
വാട്ടിയ പച്ചിലയില്
ശര്‍ക്കര ഉപ്പേരിയും
കടുക് വരട്ടിയും
പൊതിഞ്ഞുകെട്ടിവെയ്ക്കും
അമ്മ
നാക്കിലവിരിച്ച്
ഉച്ഛിഷ്ടം കാത്തുകാത്തിരുന്ന്
ഉറക്കമിളച്ചിരിക്കും
അവള്
ആത്മാവിനെ
ഒരു പിടി ചോറിലേക്ക് കുടിയിരുത്തി
ദര്‍ഭമോതിരം വിരലിലണിഞ്ഞ്
ബലിക്കാക്കകളെ നോക്കും
അവന്
ഞാനോ
ഒരു പൊതിയിലയിലേക്ക്
ജീവനെ ആവാഹിച്ച്
ഉടഞ്ഞുവീഴുന്ന കണ്ണൂനീരാകും
ഇലകള്‍
ജനനത്തിനും മരണത്തിനുമിടയിലെ
ജീവിതമാകുതങ്ങനെയാണ്.
(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്)