‌. പുതിയ ആശയങ്ങള്‍ക്ക്‌ പുതുകാല ഘട്ടത്തിന്റെ അത്ഥതലങ്ങള്‍ നല്‍കാന്‍ എന്നും മുന്‍പന്തിയിലായിരുന്നു പത്മരാജന്‍. എന്നാല്‍ ആധുനിക തത്വശാസ്‌ത്രം തനിക്കപരിചിതമല്ലെന്ന്‌ തെളിയിക്കുന്ന രചനകളും ആ വിരല്‍ത്തുമ്പുകളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്‌. ചൂണ്ടല്‍, കിഴക്കേയറ്റം, പ്രതിമയും രാജകുമാരിയും. എന്നീ രചനകള്‍ ആധുനികയില്‍ നിന്നു ഉത്തരാധുനികയിലേക്കുള്ള സര്‍ഗധനനായ ഒരെഴുത്തുകാരന്റെ പ്രയാണത്തെ അടയാളപ്പെടുത്തുന്നു.

ശക്തവും ഭാവസാന്ദ്രവുമായ ഭാഷ, അയത്‌നലളിതമായ ശൈലി എന്നിവ പത്മരാജന്‍ കഥകളുടെ പ്രത്യേകതയായി കാണാം. ഇത്‌ അദ്ദേഹത്തിന്റെ സിനിമകളിലും പില്‍ക്കാലത്തെഴുതിയ നോവലുകളിലും പ്രതിഫലിക്കുന്നുണ്ട്‌. നോവലിസ്റ്റായ പത്മരാജന്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതായി അനുഭവപ്പെടുന്നത്‌ കഥാസാഹിത്യത്തിലുള്ള പരിമിതിയാലല്ല, മറിച്ച്‌ വലിയ ക്യാന്‍വാസില്‍ എഴുത്തുകാരന്‌ കൂടുതല്‍ ആവിഷ്‌കാര സ്വാതന്ത്യം ഉള്ളതുകൊണ്ടും അത്‌ വളരെ ഫലപ്രദമായി എഴുത്തുകാരന്‌്‌ അടയാളപ്പെടുത്താനാവുന്നതു കൊണ്ടും കൂടിയാണ്‌്‌. പ്രതിമയും രാജകുമാരിയും, ഉദകപ്പോള, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര ഋതുഭേതങ്ങളുടെ പാരിദോശികം, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ പരുക്കന്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ പക്വതയാര്‍ന്ന ഒരെഴുത്തുകാരന്റെ സൗമ്യവും ദീപ്‌തവുമായ സര്‍ഗ്ഗപ്രയാണമാണ്‌്‌. കോളേജ്‌ കുമാരിയുടെ കൗമാരത്തിന്റെയും ചാപല്യത്തിന്റെയും കഥപറയുന്ന നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ 1974 - ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. അന്ന്‌ പത്മരാജന്‌ വെറും ഇരുപത്തൊന്നു വയസ്സാണ്‌ പ്രായമെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌.

പത്മരാജനിലെ സിനിമാക്കാരന്‍ ഉണരുന്നത്‌ 1972- ല്‍ പ്രയാണം എന്ന ചിത്രത്തിന്‌ തിരക്കഥ എഴുതികൊണ്ടാണ്‌. സ്വന്തം കഥയ്‌ക്ക്‌ ശക്തമായ ഭാഷയില്‍ തിരക്കഥ എഴുതി ഏതുതരം സിനിമയുടേയും ബ്ലൂപ്രിന്ററുകള്‍ തയ്യാറാക്കുന്നത്‌ എഴുത്തുകാരനാണെന്ന്‌ തെളിയിക്കാന്‍ പത്മരാജനു കഴിഞ്ഞു. യഥാര്‍ത്ഥ അനുഭവത്തെ, ജീവിതത്തിന്റെ അസാധാരണമായ നാടകീയതയെ ആവിഷ്‌കിരിക്കാന്‍ സാഹിത്യം മതിയാവില്ല തോന്നലാവണം പത്മരാജനേയും ചലചിത്രത്തിന്റെ മാസ്‌മരികമായ വര്‍ണവൈവിധ്യങ്ങളിലേക്ക്‌ ആകര്‍ഷിച്ചത്‌.

എം. ടിക്ക്‌ ശേഷം ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്തായിരുന്നു പത്മരാജന്‍. ഭരതനുമായി ചേര്‍ന്ന്‌ ഒരുപിടി നല്ല ചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതി പത്മരാജന്‍ വളരെ പെട്ടെന്ന്‌ മലയാള സിനിമയില്‍ ഒരിടം സ്വന്തമാക്കി. മനസ്സില്‍ താലോലിച്ചിരുന്ന സ്വപ്‌നങ്ങള്‍ക്ക്‌ അര്‍ത്ഥതലം തേടിയത്‌ പിന്നേയും നാലഞ്ചുവര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. പകയുടെയും പ്രതികാരത്തിന്റെയും തീപൊള്ളുന്ന കഥ എണ്ണമയമുള്ള വാണിയന്‍ തെരുവിനെ പശ്ചാത്തലമാക്കി, ഭാവസാന്ദ്രമായ ഒരു ഗീതം പോലെ അഭ്രപാളികളില്‍ രചിക്കപ്പെട്ട പെരുവഴിയമ്പലം എന്ന സിനിമയിലൂടെ. ജീവിതത്തിന്റെ രണ്ടറ്റത്ത്‌ നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ നിലവിലുള്ള നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക വഴി, പാത്രസൃഷ്‌ടി സിനിമയുടെ വലിയ ഒരു ഭാഗമാണെന്ന്‌ പത്മരാജന്‍ കുറിച്ചിട്ടു. എന്നാല്‍ പത്മരാജനിലെ സംവിധായകന്‍ പരിലസിച്ചുനില്‍ക്കുന്നത്‌ ഒരിടത്തൊരു ഫയല്‍മാന്‍ എന്ന ചിത്രത്തിലാണ്‌. കല ജീവിതവൃത്തിയായി സ്വീകരിക്കുന്ന കലാകാരന്റെ ഏകാന്തതയും ഭീതിയും നിസ്സംഗതയും ഈ സിനിമയിലൂടെ ദൃശ്യഭാഷയായി. ഒരു കലാകാരന്റെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ചെന്നതുപോലെ ദാമ്പത്യത്തിന്റെ തകര്‍ച്ചെയെകുറിച്ചുമുള്ള സിനിമ കൂടിയാണ്‌ ഒരിടത്തൊരു ഫയല്‍മാന്‍. അന്താരാഷ്‌ട്ര തലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന്റെ സാമ്പത്തിക പരാജയം ഏതൊരു കലാകാരനേയും പോലെ പത്മരാജനേയും വേദനിപ്പിച്ചു. സാമ്പത്തിക ഭദ്രതയുള്ള ചിത്രത്തിന്റെ സംവിധായകനെ സിനിമാ വ്യവസാത്തില്‍ പിടിച്ചുനില്‍ക്കാനാവൂ എന്ന കണ്ടെത്തലാവണം സമാന്തര സിനിമ എന്ന സങ്കല്‍പ്പത്തിലേക്ക്‌ പത്മരാജനേയും തള്ളിയിട്ടത്‌. എങ്കിലും കൂടുതല്‍ ജനങ്ങള്‍ കാണുന്ന സിനിമ നല്ല സിനിമ എന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക്‌ തെന്നി വീഴാതെ, മധ്യവര്‍ത്തി സിനിമകളില്‍ തന്റേതായ ഒരു പാത വെട്ടിയുണ്ടാക്കാനുള്ള ശ്രമം അദ്ദേഹം നടത്തുകയും അതില്‍ ഒരുപരിധിവരെ വിജയിക്കുകയും ചെയ്‌തു. എഴുത്തുകാരനില്‍ നിന്നും ചലചിത്രകാരനായി വളര്‍ന്നപ്പോള്‍ ആശയത്തിലുള്ള ന്യൂനത തിരുത്തുന്നതില്‍ പത്മരാജന്‍ ശ്രദ്ധാലുവായിരുന്നു. മധ്യവര്‍ത്തി സിനിമകളുടെ വക്താക്കളായിരുന്നു കെ. ജി. ജോര്‍ജും ഭരതനും മോഹനും മുഖ്യധാരയിലേക്ക്‌ ചാഞ്ഞുനിന്ന്‌ വിപണിയുടെ സമവാക്യങ്ങളുമായി സമരസപ്പെടുപ്പോഴും കലാമൂല്യം സിനിമയില്‍ നിലനിര്‍ത്താന്‍ പത്മരാജന്‌ മാത്രമേ കഴിഞ്ഞുള്ളൂ. എക്കാലത്തും അസ്വാദകരെ നിരാശപ്പെടുത്താത്ത ചിത്രങ്ങള്‍ പരിമിതികള്‍ക്കകത്തുനിന്ന്‌ നിര്‍മ്മിക്കാനുള്ള പാടവത്തെ ഒത്തുതീര്‍പ്പിനൊരുങ്ങാത്ത ഒരു കലാകാരന്റെ ആത്മസമര്‍പ്പണത്തിന്റെ കലയായി പത്മരാജന്‍ മാറ്റി എഴുതുകയായിരുന്നു തന്റെ സിനിമാ ജീവിതത്തിലൂടെ.

മലയാള സിനിമയുടെ വസന്തകാലമായി പൂത്തു നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ പത്മരാജന്റേതായി പുറത്തുവിടുന്നുണ്ട്‌‌. മറക്കാനാകാത്ത കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ചിത്രങ്ങള്‍. നൈസര്‍ഗ്ഗികമായ കഴിവ്‌ ഉപയോഗപ്പെടുത്തി സൃഷ്‌ടികളെ അസാദൃശൃമാക്കി നിര്‍ത്താന്‍ എല്ലാ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചതായി കാണാം. പ്രമേയത്തിലുള്ള വൈവിധ്യം മാത്രമല്ല, ആശയാനുസൃതമായി പശ്ചാത്തലത്തെ വിന്യസിക്കാനും പാത്രസൃഷ്‌ടികളില്‍ വ്യത്യസ്‌തത പുലര്‍ത്താനുമുള്ള ശ്രമങ്ങള്‍ മറ്റു സിനിമകളില്‍ നിന്ന്‌ പത്മരാജന്‍ ചിത്രങ്ങളെ വ്യക്തിരിക്തമാക്കുന്നു.

പ്രണയത്തിന്റെ അനന്തമായ സാധ്യതകള്‍ പത്മരാജന്റെ ചിത്രങ്ങളെ ഭാവുകത്വത്തിന്റെ പുതിയ തലത്തിലേക്കുയര്‍ത്തി. പ്രണയവും മഴയും ഇഴപിരിയാതെ ദൃശ്യവല്‍ക്കരിച്ച തൂവാന തുമ്പികള്‍ മലയാളിയുടെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോകുതെങ്ങിനെ? മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും പശ്ചാത്തലമാക്കി രചിച്ച നമ്മുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. സ്വവര്‍ഗ്ഗാനുരാഗത്തെ രതിയുടേയും അശ്ലീലതയുടേയും നൂല്‍പ്പാലത്തിന്റെ നേരിയ അതിര്‍വരമ്പുകളിലൂടെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല മനോഹരമായ ഒരു കവിതപോലെ ഹൃദ്യമാണ്‌. സാമുഹിക വ്യവസ്‌ഥിതികള്‍ക്കകത്തുനിന്ന്‌ ചെറുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട ഇനിയും എത്രയെത്ര ചിത്രങ്ങള്‍?

ഒരു കലാകാരന്‍ പുതിയ പരീക്ഷണങ്ങളിലൂടെയാണ്‌ കലയില്‍ കലാപം നടത്തുക. ഇത്തരം ഒരു വലിയ പരീക്ഷണമായിരുന്നു പത്മരാജന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍. കാലത്തിന്റെ കവചകുണ്‌ഢലങ്ങളണിഞ്ഞ്‌ വശ്യതയുടെ കടുംഛായങ്ങള്‍ ചുണ്ടില്‍ തേച്ചുപിടിപ്പിച്ച്‌ രാവുകളുടെ ഏകാന്തയാമങ്ങളില്‍ പ്രണയഗീതികള്‍ക്ക്‌ ചെവിടോര്‍ത്തലയുന്ന ഗന്ധര്‍വ്വസങ്കല്‍പ്പത്തെ പാടെ പൊളിച്ചെഴുതി മാനുഷികവികാരങ്ങള്‍ക്കടിമപ്പെടുകയും മനുഷ്യന്റെ പരിമിതികളേയും ബലഹീനതകളേയും സ്‌നേഹിക്കുകയും ചെയ്യുന്ന ആധുനിക ഗന്ധവ്വസങ്കല്‍പ്പത്തിലേക്കുയര്‍ത്തിയ ഈ ചിത്രം കലാമൂല്യം നിലനിറുത്തിയതുകൊണ്ടുതന്നെ ഫാന്റസിയെ ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തിയ ആദ്യത്തെ മലയാള സിനിമകൂടിയായിരുന്നു.

മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു സംവിധായകനായിരുന്നു പത്മരാജന്‍. മനുഷ്യാവസ്ഥകളുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക്‌ ക്യാമറയെ തുറന്നുപിടിച്ച കലാകാരന്‍. ഗ്രാമീണതയുടേയും നാഗരികതയുടേയും അളിഞ്ഞ മുഖങ്ങളിലൂടെ, മനുഷ്യാവസ്ഥയുടെ ഇരുട്ടുവീണ ഇടനാഴിയിലൂടെ ജീവിതത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍.

തന്റേതായ ഒരു പന്ഥാവിലൂടെ കഥ പറയുകയും ജീവിതത്തിന്‌ ദൃശ്യഭംഗി നല്‍കുകയും ചെയ്‌ത്‌ ഗന്ധവ്വലോകത്തേക്കൊരുനാള്‍ വിടവാങ്ങിയ പത്മരാജന്റെ സ്ഥാനം മലയാള സിനിമയില്‍ ഇന്നും ഒഴിഞ്ഞുകിടക്കയാണ്‌. പത്മരാജന്‍ തന്റെ കഥകളിലൂടെയും സിനിമകളിലൂടെയും സൃഷ്‌ടിച്ചെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരികതയുടെ വര്‍ണ്ണവിന്യാസങ്ങള്‍ എന്നും മലയാള പ്രേക്ഷകന്റെ മനസ്സില്‍ ഗൃഹാതുരതയായി പടര്‍ന്നു കിടക്കും. പറയാന്‍ ബാക്കിവെച്ച കഥകളുടെ നൊമ്പരങ്ങളുമായി കാലത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ പത്മരാജന്‍ കടുപോയിട്ട്‌ പതിനെട്ടുവര്‍ഷം കടന്നുപോയിരിക്കുന്നു.

Saturday, October 25, 2008

ഭയം

ഭയം
ഉണങ്ങാനിട്ട ശവക്കച്ച പോലെ
ഇരുട്ട്‌ മാനമിറങ്ങി വരുന്നു
പേപിടിച്ചൊരു വറുതിക്കാറ്റ്‌
ഗതികിട്ടാത്മാവു പോലെ
പാഞ്ഞു പോകുന്നു
അവസാനത്തെ ബസും പോയിക്കഴിഞ്ഞു
ജാരന്മാര്‍ പതുവു പോലെ
ആല്‍ത്തറയില്‍ഇരുപ്പുറപ്പിച്ചിട്ടുണ്ട്‌.
ഇരുട്ടു ഗ്രസിച്ച മനസ്സോ
ഒറ്റുകാരായ കാലടികളോ
ആരാണ്‌ ഉള്ളിലിരുന്ന്‌ നിലവിളിക്കുന്നത്‌?
വീട്ടിലേക്കുള്ള പത്തടി ദൂരം
ഒരു കടല്‍ പോലെ നിവര്‍ന്നു കിടക്കുന്നു
ഇരുള്‍മുടിക്കെട്ടു പിളര്‍ന്നു
മന്ദഹാസം ചുണ്ടിലണിഞ്ഞ്‌
ചന്ദ്രന്‍ വരാതിരിക്കില്ല
കടല്‍ വരയ്‌ക്കുന്നിടത്തെല്ലാം
പ്രതീക്ഷയുടെ ഒരു ചന്ദ്രബിംബം
ആരൊ കരുതിവെയ്‌ക്കാറുണ്ടല്ലോ.

Saturday, August 23, 2008

ചിതലരിക്കാത്ത ഒരേട്‌


ചിതലരിക്കാത്ത ഒരേട്‌


ഓണക്കാലത്തെ കാറ്റിനോടൊപ്പം മനസ്സിലേക്ക്‌ ഇരച്ചെത്തുന്ന ഓരോര്‍മയാണ്‌ എനിക്ക്‌ ശ്രീധരന്‍. കുത്തരിച്ചോറിന്റെയും അവിയലിന്റെയും അടപ്രഥമന്റെയും മെഴുകുപുരട്ടിയുടെയും സ്വാദോടെയല്ല, ചോരപുരണ്ട ഒരു നാക്കിലയുടെ ഓര്‍മ്മയായിട്ടാണ്‌ അവന്‍ കടന്നു വരിക.
ശ്രീധരനെ എല്ലാവരും വിളിച്ചിരുത്‌ ബാബു എന്നായിരുന്നു. ഒരേ സ്‌കൂളിലാണ്‌ പഠിച്ചിരുന്നതെങ്കിലും ഞങ്ങള്‍ ഒരേ ക്ലാസിലായിരുില്ല. നിത്യവും കാണാറുണ്ടായിരുന്നെങ്കിലും പരിചയക്കാരുമായിരു്‌ന്നില്ല. ചൂടേറിയ ഒരു സിനിമാ ചര്‍ച്ചയിലൂടെയാണ്‌ ഞാനും ബാബുവും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്‌‌. എന്നോ നഷ്‌ടമായ കൂട്ടുകാരനെ തിരിച്ചു കിട്ടിയ അനുഭൂതിയായിരുന്നു എനിക്ക്‌. സമപ്രായക്കാരായിരുന്നു ഞങ്ങളെങ്കിലും പക്വത വന്ന കാരണവരെ പോലെയാണ്‌ ബാബു സംസാരിക്കുക. അതില്‍ സാഹിത്യം, സംഗീതം, സിനിമ തുടങ്ങി കൗമാരജിഞ്‌ജാസയുണര്‍ത്തു ഇക്കിളിക്കഥകളും അടങ്ങിയിരിക്കും.
അപേക്ഷകള്‍ പൂരിപ്പിച്ചുകൊടുക്കുക, ഇലക്‌ട്രിസിറ്റി ബില്ലടക്കുക തുടങ്ങിയ ജോലികള്‍ മറ്റുള്ളവര്‍ക്ക്‌ ചെയ്‌തുകൊടുക്കുതുകൊണ്ട്‌ ആ പരിസരത്തെ പാവപ്പെട്ട വീട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു, ബാബു.
ഓണപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങുമ്പോള്‍ ഞങ്ങള്‍ ബാബുവിനു ചുറ്റം കൂടുക പതിവാണ്‌. അവന്റെ വീട്ടില്‍ അന്ന്‌ നല്ലൊരു സദ്യയുണ്ടാകും. മുറ്റത്ത്‌ വലിയ പന്തലിട്ട്‌്‌ ഇരുന്നൂറിലേറെ പേരെ ക്ഷണിച്ചുകൊണ്ടാണ്‌ ബാബു ഓണം ആഘോഷിച്ചിരുന്നത്‌. ഞങ്ങളുടെ ഗ്രാമം ഓണത്തെ അറിഞ്ഞത്‌ ബാബുവിലൂടെയായിരന്നുുവെന്ന്‌ പറയാം. സദ്യവട്ട`ങ്ങള്‍ കഴിഞ്ഞുള്ള ബാബുവിന്റെ ചിലവിലുള്ള മോഹന്‍ലാലിന്റെ സിനിമയായിരുന്നു യഥാര്‍ത്ഥത്തില്‍ അക്കാലത്തെ ഞങ്ങളുടെ ഓണാഘോഷം. ബാബു മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു.
ഡിഗ്രി കഴിഞ്ഞുള്ള വിദ്യാര്‍ത്ഥി ജീവിതത്തിന്റെ അരക്ഷിതത്വ കാലത്ത്‌ അവന്‍ കൂടെയുള്ളതായിരുന്നു ഞങ്ങള്‍ നാലഞ്ചാളുകളുടെ ഏക ആശ്വാസം. വിരസമായ സായന്തനങ്ങളെ അവന്‍ പാട്ടപാടിയും കഥപറഞ്ഞും അവിസ്‌മരണീയമാക്കും. പുരനിറഞ്ഞു നില്‍ക്കു പെകുട്ടികള്‍ക്ക്‌ വരനെ തേടുന്ന തിടുക്കത്തോടെ വീട്ടുകാര്‍ എനിക്ക്‌ വിസ അന്വേഷിച്ച്‌ കൊണ്ടിരിക്കുന്ന കാലം. ഒട്ടേറെ അന്വേഷണങ്ങള്‍ക്കും കാത്തിരിപ്പുരിപ്പുകള്‍ക്കുമൊടുവില്‍ വീട്ടുകാര്‍ എനിക്കും പ്രവാസത്തിലേക്ക്‌ ഒരു ടിക്കറ്റ്‌ കണ്ടെത്തി. കല്ല്യാണാനന്തരം മറ്റൊരു വീട്ടിലേക്കും മറ്റൊരാളുടെ ജീവിതത്തിലേക്കും കടുചെല്ലു കല്ല്യാണപെണ്ണാണ്‌ യഥാര്‍ത്ഥത്തില്‍ ഓരോ പ്രവാസിയും. വ്യത്യസ്‌തമായൊരു സംസ്‌കാരത്തില്‍ പുലരുന്ന മറ്റൊരു ദേശത്തേക്കാണ്‌ അവന്റെ ചങ്കിടിപ്പോടെയുള്ള യാത്ര. കരിപ്പൂരില്‍ നിന്ന്‌ ജിദ്ദയിലേക്ക്‌ യാത്രതിരിക്കുമ്പോള്‍ കൂട്ടുകാരെ പിരിയുതായിരുന്നു ഏറ്റവും വലിയ സങ്കടം.
'നീ പോയി നായി വാടാ. എന്നിട്ട്‌ ഞങ്ങള്യൊക്കെ അങ്ങ`്‌ കൊണ്ടു പോ........'
യാത്രയാക്കാന്‍ വപ്പോള്‍ ചുമലില്‍ തട്ടി ബാബു ആശ്വസിപ്പിച്ചു. ദീര്‍ഘയാത്രയുടെ വെപ്രാളത്തിനിടയിലും അവന്‍ ആരും കാണാതെ കണ്ണുകള്‍ തുടക്കുത്‌ ഞാന്‍ കണ്ടു.
പ്രവാസം പതുക്കെ ജീവിതത്തെ മറ്റൊരു തുരുത്തിലേക്ക്‌ അടുപ്പിച്ചപ്പോള്‍ നാടും കൂട്ടുകാരും ചില്ലിട്ടുവെച്ച പഴയാരു ഓര്‍മയായി മാറി. കണ്ണാടിമറയ്‌ക്കപ്പുറത്ത്‌ കരയുകയും ആവലാതിപ്പെടുകയും ചെയ്യുന്നവരുടെ ലോകത്തുനിന്ന്‌ പ്രലോഭനമെറിയുന്ന നാടിന്റെ പച്ചപ്പിനൊപ്പം ബാബുവിന്റെ തമാശകളും ഇടയ്‌ക്ക്‌ പ്രവാസജീവിതത്തിലേക്ക്‌ എത്തിനോക്കാറുണ്ടായിരുന്നു.
ഒരു ദിവസം ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്‌ അപ്രതീക്ഷിതമായി സുഹൃത്തായ റഹീം കയറി വന്നു. വന്നാലുടനെ സാധാരണ അവന്‍ സന്തോഷത്തോടെ ഒരു സിഗരറ്റെടുത്ത്‌ നീട്ടുകയാണ്‌ പതിവ്‌. എന്നാല്‍ അന്ന്‌ അവന്റെ മുഖം മ്ലാനമായിരുന്നു.
'നമ്മടെ ബാബുവിന്‌ തീരെ സുഖോല്ല. രക്ഷപ്പെടൂലന്നാ എല്ലാരും പറേണേ. കൂടി കൊറച്ചു കാശ്‌ എല്ലാര്‍ക്കും കൂടി അയച്ചുകൊടുക്കാം. അല്ലാതെ നമ്മളിപ്പോ എന്താ ചെയ്യാ?'
ഒട്ടു നേരത്തെ മൗനത്തിനൊടുവില്‍ അവന്‍ പറഞ്ഞു.
കേട്ടതുവിശ്വസിക്കാനാവാതെ ഞാന്‍ തരിച്ചു നിന്നു.
'എന്താ ബാബുവിന്‌ അസുഖം?'
'ക്യാന്‍സറാണത്രേ. ബോണ്‍ ക്യാന്‍സറാണെന്നാ എല്ലാരും പറേണത്‌. രക്ഷപ്പെടൂലത്രേ'
ആ വാര്‍ത്ത കേട്ട്‌ ആകെ തളര്‍ന്നു പോയി. യാഥാര്‍ത്ഥ്യം മുന്നില്‍ കരിനാഗം പോലെ പത്തിവിടര്‍ത്തുമ്പോഴും ഒരാശ്വാസത്തിനായി ചില പ്രതീക്ഷകളിലേക്കുള്ള പിടിവള്ളികള്‍ തേടുകയായിരുന്നു മനസ്സ്‌. ഡോക്‌ടര്‍ക്ക്‌ തെറ്റുപറ്റിയതാവാം. അല്ലെങ്കില്‍ റഹിം കേട്ടത്‌ സത്യമല്ലായിരിക്കാം. സംശയത്തിന്റെ അനുകൂല്യത്തില്‍ ബാലു ഒരു ദിവസം നിത്യജീവിതത്തിലേക്ക്‌ തിരിച്ചു വരാം. പക്ഷേ ഒരുനാള്‍ സത്യത്തെ ആര്‍ക്കും നേരിടാതെ വയ്യല്ലോ.
ബസില്‍ യാത്ര ചെയ്യുമ്പോള്‍ മുഖം കമ്പിയിലിടിച്ചാണ്‌ അവന്റെ അസുഖം ആദ്യമായി പുറത്തുവന്നത്‌. കവിളെല്ലില്‍ ആദ്യം നീരുവന്നു ചീര്‍ത്തു. രണ്ടാഴ്‌ച മരുന്നു കഴിച്ചിട്ടും ഭേതമായില്ല. സംശയം തോന്നി സാമ്പിളുകള്‍ ഡോക്‌ടര്‍ തിരുവനന്തപുരത്തേക്ക്‌ പരിശോധനയ്‌ക്കയച്ചു. ഓരാഴ്‌ചയ്‌ക്ക്‌ ശേഷം മരണം മുദ്രയടിക്കപ്പെട്ട കവറില്‍ രോഗം സഥിരീകരിച്ച റിപ്പോട്ടു വന്നു.
ആദ്യമായി നാട്ടിലേക്ക്‌ പോകാന്‍ അനുവാദം ലഭിച്ചപ്പോഴും വലിയ സന്തോഷം തോന്നിയില്ല. ബാബുവിനെ കാണാന്‍ ഭയമായിരുന്നു. അവസാനമായി ഓര്‍മ്മയില്‍ അവശേഷിക്കുന്നത്‌ അവന്റെ കീമോതെറാപ്പി കഴിഞ്ഞ്‌ വികൃതമായ മുഖമാവാന്‍ എന്തുകൊണ്ടോ ആഗ്രഹിച്ചില്ല.
നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞാണ്‌ ബാബുവിനെ തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും കൊണ്ടുവന്നത്‌. നിരന്തരമായ റേഡിയേഷനുകളും കീമോതെറാപ്പിയും ഏറ്റുവാങ്ങിയ ശരീരം നനഞ്ഞ തുണിക്കെട്ടുപോലെ ജീവച്ഛവമായിരുന്നു. അവന്റെ കുസൃതി വിളങ്ങിയിരുന്ന ഇടതു കണ്ണിന്റെ സ്ഥാനത്ത്‌ ആരെയും ഭയപ്പെടുത്തികൊണ്ട്‌ ഒരു കുഴി മാത്രം അവശേഷിച്ചു. ഒരു പേടിസ്വപ്‌നത്തിലെന്നപോലെ അമ്പരുന്ന നില്‍ക്കു എന്നെ അവന്‍ ഏറെ നേരം നോക്കി നിന്നു.അവന്റെ കണ്ണില്‍ നിന്ന്‌ കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. പഴയ ഓര്‍മ്മകളെ അവന്‍ കണ്ണീര്‍കൊണ്ട്‌ കഴുകി വൃത്തിയാക്കുകയാണെന്നു‌ തോന്നി. എനിക്ക്‌ ശബ്‌ദിക്കാനായില്ല. വാക്കുകള്‍ കൂടൊഴിഞ്ഞുപോയി അനാഥനാകുന്ന ജീവിതത്തിലെ ചില ഭീകരമായ നിമിഷങ്ങളായിരുന്നു അത്‌.
അവനെന്നോട്‌ എന്തോ പറയാന്‍ ശ്രമിക്കുുണ്ടായിരുന്നു. വികൃതമായി തെിപ്പോകുന്ന അവന്റെ ചുണ്ടുകളില്‍ നിന്ന്‌ വാക്കുകള്‍ ഒരിക്കലും സ്വതന്ത്രമായില്ല. അസ്‌പഷ്‌ടമായ ചില ശബ്‌ദങ്ങള്‍ മാത്രം അവന്‍ തുപ്പിക്കളഞ്ഞു. നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചിട്ടും മനസ്സിലാകാതെ വപ്പോള്‍ അവന്‌ ക്രമേണ ദേഷ്യം വന്നു. പിന്നെ ഭ്രാന്തമായ ചലനങ്ങളോടെ അവന്‍ ഒച്ചയുയര്‍ത്തി എന്നെ ശകാരിക്കാന്‍ തുടങ്ങി. ഞാനെന്തോ പറഞ്ഞ്‌ പ്രകോപിപ്പിച്ചെു കരുതി അവന്റെ വീട്ടുകാര്‍ എന്നെ വലിച്ചു പുറത്താക്കി വാതിലടച്ചു. നിശ്ശബ്‌ദനായി കരയാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.
നാലഞ്ചുനാള്‍ കഴിഞ്ഞുള്ള ഒരു പ്രഭാതം. മരിച്ചവരുടെ ആത്മവിലാപം പോലെ മഴ പതിഞ്ഞ ശബ്‌ദത്തില്‍ പെയ്യുുണ്ടായിരുന്നു. ഉറക്കച്ചടവോടെ എഴുന്നേറ്റ്‌ പല്ലു തേയ്‌ക്കാന്‍ കിണറ്റിനരികിലേക്ക്‌ നടപ്പോള്‍ പാടവരമ്പിലൂടെ അയല്‍പക്കത്തെ സ്‌ത്രീകളും കുട്ടികളും ബാബുവിന്റെ വീട്ടിലേക്ക്‌ പോകുന്നതു കണ്ടു. ഒരു നടുക്കം എന്റെ ഹൃദയത്തില്‍ കൊളുത്തി വലിച്ചു. ആധിയോടെ മുഖമുയര്‍ത്തിയപ്പോള്‍ ഉമ്മ പറഞ്ഞു.
'അന്റെ ചങ്ങായി ബാബു ഇന്നലെ അന്തിക്ക്‌ മരിച്ചു. മയ്യത്ത്‌ ആശൂത്രീന്ന്‌‌ കൊണ്ടന്നിറ്റുണ്ട്‌.........'
ഒരു നിലവിളി എന്റെ നെഞ്ചില്‍ ചിറകടിച്ചു.
പത്തു വര്‍ഷങ്ങള്‍ ഒരു വിഭ്രാന്തിപോലെ കടന്നു പോയിരിക്കുന്നു. ഇന്നും ഓരോ ഓണവും മഴയില്‍, ഒരു ഗ്രാമം മുഴുവന്‍ വിതുമ്പിക്കരഞ്ഞ മഴയില്‍, നിലത്തുവിരിച്ച വാഴയിലയിലെ ശ്രീധരന്റെ ജഡത്തിന്റെ ഭീകരമായ ദൃശ്യവുമായി കടന്നു വരുന്നു, അവസാനമായി അവന്‍ പറയാന്‍ വാക്കിവെച്ച ചോദ്യമെന്തായിരുുവെന്ന വേദന സമ്മാനിച്ചുകൊണ്ട്‌.

Tuesday, August 19, 2008

ഒരു വിലാപഗാഥ

ഒരു വിലാപഗാഥ
പട്ടുചേലചുറ്റി
നെറ്റിയില്‍ അഞ്‌ജനമെഴുതി
ഒരു പൈങ്കിളിപ്പെണ്ണായ്‌
‌കവിയരങ്ങില്‍ കവികള്‍
അവളെ
അണിയിച്ചൊരുക്കി.
രാഷ്‌ടീയക്കോടിയില്
‍നിറങ്ങള്‍ മാറ്റിയെഴുതിയ ചിലര്‍
അവളുടെ മേനിയിലൂടെ
പുഴുക്കളായി അരിച്ചു നടന്നു.
കിലുകിലാരവത്തോടെ
ചാനല്‍പക്ഷികള്
‍ആത്മാവു ചതഞ്ഞ ഉടലിന്‌
പുതിയ നിറം ചാര്‍ത്തി
സായുജ്യമടഞ്ഞു.
മണല്‍ത്തിരുടന്മാര്‍
അവളുടെ മേദസ്സത്രയും
തീന്മേശയില്‍രുചിച്ചു
ഏമ്പക്കം വിട്ടെഴുന്നറ്റു
ഉരുളന്‍കല്ലുകള്‍ക്ക്‌
അടയിരുന്ന്‌
വിലാപങ്ങള്‍ വറ്റിച്ചകണ്ണീരുറഞ്ഞ്‌,
അടയാഭരണ ഭാരമൊഴിഞ്ഞ
ശരീരരോഷ്‌മാവിന്റെ നീറ്റലറിഞ്ഞ്‌,
വലിച്ചെറിഞ്ഞ സിറിഞ്ചുപോല്‍
അനാഥയായ്‌ പുഴ നീണ്ടു നിവര്‍ന്നു കിടന്നു,
ഹൃദയംകൊടുത്തവരൊക്കെ
വേദന മറുവാക്കില്‍ തിരിച്ചു നല്‍കിയ
വ്യഥയാല്‍ നീറിനീറി,
പൊക്കിള്‍കൊടിയറ്റകുഞ്ഞിന്റെ
നിസ്സഹായതയില്‍ഒരാത്മകഥയെഴുതി
നിര്‍വൃതിയടയാന്‍മോഹിച്ചു
മാഞ്ഞു പോകുന്നതും കാത്ത്‌. .

Tuesday, July 29, 2008

ഇലകള്‍

ഇലകള്‍

വാട്ടിയ പച്ചിലയില്
‍ശര്‍ക്കര ഉപ്പേരിയും
കടുക്‌ വരട്ടിയും
പൊതിഞ്ഞുകെട്ടിവെയ്‌ക്കും
അമ്മ
നാക്കിലവിരിച്ച്‌
ഉച്ഛിഷ്‌ടം കാത്തുകാത്തിരുന്ന്‌
ഉറക്കമിളച്ചിരിക്കും
അവള്
‍ആത്മാവിനെ
ഒരു പിടി ചോറിലേക്ക്‌ കുടിയിരുത്തി
ദര്‍ഭമോതിരം വിരലിലണിഞ്ഞ്‌
ബലിക്കാക്കകളെ നോക്കും
അവന്
‍ഞാനോ
ഒരു പൊതിയിലയിലേക്ക്‌
ജീവനെ ആവാഹിച്ച്‌
ഉടഞ്ഞുവീഴുന്ന കണ്ണൂനീരാകും
ഇലകള്
‍ജനനത്തിനും മരണത്തിനുമിടയിലെ
ജീവിതമാകുതങ്ങനെയാണ്‌.
(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്‌)

Saturday, June 28, 2008

പൗലോ കൊയ്‌ലോ - അഭിമുഖം



പൗലോ കൊയ്‌ലോ കാത്തിരിക്കുന്നു;

ഒരു വെളളത്തുവല്‍ കണികാണുംവരെ.

പൗലോ കൊയ്‌ലോ / വലേറി റൈസ്‌

ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്ക്‌ ആല്‍ക്കമിസ്റ്റ്‌ ഉള്‍പ്പെടെ പതിനാലോളം ലോക പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവായ പൗലോ കൊയ്‌ലോയോട്‌ ചോദിക്കുവാനുള്ളത്‌ എന്തായിരിക്കും? ഈജിപ്തിലെയും സ്വീഡനിലേയും സ്പെയിനിലെയും ഇറാനിലെയും ആരാധകര്‍ കത്തു വഴിയും ഇമെയില്‍ വഴിയും ചോദിങ്ങളുമായി അദ്ദേഹത്തെ നിരന്തരം സമീപിക്കുന്നു.

തീര്‍ച്ചയായും വൈവിധ്യങ്ങളായ ആശയങ്ങള്‍ പൗലോ കൊയ്‌ലോ കണ്ടെടുക്കുന്നത്‌ എവിടെ നിന്നാണെന്നാവും അവരുടെ ആദ്യത്തെ ചോദ്യം. ലോകത്തെവിടെയുമുള്ള ആസ്വാദകരുടെ ആത്മാവിനെ ഓരേ രീതിയില്‍ തൊടുന്ന തരത്തില്‍ ആത്മാവിഷ്കാരം നടത്തുന്ന പൗലോ കൊയ്‌ലയുടെ പുസ്തകങ്ങള്‍ 65 ലേറെ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌. ചില നിരൂപകര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പള്‍പ്പ്‌ സാഹിത്യമെന്ന്‌ പുച്ഛിച്ചു തള്ളുന്നു. എന്നാല്‍ വായനക്കാര്‍ക്ക്‌ അത്തരം വിവേചനങ്ങളില്ല. നൂറ്റിയമ്പത്‌ രാജ്യങ്ങളിലായി ഒന്‍പത്‌ കോടിയോളം പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള ഏറ്റവും ജനപ്രിയനായ എഴുത്തുകാരനാണ്‌ പൗലോ കൊയ്‌ലോ.59 കാരനായ ഈ എഴുത്തുകാരന്റെ "ദ വിഞ്ച്‌ ഓഫ്‌ പോര്‍ട്ട്ബെല്ലോ" (പോര്‍ട്ടു ബെല്ലോയിലെ മന്ത്രവാദിനി) എന്ന ഏറ്റവും പുതിയ നോവലിനെക്കുറിച്ച്‌ സംസാരിക്കാന്‍ ഒരിക്കല്‍ക്കൂടി പാരീസിലെത്തിയ എന്നോട്‌ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
ചോദ്യം:മന്ത്രവാദിനികളെക്കുറിച്ച്‌ ഒരു നോവലെഴുതാനുള്ള ചിന്തകള്‍ എങ്ങനെയാണുണ്ടായത്‌?
ഉത്തരം: ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു വിഷയമാണ്‌ ദൈവത്തിന്റെ സ്ത്രൈണഭാവം. പ്രധാന മതങ്ങളെല്ലാം ദൈവത്തിന്റെ സ്ത്രൈണതയെ നിരാകരിക്കുന്നുവയാണ്‌. എന്നാല്‍ ദൈവവചനങ്ങള്‍ പരിശോധിച്ചാല്‍ ഈ സ്ത്രൈണതലം നമ്മുക്ക്‌ ബോധ്യമാകും. ദൈവത്തിന്റെ ഈ സ്ത്രൈണഭാവത്തെ പ്രകൃതിയുടെ സ്ത്രൈണതയുമായി കൂട്ടിയോജിപ്പിക്കുകയായിരുന്നു ഞാന്‍. മതപരമായ വിശ്വാസങ്ങളും പ്രകൃതിയുടെ യഥാര്‍ത്ഥ സ്ത്രൈണ ഭാവവും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പുതിയ നോവലിന്റെ ആശയം. അസാധാരണമായ ആത്മീയ സിദ്ധികളുള്ളവരെ കുറിച്ചാണ്‌ “ദ വിഞ്ച്‌ ഓഫ്‌ പോര്‍ട്ട്‌ ബെല്ലോ“ എന്ന നോവല്‍. അവര്‍ പെട്ടെന്ന്‌ സമൂഹത്തില്‍ മദ്രവാദിനികളായി മുദ്രകുത്തപ്പെടും. ആത്മീയ സിദ്ധിയുള്ളവര്‍ സാമൂഹ്യബോധത്തെ കുറ്റപ്പെടുത്തുന്നവരല്ല, പിന്നെയോ ജീവിതത്തെ ധീരമായി നേരിടുന്നവരാണ്‌. അതിലൂടെ ആനന്ദവും സ്നേഹവും കണ്ടെത്തുന്നവരാണ്‌.
ചോദ്യം: ഈ പുസ്തകത്തില്‍ ലോകത്തിലെ എല്ലാ സ്ത്രീകളും ആത്മീയ സിദ്ധിയുള്ളവരാണെന്നു ഒരു കഥാപാത്രം പറയുന്നുണ്ടല്ലോ. അത്‌ എത്രമാത്രം ശരിയാണ്‌?
ഉത്തരം: പുരുഷനേക്കാള്‍ വളരെ ഉയര്‍ന്ന ആത്മീയബോധമുള്ളവരാണ്‌ സ്ത്രീകള്‍. ആറാമിന്ദ്രീയമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലെ ഈ സവിശേഷ ഭാവം ദൈനംദിന ജീവിതത്തിലെ ചില കുരുക്കുകളില്‍ പെട്ട്‌ അധികമാരും തിരിച്ചറിയുന്നില്ല. നമ്മുടെ സമൂഹമാകട്ടെ അത്‌ അംഗീകരിക്കാന്‍ കൂട്ടാക്കുകയുമില്ല. ആത്മീയ സിദ്ധികളെ യാഥാര്‍ത്ഥ്യമായി നമ്മുക്ക്‌ കാണാന്‍ കഴിയുന്നില്ല. നമ്മള്‍ ചെയ്യേണ്ടത്‌ സ്ത്രീകളുടെ ഈ ആത്മീയ സിദ്ധിയെ കുറേക്കൂടി വളര്‍ത്തികൊണ്ടുവരികയാണ്‌. വ്യക്തികളുടെ സ്വതന്ത്രമായ ആത്മീയാന്വേഷണങ്ങള്‍ക്ക്‌ കൂറേക്കൂടി സൗകര്യം ഉണ്ടാക്കികൊടുക്കേണ്ടതുണ്ട്‌.
ചോദ്യം:ദൈവത്തിന്റെ സ്ത്രൈണഭാവത്തെ എന്തുകൊണ്ടാണ്‌ മനുഷ്യര്‍ ഭയക്കുന്നത്‌?
ഉത്തരം: ദൈവത്തിന്റെ സ്ത്രൈണത കൂടുതല്‍ സ്നേഹത്തെ ആവശ്യപ്പെടുമെന്നുള്ളതുകൊണ്ട്‌. മനുഷ്യര്‍ കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കാന്‍ തയ്യാറല്ല. സ്നേഹം ജീവിതത്തിനുമേലുളള നമ്മുടെ നിയന്ത്രണം ഇല്ലാതാക്കുമെന്നും അപരിചചിതമായ വഴിയിലേക്ക്‌ നമ്മെ നയിക്കുമെന്നും ഓരോ മനുഷ്യനും ഭയക്കുന്നു.
ചോദ്യം:എന്തുകൊണ്ടാണ്‌ സ്നേഹം സ്വീകരിക്കാന്‍ കഴിയാത്തവിധം ക്ലേശകരമായി നമ്മുക്ക്‌ തോന്നുന്നത്?സ്നേഹമാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വൈയക്തിക ഭാവം. അതിന്‌ നമ്മെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കാന്‍ മാത്രം ശക്തിയുണ്ട്‌. സ്നേഹം എപ്പോഴും സ്വര്‍ഗത്തിലേക്ക്‌ നയിക്കുന്ന ഒന്നാണെന്നല്ല അതിന്റെ അര്‍ത്ഥം. അതൊരു ദിവാസ്വപ്നം പോലെയാണ്‌. പക്ഷേ സ്നേഹം എപ്പോഴും സഹനം നമ്മോട്‌ ആവശ്യപ്പെടുന്നുണ്ട്‌.
ചോദ്യം:സ്നേഹം ആത്മീയതയില്‍ തൊടുന്ന മൂഹൂര്‍ത്തങ്ങള്‍ താങ്കളുടെ കൃതികളില്‍ തുടര്‍ച്ചയായി കാണാം. അത്‌ സാധ്യമാണോ?
തീര്‍ച്ചയായും. അതുപക്ഷേ ഭീതിയുടേതല്ല.
ചോദ്യം:പക്ഷേ അത്തരം സന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങള്‍ ഭയപ്പെടാറുണ്ടല്ലോ?
ഉത്തരം: ശരിയാണ്‌. നമ്മള്‍ മനുഷ്യരാണ്‌. അതുകൊണ്ട്‌ മനുഷ്യന്റെ ആത്മീയ സിദ്ധികളെ ഭയപ്പെടുന്നു. പക്ഷേ അവസാന നാളില്‍ - നമ്മുക്കത്‌ ആസ്വദിക്കാനാവും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ജീവിതം അങ്ങനെയൊക്കെയാണ്‌.
ചോദ്യം:താങ്കളുടെ പുതിയ പുസ്തകത്തിന്‌ സംഗീതത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. നൃത്തം ചെയ്യാറുണ്ടോ ?
ഉവ്വ്‌. നൃത്തം ചെയ്യുമ്പോള്‍ നിര്‍മമായിരിക്കും നമ്മുടെ മനസ്സ്‌. അത്‌ സ്വന്തം അസ്തിത്വത്തില്‍ നിന്ന്‌ തന്നെ ഒരു വിടുതല്‍ സാധ്യമാക്കുന്നു. എന്റെ ആത്മാവ്‌ മാലാഖയോടൊത്ത്‌ നൃത്തം ചെയ്യുകയും അതേസമയം എന്റെ ശരീരം ഭാര്യയോടൊത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണത്‌.
ചോദ്യം:ഏതുതരം സംഗീതമാണ്‌ കൂടുതല്‍ ആസ്വദിക്കുന്നത്‌?
ഉത്തരം: എന്റെ തലമുറ പരമ്പരാകൃതമായ “റോക്ക്‌ ആന്റ്‌ റോള്‍“ സംഗീതമാണ്‌ ഇഷ്ടപ്പെടുന്നത്‌. നിങ്ങള്‍ ഒരു നൈറ്റ്‌ ക്ലബില്‍ പോകുകയാണെങ്കില്‍ “ബാം ബാം“ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുകയില്ല. ആ ശബ്ദത്തിനനുസൃതമായാണ്‌ എല്ലാവരും നൃത്തം ചെയ്യുന്നത്‌. ആരാണ്‌ പാടുന്നതെന്നതിനോ ആരാണ്‌ അത്‌ ചിട്ടപ്പെടുത്തിയതെന്നതിനോ വലിയ പ്രാധാന്യമില്ല. നൃത്തം ചെയ്യുന്നു. അത്രമാത്രം. ഇതാണ്‌ എന്റെ വൈകാരിക ജീവിതത്തെ ഊഷ്മളമായി നിലനിര്‍ത്തുന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നൃത്തത്തിലൂടെ സ്വയം നഷ്ടപ്പെടുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ നൃത്തം ചെയ്യാറുണ്ട്‌.
ചോദ്യം:വീട്ടിലിരിക്കുമ്പോള്‍ പാട്ട്‌ കേള്‍ക്കാറുണ്ടോ?അത്‌ വളരെ വ്യത്യസ്തമായ അനുഭവമാണ്‌. ഉദാഹരണത്തിന്‌ പാട്ട്‌ കേള്‍ക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനാവില്ല. എഴുതാന്‍ തുനിഞ്ഞാല്‍ സംഗീതത്തില്‍ ലയിച്ച്‌ എഴുത്ത്‌ ഇടയ്ക്ക്‌ വച്ച്‌ നിലയ്ക്കും. സംഗീതാസ്വാദനം ഏറെ ഏകാഗ്രത ആവശ്യപ്പെടുന്ന ഒരു കര്‍മമാണ്‌.
ചോദ്യം:കത്തോലിക്കാ സഭയുടെയും ബൈബിള്‍ പാഠങ്ങളുടെയും ഒരു വൈരുദ്ധ്യതലം പുതിയ കൃതിയില്‍ വരുന്നുണ്ടല്ലോ. ഈ വൈരുദ്ധ്യതലം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ?.
ഉത്തരം: എനിക്ക്‌ എന്റെ മതത്തെയും ഞാന്‍ എന്തുകൊണ്ട്‌ ഒരു കത്തോലിക്കനായി എന്നതിനെയും കുറിച്ചു മാത്രമേ പറയാനാവൂ. ഒരു കത്തോലിക്കനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്‌. ഞാന്‍ തിരഞ്ഞെടുത്തതുകൊണ്ടാണ്‌ സഭ എന്റെ വിശ്വാസ പരിസരത്തേക്ക്‌ വരുന്നത്‌. അത്‌ എന്റെ സ്വാതന്ത്ര്യത്തിനുമപ്പുറത്താണ്‌. പ്രകൃതിയില്‍ ഞാനെന്തെങ്കിലും മാനുഷിക അംശങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ പറയും ഓ ദൈവമേ ഇത്‌ നമ്മുടെ വിശ്വാസത്തിന്‌ വിരുദ്ധമാണ്‌, ദൈവവചനങ്ങള്‍ക്കെതിരാണ്‌ എന്നൊക്കെ. എന്നാല്‍ യേശുവിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന്‌ നമ്മുക്കറിയാം. ജീവിതത്തെ ശരിക്കും ആസ്വദിച്ചിരുന്നു, യേശു. ധാരാളം യാത്രചെയ്തിരുന്നു. സ്ത്രീകളുടെ സാന്നിദ്ധ്യം എപ്പോഴുമുണ്ടായിരുന്നു. വീഞ്ഞു കുടിച്ചിരുന്നു. ശിഷ്യരുമായി വളരെ നന്നായി ലൗകികവും അലൗകികവുമായ കാര്യങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്തിരുന്നു. ജീവിതത്തിന്റെ ഊഷ്മളത യേശുവിന്റെ ജീവതത്തിലുടനീളം നിലനില്‍ക്കാനുള്ള കാരണങ്ങള്‍ ഇതല്ലാതെ മറ്റൊന്നുമല്ല.
ചോദ്യം:ലോകത്താകമാനം മതപരമായ വൈരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു കാലത്തും എങ്ങിനെയാണ്‌ താങ്കളുടെ പുസ്തകങ്ങള്‍ ഇത്രമാത്രം സ്വീകാര്യമാകുന്നത്‌?
ഉത്തരം: എനിക്കറിഞ്ഞു കൂടാ. ഞാനെഴുതുന്നത്‌ എന്റെ ബോധ്യങ്ങളാണ്‌. ഞാന്‍ അസാധാരണമായ ആത്മീയ സിദ്ധിയുള്ളവരെ കുറിച്ചെഴുതാന്‍ തുടങ്ങുമ്പോള്‍ എല്ലാ ചിന്തകളും കൂടിക്കുഴഞ്ഞ്‌ ഒരു സമസ്യയായി എന്നെ അസ്വസ്ഥനാക്കാന്‍ തുടങ്ങും. എല്ലാറ്റിനേയും ഒന്നിച്ച്‌ വച്ച്‌ ഞാനൊരു അര്‍ത്ഥമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌ ആദ്യം ചെയ്യുക. എഴുതി തുടങ്ങുമ്പോള്‍ സമസ്യയുടെ കെട്ടുപാടുകളയഞ്ഞ്‌ ആശയം വളരെ വ്യക്തമായി മുന്നിലേക്ക്‌ കടന്നു വരും.
എന്നെ നിരന്തരം അസ്വസ്ഥമാക്കുന്ന വിഷയങ്ങളാണ്‌ ഞാനെഴുതാന്‍ തിരഞ്ഞെടുക്കുന്നത്‌. ചിലപ്പോള്‍ അത്‌ വിപണിയില്‍ ഒരു വലിയ വിജയമായി തീരുന്നു. എന്തുകൊണ്ടെന്ന്‌ എനിക്കറിഞ്ഞു കൂടാ. എഴുതിയെഴുതി രഹസ്യങ്ങള്‍ വെളിപ്പെടുന്ന നിമിഷങ്ങള്‍ മുതല്‍ എന്റെ എഴുത്തിന്‌ ഇടര്‍ച്ചയുണ്ടാകാറുണ്ട്‌. വീണ്ടു വീണ്ടും ആവര്‍ത്തിച്ചാല്‍ പോലും പഴയ ആ ഒഴുക്കിലേക്ക്‌ പൂര്‍ണമായും പിന്നെ മടങ്ങിവരാനൊക്കുകയില്ല. തീര്‍ച്ചയായും സ്വയം കണ്ടെത്താനുള്ള ഒരു ഉപകരണമല്ല പുസ്തകങ്ങള്‍. അത്‌ എല്ലാ ഉല്‍പന്നങ്ങളെയും പോലെ ഒരു വിപണന വസ്തു മാത്രമാണ്‌.
ചോദ്യം:ഒരു നോവല്‍ എഴുതാന്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ്‌ നടത്താറുള്ളത്‌?
ഉത്തരം: ആളുകളെ നിരന്തരം സന്ദര്‍ശിക്കുകയാണ്‌ ആശയങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും എളുപ്പവഴി. നിങ്ങള്‍ ഒരാളെ കാണുമ്പോള്‍ നിങ്ങള്‍ അയാളെ കേള്‍ക്കുകമാത്രമല്ല, പിന്നെയോ ചിലതെല്ലാം അയാളില്‍ നിന്ന്‌ പഠിക്കുകയും ചെയ്യുന്നുണ്ട്‌. ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളെ തന്നെ മനസ്സിലാക്കാന്‍ അത്‌ സഹായകമാകും. ഒരു ദര്‍പ്പണത്തിനു മുമ്പില്‍ നിന്ന്‌ സ്വയം കാണുന്ന പോലെ. രണ്ടു വര്‍ഷം കൂടുമ്പോഴേ ഞാനെഴുതാറുള്ളൂ. ഒരു മാസം കൊണ്ടാണ്‌ മിക്കവാറും പുസ്തകം എഴുതിത്തീര്‍ക്കുക. അതിനുമുമ്പേ ആത്മാവില്‍ ഓരോ വരിയും എഴുതപ്പെട്ടിരിക്കും. പിന്നീട്‌ മറ്റെല്ലാവരേയും പോലെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുപോകും. നിങ്ങള്‍ പരസ്പരം ചിലത്‌ കൈമാറിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ പലതും നഷ്ടപ്പെടാനുണ്ട്‌.

ചോദ്യം:എഴുത്തു തുടങ്ങുന്നതിന്‌ മുമ്പ്‌ ഒരു വെളുത്ത തൂവല്‍ കണികാണാന്‍ താങ്കള്‍ കാത്തിരിക്കാറുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. എന്താണ്‌ ഇതിന്റെ പ്രത്യേകത?
ഉത്തരം: ശരിയാണ്‌. ഒരു വെളുത്ത തൂവല്‍. ഇത്‌ ഞാന്‍ സ്വയം തീര്‍ത്ത ഒരു ആചാരമാണ്‌. എനിക്ക്‌ 40 വയസ്സാകുന്നതുവരെ ഞാന്‍ കാര്യമായൊന്നും എഴുതിയിരുന്നില്ല. എന്നാല്‍ ഒരെഴുത്തുകാരനാകാന്‍ എന്നും ആഗ്രഹിച്ചിരുന്നു. എഴുതാനാവാതെ വല്ലാതെ കഷ്ടപ്പെട്ടിരുന്നപ്പോള്‍ ഞാന്‍ ഒരു തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചു. സ്പെയിനിലെ സാന്‍ഡിയാഗോ വഴി സെയിന്റ്‌ ജെയിംസിലൂടെ 56 ദിവസം ഞാന്‍ അലഞ്ഞു നടന്നു. എന്റെ വഴി എഴുത്താണെന്ന്‌ എനിക്കറിയാം. പക്ഷേ എനിക്ക്‌ എഴുതാന്‍ കഴിയുന്നില്ല. എഴുതാന്‍ തുനിഞ്ഞ്‌ പാതിവഴിക്ക്‌ എഴുത്ത്‌ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. അവിടെ വച്ച്‌ ഞാനൊരു തീരുമാനമെടുത്തു. ഒരു വെളുത്ത തൂവല്‍ കണികാണുന്ന ദിവസം ഞാന്‍ എഴുത്ത്‌ തുടങ്ങും. അത്‌ ദൈവത്തിന്റെ ഒരടയാളമായി ഞാന്‍ കണക്കാക്കും. അവിടിന്നിങ്ങോട്ട്‌ എല്ലാ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ജനുവരി മാസമാകുമ്പോള്‍ എനിക്ക്‌ ഒരു വെളുത്ത തൂവല്‍ കണി കാണണം. എന്നാല്‍ അല്ലാത്തപ്പോഴും വെളുത്ത തൂവല്‍ ഞാന്‍ കണികാണാറുണ്ട്‌ എന്നത്‌ സത്യമാണ്‌. പക്ഷേ ജനുവരി മാസത്തില്‍ കാണുന്ന കണിക്കാണ്‌ പ്രത്യേകത കല്‍പിക്കാറുള്ളത്‌. കത്തുകളിലൂടെ വായനക്കാരില്‍ നിന്ന്‌ ധാരാളം വെളുത്ത തൂവലുകള്‍ ഇപ്പോള്‍ എന്നെ തേടിവരാറുണ്ട്‌. പക്ഷേ കണി കാണാനുള്ളത്‌ ഞാന്‍ സ്വയം കണ്ടെത്തുക തന്നെ വേണം. ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ ഒരു വെളുത്ത തൂവലിനുവേണ്ടി ഞാന്‍ കാത്തിരിപ്പും തുടങ്ങും.


(തര്‍ജിനി ഇ മാഗസിനില്‍ (ചിന്ത.കോം) പ്രസിദ്ധീകരിച്ചത്‌)