Tuesday, December 1, 2009

നടപ്പാതകള്‍


നടപ്പാതകള്‍

ഒരിടവഴിയില്‍ വെച്ചാണ് ഞാനാദ്യം അയാളെ കാണുന്നത്. തുവെള്ള വേഷമായിരുന്നു അയാള്‍ക്ക്. കടലിന്റെ ആഴം തുടിക്കുന്ന കണ്ണുകള്‍. നാലടി കൂടി വെച്ചാല്‍ മനസ്സിനെ വിമലീകരിക്കുന്ന ചുവന്ന ദ്രാവക വില്പനശാലയില്‍ ഞാനെത്തുമായിരുന്നു. അതിനിടയിലായണ് എവിടെ നിന്നെന്നറിയാതെ അയാള്‍ കയറി വന്നത്.

“നിങ്ങളെ കാണാന്‍ ഞാനിവിടെ കാത്തു നില്‍ക്കുകയായിരുന്നു. നിങ്ങളുടെ കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് നിങ്ങള്‍ അതില്‍ നിറയെ എഴുതിയിട്ടുണ്ടല്ലോ.”

ഞാന്‍ ഓര്‍ത്തു നോക്കി. സുന്ദരന്‍ന്മാരെയും സുന്ദരിമാരെയും കുറിച്ച് ഞാന്‍ കവിതയെഴുതാറുണ്ടായിരുന്നില്ല. എന്റെ കവിതകളില്‍ മുഴുവന്‍ തെരുവിലെ അഴുക്കു ചാലില്‍ നീന്തിത്തുടിക്കുന്നകൃമിപോലുള്ള മനുഷ്യരായിരുന്നു. അയാളെപ്പോലെ ഒരു സുന്ദരനെ ഞാനെന്റെ ജീവിതത്തിലും അതിനുമുമ്പൊന്നും കണ്ടിരുന്നില്ല.

“നിങ്ങള്‍ക്ക് ആളു മാറിപ്പോയതായിരിക്കും. നിങ്ങളെക്കുറിച്ചു കവിതയെഴുതിയത് ഞാനാകാനിടയില്ല”

ഞാന്‍ തെല്ലു ഈര്‍ഷ്യയോടെ പറഞ്ഞു.

അയാള്‍ പക്ഷേ നിറഞ്ഞു ചിരിക്കുകയാണുണ്ടായത്.

“എനിക്കാളുതെറ്റിയിട്ടില്ല സുഹൃത്തേ. അങ്ങനെയൊരിക്കലും സംഭിക്കുകയുമില്ല. താങ്കള്‍ എന്റെ കൂടെ വരു. ഇനി ജീവിതത്തിന്റെ സുഗന്ധത്തിലേക്ക് നമ്മുക്ക് പോകാം. അഴുക്കുചാലുകളില്‍ നിന്ന് നിങ്ങള്‍ക്കൊരു മോചനവുമാകും.”

“ഇല്ല. ഞാനെങ്ങോട്ടുമില്ല. എനിക്ക് ഇതുതന്നെ ധാരാളം.”

അയാളുടെ കൈ തട്ടിമാറ്റി ഞാനാ ബ്രാണ്ടി ഷോപ്പിലേക്ക് കയറി. ഗ്ലാസിലെ എരിവുള്ള ദ്രാവകം വലിച്ചുകുടിക്കുമ്പോഴും അയാളെന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ചുണ്ടിലെ അഭൗമമായ ആ പുഞ്ചിരി ഒട്ടും മാഞ്ഞുപോകാതങ്ങനെ........

പിന്നീട് ഞാനയാളെ മറ്റൊരിടത്തുവെച്ചാണ് കണ്ടത്. വേശ്യാത്തെരുവിലെ ഓടകള്‍ക്കു മുകളിലൂടെ ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്കുപൊത്തി നീങ്ങുകയായിരുന്നു. മല്ലിക പൂവു ചൂടിയ, കടും ചായംകൊണ്ടു ചുണ്ടുകളെഴിതിയ, കടക്കണ്ണുകള്‍കൊണ്ട് ലോകത്തെ തന്നെ വലിച്ചുകുടിക്കുന്ന കൂറേ സ്ത്രീകള്‍ അപ്പോള്‍ ജാലകചതുരത്തിലുരുന്നു മാടിവിളിച്ചുകൊണ്ടിരുന്നു. അതിനിടയ്ക്കാണ് അയാള്‍ പെട്ടെന്ന് മുന്നിലേക്ക് പൊട്ടി വീണത്.

“എത്ര നാളായി നിങ്ങളെയൊന്നു കണ്ടിട്ട്. ഈ തെരുവിലേക്ക് വരാന്‍ എനിക്ക് പേടിയാണ്. വരു നമ്മുക്ക് മറ്റൊരിടത്തുപോയി വിശദമായി സംസാരിക്കാം.”

അയാളുടെ ചുണ്ടുകളില്‍ വശ്യമായ ഒരു പുഞ്ചിരി അപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു. ആ അഴുക്കുപുരണ്ട തെരുവിലൂടെ നടന്നിട്ടും അയാളുടെ മഞ്ഞുപോലെ സുതാര്യമായ വസ്ത്രത്തില്‍ ഒരു കറപോലും വീഴാതിരുന്നത് എന്നെ അസ്വസ്ഥ്യപ്പെടുത്തി.

“എന്റെ വഴിയില്‍ നിന്ന് മാറൂ. ഞാനും നിങ്ങളും രാവും പകലും തമ്മിലുള്ള ദൂരമുണ്ട്. ദുര്‍ഘടം പിടിച്ച പാതകള്‍ ജീവിതത്തില്‍ എനിക്ക് പുത്തരിയല്ല. അതെനിക്ക് ഇഷ്ടവുമാണ്.”

തെല്ലു കടുപ്പിച്ചു പറഞ്ഞിട്ട് ഞാന്‍ മുന്നോട്ടു നടന്നു. അയാളെന്നെ പിന്‍തുടര്‍ന്നുവന്ന് കൈതണ്ടയില്‍ പിടിച്ചു പിന്നിലേക്ക് ശക്തിയോടെ വലിക്കുമെന്നാണ് ഞാന്‍ കരുതിയത്. അയാള്‍ കൗതുകത്തോടെ എന്നെ നോക്കി പക്ഷെ ചിരിക്കുകമാത്രമാണ് ചെയ്ത്. ആരാണയാളെന്ന് എനിക്ക് അറിയണമെന്നില്ലായിരുന്നു. കവിതയിലെ കഥാപാത്രങ്ങളെപ്പോലെ എത്ര പേരാണ് ഒരു ദിവസം നമ്മുടെ ജീവിതത്തിലൂടെ നീന്തിയൊഴുകുന്നത്. അവരുടെ സ്വരങ്ങളോ മുഖമോ നമ്മള്‍ ഓര്‍ത്തുവെയ്ക്കാറുണ്ടോ? എന്റെ കവിതകള്‍ വായിച്ചു തള്ളുന്നവരുടെ കൂട്ടത്തിലാണ് ഞാനയാള്‍ക്കും ഒരു സ്ഥാനം കല്പിച്ചത്.

ഇപ്പോള്‍ ഒട്ടും അത്ഭുതംകൂടാതെയാണ് ഞാന്‍ അയാളെ വീണ്ടും കണ്ടുമുട്ടിയത്. ഏതസമയത്തും പ്രത്യക്ഷപ്പെടാവുന്ന ഒരത്ഭുതമനുഷ്യനാണ് അയാളെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.
ഒരു ദിവസം ശരീരത്തിലൂടെ കയറിയിറങ്ങിയ വേദനയോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു ഞാന്‍. എനിക്കു സമീപം എന്റെ മെത്തയില്‍ നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുകയായിരുന്നു അയാള്‍. സ്വതവേയുള്ള മുഷിഞ്ഞ ഗന്ധത്തിനുപകരം മുറിയിലാകെ ഒരു വല്ലാത്ത സുഗന്ധം അലയടിച്ചു നടന്നിരുന്നു. കനത്ത ഇരുട്ടിലും അയാളുടെ മുഖത്ത് ദിവ്യമായ ഒരു പ്രകാശമുണ്ടായിരുന്നു. അയാളുടെ ചിരിക്ക് മുല്ലപ്പൂക്കളുടെ മാര്‍ദ്ദവമുണ്ടായിരുന്നു. അയാള്‍ എന്നോട് ഒന്നും സംസാരിച്ചില്ല. എന്നെ ഭയപ്പെടുത്തിയതുമില്ല. ഇരുകൈകളും നീട്ടി അയാളെന്നെ കെട്ടിപ്പിടിക്കുകമാത്രമാണ് ചെയ്തത്. അയാളുടെ ഭാരമില്ലാത്ത പാദങ്ങള്‍ എന്റെ ആത്മാവില്‍ പതിഞ്ഞു. ശരീരത്തിന്റെ ഓരോ എല്ലുകളും ഒടിയുന്നതിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ വേദനയുണ്ടായിരുന്നില്ല. മഞ്ഞിന്റെ ശൈത്യവും സുതാര്യതയുമായിരുന്നു അയാളുടെ ശരീരത്തിന്. മരണത്തിന് ഇത്രയും മാര്‍ദ്ദവമുണ്ടെന്ന് ഇതിനുമുമ്പോന്നും ഒരു കവിതയിലും എഴുതാതെ പോയതില്‍ ഞാനപ്പോള്‍ ഖേദിച്ചു.