Tuesday, December 1, 2009

നടപ്പാതകള്‍


നടപ്പാതകള്‍

ഒരിടവഴിയില്‍ വെച്ചാണ് ഞാനാദ്യം അയാളെ കാണുന്നത്. തുവെള്ള വേഷമായിരുന്നു അയാള്‍ക്ക്. കടലിന്റെ ആഴം തുടിക്കുന്ന കണ്ണുകള്‍. നാലടി കൂടി വെച്ചാല്‍ മനസ്സിനെ വിമലീകരിക്കുന്ന ചുവന്ന ദ്രാവക വില്പനശാലയില്‍ ഞാനെത്തുമായിരുന്നു. അതിനിടയിലായണ് എവിടെ നിന്നെന്നറിയാതെ അയാള്‍ കയറി വന്നത്.

“നിങ്ങളെ കാണാന്‍ ഞാനിവിടെ കാത്തു നില്‍ക്കുകയായിരുന്നു. നിങ്ങളുടെ കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് നിങ്ങള്‍ അതില്‍ നിറയെ എഴുതിയിട്ടുണ്ടല്ലോ.”

ഞാന്‍ ഓര്‍ത്തു നോക്കി. സുന്ദരന്‍ന്മാരെയും സുന്ദരിമാരെയും കുറിച്ച് ഞാന്‍ കവിതയെഴുതാറുണ്ടായിരുന്നില്ല. എന്റെ കവിതകളില്‍ മുഴുവന്‍ തെരുവിലെ അഴുക്കു ചാലില്‍ നീന്തിത്തുടിക്കുന്നകൃമിപോലുള്ള മനുഷ്യരായിരുന്നു. അയാളെപ്പോലെ ഒരു സുന്ദരനെ ഞാനെന്റെ ജീവിതത്തിലും അതിനുമുമ്പൊന്നും കണ്ടിരുന്നില്ല.

“നിങ്ങള്‍ക്ക് ആളു മാറിപ്പോയതായിരിക്കും. നിങ്ങളെക്കുറിച്ചു കവിതയെഴുതിയത് ഞാനാകാനിടയില്ല”

ഞാന്‍ തെല്ലു ഈര്‍ഷ്യയോടെ പറഞ്ഞു.

അയാള്‍ പക്ഷേ നിറഞ്ഞു ചിരിക്കുകയാണുണ്ടായത്.

“എനിക്കാളുതെറ്റിയിട്ടില്ല സുഹൃത്തേ. അങ്ങനെയൊരിക്കലും സംഭിക്കുകയുമില്ല. താങ്കള്‍ എന്റെ കൂടെ വരു. ഇനി ജീവിതത്തിന്റെ സുഗന്ധത്തിലേക്ക് നമ്മുക്ക് പോകാം. അഴുക്കുചാലുകളില്‍ നിന്ന് നിങ്ങള്‍ക്കൊരു മോചനവുമാകും.”

“ഇല്ല. ഞാനെങ്ങോട്ടുമില്ല. എനിക്ക് ഇതുതന്നെ ധാരാളം.”

അയാളുടെ കൈ തട്ടിമാറ്റി ഞാനാ ബ്രാണ്ടി ഷോപ്പിലേക്ക് കയറി. ഗ്ലാസിലെ എരിവുള്ള ദ്രാവകം വലിച്ചുകുടിക്കുമ്പോഴും അയാളെന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ചുണ്ടിലെ അഭൗമമായ ആ പുഞ്ചിരി ഒട്ടും മാഞ്ഞുപോകാതങ്ങനെ........

പിന്നീട് ഞാനയാളെ മറ്റൊരിടത്തുവെച്ചാണ് കണ്ടത്. വേശ്യാത്തെരുവിലെ ഓടകള്‍ക്കു മുകളിലൂടെ ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്കുപൊത്തി നീങ്ങുകയായിരുന്നു. മല്ലിക പൂവു ചൂടിയ, കടും ചായംകൊണ്ടു ചുണ്ടുകളെഴിതിയ, കടക്കണ്ണുകള്‍കൊണ്ട് ലോകത്തെ തന്നെ വലിച്ചുകുടിക്കുന്ന കൂറേ സ്ത്രീകള്‍ അപ്പോള്‍ ജാലകചതുരത്തിലുരുന്നു മാടിവിളിച്ചുകൊണ്ടിരുന്നു. അതിനിടയ്ക്കാണ് അയാള്‍ പെട്ടെന്ന് മുന്നിലേക്ക് പൊട്ടി വീണത്.

“എത്ര നാളായി നിങ്ങളെയൊന്നു കണ്ടിട്ട്. ഈ തെരുവിലേക്ക് വരാന്‍ എനിക്ക് പേടിയാണ്. വരു നമ്മുക്ക് മറ്റൊരിടത്തുപോയി വിശദമായി സംസാരിക്കാം.”

അയാളുടെ ചുണ്ടുകളില്‍ വശ്യമായ ഒരു പുഞ്ചിരി അപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു. ആ അഴുക്കുപുരണ്ട തെരുവിലൂടെ നടന്നിട്ടും അയാളുടെ മഞ്ഞുപോലെ സുതാര്യമായ വസ്ത്രത്തില്‍ ഒരു കറപോലും വീഴാതിരുന്നത് എന്നെ അസ്വസ്ഥ്യപ്പെടുത്തി.

“എന്റെ വഴിയില്‍ നിന്ന് മാറൂ. ഞാനും നിങ്ങളും രാവും പകലും തമ്മിലുള്ള ദൂരമുണ്ട്. ദുര്‍ഘടം പിടിച്ച പാതകള്‍ ജീവിതത്തില്‍ എനിക്ക് പുത്തരിയല്ല. അതെനിക്ക് ഇഷ്ടവുമാണ്.”

തെല്ലു കടുപ്പിച്ചു പറഞ്ഞിട്ട് ഞാന്‍ മുന്നോട്ടു നടന്നു. അയാളെന്നെ പിന്‍തുടര്‍ന്നുവന്ന് കൈതണ്ടയില്‍ പിടിച്ചു പിന്നിലേക്ക് ശക്തിയോടെ വലിക്കുമെന്നാണ് ഞാന്‍ കരുതിയത്. അയാള്‍ കൗതുകത്തോടെ എന്നെ നോക്കി പക്ഷെ ചിരിക്കുകമാത്രമാണ് ചെയ്ത്. ആരാണയാളെന്ന് എനിക്ക് അറിയണമെന്നില്ലായിരുന്നു. കവിതയിലെ കഥാപാത്രങ്ങളെപ്പോലെ എത്ര പേരാണ് ഒരു ദിവസം നമ്മുടെ ജീവിതത്തിലൂടെ നീന്തിയൊഴുകുന്നത്. അവരുടെ സ്വരങ്ങളോ മുഖമോ നമ്മള്‍ ഓര്‍ത്തുവെയ്ക്കാറുണ്ടോ? എന്റെ കവിതകള്‍ വായിച്ചു തള്ളുന്നവരുടെ കൂട്ടത്തിലാണ് ഞാനയാള്‍ക്കും ഒരു സ്ഥാനം കല്പിച്ചത്.

ഇപ്പോള്‍ ഒട്ടും അത്ഭുതംകൂടാതെയാണ് ഞാന്‍ അയാളെ വീണ്ടും കണ്ടുമുട്ടിയത്. ഏതസമയത്തും പ്രത്യക്ഷപ്പെടാവുന്ന ഒരത്ഭുതമനുഷ്യനാണ് അയാളെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.
ഒരു ദിവസം ശരീരത്തിലൂടെ കയറിയിറങ്ങിയ വേദനയോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു ഞാന്‍. എനിക്കു സമീപം എന്റെ മെത്തയില്‍ നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുകയായിരുന്നു അയാള്‍. സ്വതവേയുള്ള മുഷിഞ്ഞ ഗന്ധത്തിനുപകരം മുറിയിലാകെ ഒരു വല്ലാത്ത സുഗന്ധം അലയടിച്ചു നടന്നിരുന്നു. കനത്ത ഇരുട്ടിലും അയാളുടെ മുഖത്ത് ദിവ്യമായ ഒരു പ്രകാശമുണ്ടായിരുന്നു. അയാളുടെ ചിരിക്ക് മുല്ലപ്പൂക്കളുടെ മാര്‍ദ്ദവമുണ്ടായിരുന്നു. അയാള്‍ എന്നോട് ഒന്നും സംസാരിച്ചില്ല. എന്നെ ഭയപ്പെടുത്തിയതുമില്ല. ഇരുകൈകളും നീട്ടി അയാളെന്നെ കെട്ടിപ്പിടിക്കുകമാത്രമാണ് ചെയ്തത്. അയാളുടെ ഭാരമില്ലാത്ത പാദങ്ങള്‍ എന്റെ ആത്മാവില്‍ പതിഞ്ഞു. ശരീരത്തിന്റെ ഓരോ എല്ലുകളും ഒടിയുന്നതിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ വേദനയുണ്ടായിരുന്നില്ല. മഞ്ഞിന്റെ ശൈത്യവും സുതാര്യതയുമായിരുന്നു അയാളുടെ ശരീരത്തിന്. മരണത്തിന് ഇത്രയും മാര്‍ദ്ദവമുണ്ടെന്ന് ഇതിനുമുമ്പോന്നും ഒരു കവിതയിലും എഴുതാതെ പോയതില്‍ ഞാനപ്പോള്‍ ഖേദിച്ചു.

Friday, July 24, 2009

സ്ലംഡോഗ്‌ - സത്യവും മിഥ്യവും
സ്ലംഡോഗ്‌
സത്യവും മിഥ്യയും

ഇന്ത്യയിലേക്ക്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ കൊണ്ടുവന്ന ചിത്രം എന്നതിലേറെ, ഇന്ത്യയുടെ കീഴാള ജീവിതങ്ങളെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്‌ഠിച്ചുവെന്നതാണ്‌്‌ 81 ാമത്തെ ഓര്‍കര്‍ നോമിനേഷന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ലംഡോഗ്‌ മില്ലിനിയം എന്ന സിനിമയുടെ സവിശേഷത. അതിന്‌ വേണ്ടുവോളം പഴി ഇന്ത്യന്‍ സിനിമാ പ്രവര്‍ത്തകരില്‍ നിന്നും സാംസ്‌കാരിക നായകന്മാരില്‍ നിന്നും സംവിധായകനായ ഡാനി ബോയല്‍ ഏറ്റുവാങ്ങുകയുമുണ്ടായി. ഇന്ത്യയുടെ ദാരിദ്യം വിറ്റുകാശാക്കുകയാണ്‌ ഡാനി ബോയല്‍ ചെയ്‌തതെന്ന്‌ അമിതാഭ്‌ബച്ചന്‍ ആക്ഷേപിച്ചുവെങ്കില്‍ പ്രിയദര്‍ശന്‍ കൂറേക്കൂടി കടന്നു പറഞ്ഞത്‌ ഓസ്‌കര്‍ അവാര്‍ഡ്‌ നേടാനുള്ള മികവോ പ്രാധാന്യമോ സ്ലംഡോഗ്‌ മില്ലിനിയര്‍ എന്ന ചിത്രത്തിനില്ലെന്നാണ്‌. അന്താരാഷ്‌ട്ര ഫിലിം ഫെസ്‌റ്റിവലുകളിലെ സ്ഥിരം ഡെലീഗേറ്റുകളായ നമ്മുടെ അടൂരിനും ഷാജി എന്‍ കരുണിനും ഡാനി ബോയലിന്റെ ഈ ചിത്രം തീരെ പിടിച്ചിട്ടില്ലെന്നു തോന്നുന്നു. അവരാരും ഒന്നും പ്രതികരിച്ചു കണ്ടില്ല. നമ്മുക്കൊന്നാശ്വസിക്കാം. അഗ്നി സാക്ഷി എന്ന ചിത്രത്തിനുശേഷം ഒരു തട്ടുപൊളിപ്പന്‍ സിനിമ സംവിധാനം ചെയ്‌തുവെന്ന പരാതി കേട്ടുകൊണ്ടിരിക്കുന്ന ശ്യാം പ്രസാദിന്‌ ഇന്ത്യന്‍ ദാരിദ്രത്തിന്‌ ലോക സിനിമയില്‍ വലിയ വിപണിയില്ലെന്നും അന്താരാഷ്‌ട്ര ഫിലിമോല്‍സവങ്ങളില്‍ അമേരിക്കയിലെ പട്ടിണി മരണങ്ങള്‍ വരെ വിഷയമാകാറുണ്ടെന്നും പറയാനുള്ള സന്മനസ്സുണ്ടായി. എങ്കിലും ഡാനി ബേയല്‍ മികച്ച സംവിധായകനല്ല എന്ന കേവല മലയാളിയുടെ കുശുമ്പ്‌ അദ്ദേഹത്തിനും ഒളിപ്പിച്ചുവെയ്‌ക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യ വികസ്വര രാജ്യമാണെന്നും എല്ലാ വികസ്വര രാജ്യങ്ങളും പട്ടിണിയെ അഭിമുഖീകരിക്കുന്നുണ്ടെന്നുമുള്ള യാഥാര്‍ഥ്യമറിയാത്തവരോ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ എന്ന കേവലമായ ചോദ്യം ഇവിടെ ഉയര്‍ന്നു വരാം. അതല്ല, ഇന്ത്യയിലെ ചേരികളെ വെള്ളപൂശി ലോകത്തിനുമുമ്പില്‍ ഇന്ത്യയുടെ മീതെ മുതലാളിത്വത്തിന്റെ പട്ടുവിരിക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന ചോദ്യവും പ്രസക്തമാവുന്നതിവിടെയാണ്‌. ഇന്ത്യയിലെ ഭൂരിപക്ഷമായ ദരിദ്രരുടെ അവസ്ഥകളെ ലോകത്തിനു മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്‌ വരേണ്യവര്‍ഗത്തിന്റെ സ്ഥാപിത താത്‌പര്യമാണ്‌്‌. ലോകബാങ്കിന്റെ ദാരിദ്രരേഖാ നിര്‍ണയപ്രകാരം ലോകത്തില്‍ ഏറ്റവും ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്‌. ഒരു ഡോളറോ അതില്‍ കുറവോ ദിവസ വരുമാനമുള്ളവരെ ലോകബാങ്ക്‌ ദരിദ്രരായി കണക്കാക്കുന്നു. മുംബെയിലെത്തുന്ന വിദേശികളെ ആദ്യമായി അഭിമുഖീകരിക്കുന്ന കാഴ്‌ച ചേരിയിലെ തെരുവു മനുഷ്യരുടെ ജീര്‍ണിച്ചതും അഴുക്കുപുരണ്ടതുമായ ടെന്റുകളാണെന്ന സത്യം പലപ്പോഴും ആരും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാറില്ല. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ന്‌ ഇന്ത്യ ശ്രദ്ധേയമായിക്കൊണ്ടരിക്കുന്നത്‌ ഈ ദരിദ്ര്യത്തിന്റെ നുകവും ചുമലില്‍ വെച്ചുകൊണ്ട്‌ ഇന്ത്യ അതിന്റെ കുതിപ്പുകള്‍ തുടരുന്നുവെന്നതുകൊണ്ടാണ്‌.


കീഴാള പക്ഷത്തു നിന്നുകൊണ്ട്‌ ഇന്ത്യയുടെ ഈ കുതിപ്പിനെയാണ്‌ ഡാനി ബോയല്‍ ലോകത്തിന്റെ നെറുകയില്‍ ചര്‍ച്ചക്ക്‌ വെച്ചിരിക്കുന്നത്‌. സ്ലംഡോഗ്‌ മില്ലിനിയര്‍ എന്ന ചിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ അത്‌ മുംബയിലെ കേവലം ഒരു ചേരിയില്‍ ജനിച്ച കുട്ടിയുടെ കഥയല്ലെന്നും ദാരിദ്രത്തിന്റെ പടുകുഴിയില്‍ നിന്ന്‌ ഉയില്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയുടെ തന്നെ പരിഛേദമാണെന്നും ആ സിനിമയെ യാതൊരു ഉപാധികളുമില്ലാതെ സമീപിക്കുന്നവര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. അല്ലെങ്കില്‍ ലോകത്തെവിടെപ്പോയാലും വേരുകള്‍ കിളിര്‍ത്ത്‌ സ്വന്തം സത്തയെ അന്വേഷിക്കുന്ന ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്റെ കഥയാണ്‌്‌ സ്ലം ഡോഗ്‌ മില്ലനിയര്‍ എന്ന ചിത്രം നമ്മോട്‌ പറയുന്നത്‌. കീഴാളരുടെ ജീവിതത്തെ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ള നോവലുകളും സിനിമകളും എന്നും ഈ പഴി ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ്‌ ചരിത്ര സത്യം. മുല്‍ക്ക്‌ രാജിന്റെ അയിത്തക്കാരനും അരുന്ധതി റോയിയുടെ ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സും ഏറ്റവുമൊടുവില്‍ വന്ന അഡിഗയുടെ വൈറ്റ്‌ ടൈഗറും ചില ഉദാഹരണങ്ങള്‍ മാത്രം.


ഇന്ത്യന്‍ സിനിമകള്‍ക്ക്‌ ഹോളിവുഡില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഡാനി ബോയല്‍ സ്ലംഡോഗ്‌ മില്ലിനിയര്‍ എന്ന ചിത്രവുമായി കടന്നു വരുന്നത്‌. അടുത്തിടെ ഹോളിവുഡില്‍ വമ്പിച്ച വിജയങ്ങള്‍ കൊയ്‌ത ബ്ലാക്ക്‌, ഓം ശാന്തി, ഗജനി തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമക്ക്‌ ഹോളിവുഡില്‍ ഒരു വിപണിയൊരുക്കിയിട്ടുണ്ട്‌ എന്നു സമ്മതിക്കുമ്പോള്‍ തന്നെ വിപണിയല്ല ഇന്ത്യന്‍ ചിത്രങ്ങളുടെ കലാമൂല്യമാണ്‌ സ്ലംഡോഗ്‌ എടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്‌ എന്ന ഡാനി ബോയലിന്റെ തുറന്നു പരച്ചിലിലേക്ക്‌ നമ്മുക്ക്‌ ശ്രദ്ധതിരിക്കാം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരമ്പരാഗതമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും കോര്‍ത്തിണക്കിയ ഒരു യഥാര്‍ത്ഥ കഥയുടെ ഹോളിവുഡ്‌ ശൈലിയില്‍ ചിത്രീകരിക്കപ്പെട്ട ഒരു ഉത്തമ കലാസൃഷ്‌ടിയായി സ്ലംഡോഗ്‌ മില്ലെനിയത്തെമാറ്റാനാണ്‌ ബോയല്‍ ശ്രമിച്ചത്‌.
മുംബെയിലെ ഒരു ചേരിയില്‍ ജനിച്ച ജമാല്‍ മാലിക്‌ 'ഹു വാന്റ്‌സ്‌ റ്റു ബി എ മില്ലിനിയര്‍' എന്ന റിയാലിറ്റി ഷോയിലൂടെ അവസാന ചോദ്യത്തിന്റെ പടിവാതില്‍ക്കലെത്തുമ്പോള്‍ സംശയകരമായി പോലീസ്‌ പിടിക്കപ്പെടുന്നിടത്തുവെച്ചാണ്‌ ഈ സിനിമ തുടങ്ങുന്നത്‌. കാരണം, ജമാല്‍ മാലിക്‌ വിദ്യാഭാസ യോഗ്യതകളൊന്നുമില്ലാത്ത മുംബെയിലെ ചേരിയില്‍ ജനിച്ചു വളര്‍ന്ന ഒരു പതിനെട്ടുകാരനായ ദരിദ്ര ബാലനാണ്‌. എന്‍ജിനിയര്‍മാരും ഡോക്‌ടര്‍മാരും പ്രൊഫസര്‍മാരും പതിനാറായിരത്തിനപ്പുറം കടക്കാനാവാതെ തലകുനിച്ചിറങ്ങിപ്പോകുമ്പോള്‍ ഒരു സ്ലംഡോഗായ ജമാലിനെങ്ങനെ അതുമറിക്കടക്കാനാവും? എന്നാല്‍ ഓരോ ചോദ്യങ്ങള്‍ക്കും ജമാല്‍ മാലിക്‌ സ്വന്തം ജീവിതത്തിന്റെ ദാരുണമായ ഓര്‍മകളിലൂടെ അലഞ്ഞു തിരിഞ്ഞു ഉത്തരം കണ്ടുപിടിക്കുന്നു. ജീവിതത്തെ തന്നെ ചില ചോദ്യങ്ങളായും ഉത്തരങ്ങളായും കാണുകയാണ്‌ ജമാല്‍ മാലിക്‌ ഇവിടെ.


ചില ചോദ്യങ്ങളിലൂടെ ഡാനി ബോയല്‍ ഇന്ത്യയിലേക്കും ഇന്ത്യയിലെ ദരിദ്രനായ ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തിലേക്കും കടന്നു ചെല്ലുന്നു. ഒരു തവണ സിലബസിലില്ലാത്ത (തന്റെ ജീവിതത്തില്‍ ഇല്ലാത്ത) ചോദ്യത്തിന്‌ ഓഡിയന്‍സിന്റെ ഉത്തരത്തിനായി ലൈഫ്‌ ലൈന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്‌ ജമാല്‍. ജമാല്‍ മാലിക്കിനെ ചോദ്യം ചെയ്യുന്ന ഇന്‍സ്‌പെക്‌ടര്‍ ആ ചോദ്യത്തിന്‌ എന്റെ നാലു വയസ്സുകാരിയായ മകള്‍ ഉത്തരം പറയുമെന്ന്‌ പുച്ഛിക്കുമ്പോള്‍ അവള്‍ക്കറിയാത്ത പല ഉത്തരങ്ങളും മറ്റുള്ളവരുടെ ജീവിതത്തിലൂണ്ടാകുമെന്ന്‌ തിരിച്ചടിക്കുന്ന ജമാല്‍ മാലിക്‌ താന്‍ സത്യസന്ധനാണെന്ന്‌ തെളിയിക്കുന്നു. എന്നാല്‍ കോടിപതിയാവുകയെന്നതിലേറെ ജമാലിന്റെ ലക്ഷ്യം കുട്ടിക്കാലത്ത്‌ നഷ്‌ടപ്പെട്ടുപോയ ബാല്യകാല സഖിയായ ലതികയെ സ്വന്തമാക്കുകയെന്നതായിരുന്നു. ആ ഇച്ഛാശക്തിയെ തകര്‍ത്തു കളയാന്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കോ റിയാലിറ്റി ഷോയുടെ അതിബുദ്ധിമാനായ നായകനോ കഴിയുന്നില്ല. എന്തു വിലകൊടുത്തും ലക്ഷ്യത്തിലെത്താന്‍ ഇന്ത്യന്‍ യുവത്വം കാണിക്കുന്ന ആര്‍ജവമാണ്‌ ഇവിടെ ജമാല്‍ മാലിക്കിന്റെ ദൃഢമനസ്സ്‌ അടയാളപ്പെടുത്തുന്നത്‌. ചേരിയില്‍ ഒരു സ്ലം ഡോഗിന്റെ ജീവിതം നയിക്കുന്ന ജമാല്‍ മലിക്‌ എങ്ങനെ റിയാലിറ്റി ഷോയിലെത്തിയെന്നും തന്റെ ജീവിതത്തില്‍ നിന്നും പുറത്തു കടക്കാന്‍ ജമാല്‍ മാലിക്ക്‌ കണ്ടെത്തിയ ഒരു ഉപാധിമാത്രമാണ്‌ ആ റിയാലിറ്റി ഷോയെന്നും ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ മാത്രമാണ്‌ പ്രേക്ഷകന്‍ തിരിച്ചറിയുന്നത്‌.


എട്ട്‌ ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കുട്ടാന്‍ മാത്രമുള്ള സ്ലം ഡോഗ്‌ മില്ലിനിയറുടെ സവിശേഷത സിനിമയുടെ ക്രാഫ്‌റ്റിന്റെ സൂക്ഷ്‌മമായ കൈയടക്കമാണ്‌. വളരെ ബുദ്ധിപൂര്‍വമാണ്‌ ഡാനിബോയല്‍ ഈ ചിത്രത്തെ സമീപിച്ചിട്ടുള്ളതെന്ന്‌ ആ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലൂടെ കടന്നു പോകുമ്പോഴും അനുവാചകന്‌ ബോധ്യമാകും. റിയാലിറ്റി ഷോയിലെ ചോദ്യങ്ങളിലൂടെ തന്റെ തന്നെ ജീവിതം തേടുന്ന ജമാല്‍ മാലിക്‌ ദാരുണമായ ഓര്‍മകളിലൂടെ അലയുകയാണ്‌. ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അസ്വാഭാവികത ഒട്ടും തന്നെയില്ലാതെ ചിത്രീകരിക്കാന്‍ ബോയലിനു കഴിഞ്ഞിട്ടുണ്ട്‌. പ്രേക്ഷകരുടെ ഹൃദയത്തെ മുറിക്കുന്ന രംഗങ്ങളും ചിത്രവസാനം വരെ മുള്‍മുനയില്‍ നിര്‍ത്താന്‍ പര്യാപതമായ ക്ലൈമാക്‌സുമാണ്‌ ഈ ചിത്രത്തെ ബോക്‌സോഫീസില്‍ ഒരു വന്‍വിജയത്തിലെത്തിക്കുന്ന ഘടകങ്ങള്‍. വൈരൂപ്യം നിറഞ്ഞ ജീവിത മൂഹൂര്‍ത്തങ്ങള്‍ക്കിടയിലെ സൗന്ദര്യം തേടുകയാണ്‌ യഥാര്‍ത്ഥത്തില്‍ ബോയല്‍ ചെയ്യുന്നത്‌. ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ അഴകുള്ള അവാസ്‌തവികതയേക്കാള്‍ മൂര്‍ച്ചയും സൗന്ദര്യവുമുണ്ടെന്ന്‌ ബോയല്‍ അടിവരയിടുന്നു. മലത്തില്‍ മുങ്ങി നീന്തി അമിതാഭ്‌ ബച്ചനെ കാണാന്‍ പോകുന്ന ചേരിയിലെ ബാലന്റെ (ഏറെ വിമര്‍ശിക്കപ്പെട്ട രംഗം) ചിത്രീകരണത്തില്‍ പോലും ഒരു ആന്തരിക സൗന്ദര്യമുണ്ട്‌.


മൂന്നു ക്ലൈമാക്‌സിനെ ഒരേ സമയത്തേക്ക്‌ നീക്കിവെച്ച ബോയലിന്റെ സംവിധാന മിടുക്ക്‌ അദ്ദേഹത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിലെത്തിച്ചെങ്കില്‍ അതിലെന്താണ്‌ അത്ഭുതപ്പെടാനുള്ളത്‌?. തന്റെ തന്നെ പഴകാല ചിത്രങ്ങളായ 'ട്രൈയിന്‍ സ്‌പോട്ടിങ്‌', '28 ഡേയ്‌സ്‌', 'സണ്‍ഷെന്‍' തുടങ്ങിയവയില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു നൂതന ശൈലിയാണ്‌ സ്ലംഡോഗില്‍ ബോയല്‍ സ്വീകരിച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ അവസാനം വരെ പ്രേക്ഷകന്റെ ഹൃദയമിടിപ്പുകള്‍ അളന്നെടുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചുട്ടുണ്ടെന്ന്‌ ആ ചിത്രത്തിന്റെ ബോക്‌സ്‌ ഓഫീസ്‌ വിജയം തെളിയിക്കുന്നു.


ചിത്രത്തിലേക്കാവശ്യമായ നടീനടന്മാരെയും സാങ്കേതിക വിദഗ്‌ധരേയും ഇന്ത്യന്‍ സിനിമയില്‍ നിന്നുതന്നെ കണ്ടെത്തിയതും ശ്രദ്ധേയമാണ്‌. ജമാല്‍ മാലിക്കായി ദേവ്‌ പട്ടേലും പോലീസ്‌ ഓഫിസറായി ഇര്‍ഫാന്‍ ഖാനും ലതികയായി ഫ്രഡ പിന്റോയും തങ്ങളുടെ റോളുകള്‍ ഭദ്രമാക്കുന്നതില്‍ വിജയിച്ചു. ജമാല്‍ മാലിക്കിന്റെ കണ്ണുകളില്‍ സ്‌ഫുരിക്കുന്ന നിശ്ചയ ദാര്‍ഢ്യം ചിത്രത്തിന്റെ അവസാനം വരെ നിലനിര്‍ത്താന്‍ കഴിഞ്ഞത്‌ എടുത്തുപറയേണ്ട ഒന്നാണ്‌. വികാസ്‌ സ്വരൂപിന്റെ 'ക്യൂ ആന്റ്‌ എ' എന്ന നോവലില്‍ നിന്ന്‌ സൈമണ്‍ ബൂഫോ വികസിപ്പിച്ചെടുത്ത തിരക്കഥ ബോയലിനെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ടാകാം.


നമ്മുടെ സിനിമാ സംവിധായകര്‍ വിദേശത്തു നിന്ന്‌ പ്രതിഭകളെ കൊണ്ടുവരുമ്പോള്‍ ബോയല്‍ അത്‌ ഇന്ത്യയില്‍ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു. കെ. പി. കുമാരന്‍ ആകാശ ഗോപുരം എന്ന ചിത്രത്തില്‍ ഹോളിവുഡ്‌ സംഗീത സംവിധായകനെ അവതരിപ്പിച്ചപ്പോള്‍ ഷാജി എന്‍ കരുണ്‍ വാനപ്രസ്ഥം എന്ന സിനിമയിലേക്ക്‌ പാരീസില്‍ നിന്ന്‌ ശബ്‌ദലേഖകനെ വരുത്തിയതും ഓര്‍ക്കേണ്ടതുണ്ട്‌. കേരളത്തിലെ ഒരു പ്രതിഭയ്‌ക്ക്‌ ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന്‌ വിശ്വസിച്ചിരുന്ന ഓസ്‌കര്‍ പുരസ്‌ക്കാരം റസൂല്‍ പൂക്കുട്ടിയെ സ്ലംഡോഗിലൂടെ അവതരിപ്പിക്കുക വഴി യാഥാര്‍ത്ഥ്യമാക്കാന്‍ ഡാനി ബോയലിന്‌്‌ കഴിഞ്ഞത്‌ ഒരുപക്ഷേ ചരിത്രത്തിന്റെ വിരോധാഭാസമായിരിക്കാം. ഇന്ത്യന്‍ സിനിമയെ സ്‌നേഹിക്കുന്ന ഒരാളാണ്‌ താനെന്ന്‌ തുറന്നു പറയാന്‍ മടിക്കാത്ത ഡാനി ബോയല്‍, സ്ലം ഡോഗ്‌ മില്ലെനിയര്‍ എന്ന ചിത്രത്തിന്‌ പ്രചോദനമായത്‌ രാംഗോപാല്‍ വര്‍മയുടെ സത്യയും കമ്പനിയുമാണെന്ന്‌ 2008 ലെ 'ടെല്ലുറൈഡ്‌' ഫിലിമോല്‍സവത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ പൊങ്ങച്ചങ്ങളുടെ മാസ്‌മരികമായ ലോകത്തു ജീവിക്കുന്ന നമ്മുടെ സിനിമാ പ്രവര്‍ത്തകരോട്‌ സഹതാപം തോന്നുവെങ്കില്‍ അതിലാരും ഒട്ടും പരിഭവിക്കേണ്ടതില്ല.

Tuesday, May 19, 2009

അരവിന്ദനെ ഓര്‍ക്കുമ്പോള്‍..........


നിശ്ശബ്‌‌ദതയുടെ ദൃശ്യപരത

സിനിമ സംവിധായകന്റെ മാത്രം കലയാണോയെന്ന ചോദ്യം ഉയര്‍ന്നുകൊണ്ടിരിക്കെ, അതെ എന്ന്‌ ശക്തവും ധീരവുമായ ശബ്‌ദത്തില്‍ പറയാന്‍ മടിയില്ലാത്ത ചലചിത്രകാരനായിരുന്നു ജി. അരവിന്ദന്‍. സിനിമയില്‍ സംവിധായകന്റെ മൗലികത എത്രത്തോളം സന്നിവേശിപ്പിക്കാമെന്നതിന്‌ ഉത്തമോദാഹരണങ്ങളാണ്‌
അദ്ദേഹത്തിന്റെ സിനിമകള്‍.

അറുപതുകളില്‍ വളര്‍ന്നു വന്ന മലയാള സിനിമയെ അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തിയ അപൂര്‍വം ചലചിത്രകാരന്മാരിലൊരാളായിരുന്നു അരവിന്ദന്‍. വിദേശ സിനിമകളോടുപോലും മത്സരിക്കാന്‍ തക്ക ഭാവ സാന്ദ്രമായിരുന്നു അരവിന്ദന്‍ ചിത്രങ്ങള്‍. ഒരു ചിത്രകാരനായി ജീവിതം തുടങ്ങിയ അരവിന്ദന്റെ ജീവിതം അഭ്രപാളികളിലേക്ക്‌ പറിച്ചുനടപ്പെട്ടത്‌ ആകസ്‌മികമായിരുന്നു. മാതൃഭൂമിയുടെ അവസാന പുറത്തില്‍ 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന പേരില്‍ കാര്‍ട്ടൂണുകള്‍ വരച്ചു ജീവിച്ചിരുന്ന അരവിന്ദന്‍ മലയാള സിനിമയ്‌ക്കായി തന്റെ ബാക്കി ജീവിതം മാറ്റിവെയ്‌ക്കുകയായിരുന്നു. ചെറുപ്പകാലം മുഴുവന്‍ ചിത്രരചനയ്‌ക്കായി നല്‍കിയ അരവിന്ദന്‍ വളരെ ഹൃസ്വമായ ജീവിതമാണ്‌ ചലചിത്രങ്ങള്‍ക്കായി ബാക്കിവെച്ചത്‌്‌. കൂട്ടുകാരുമായി ചേര്‍ന്നു രൂപം നല്‍കിയ ചലചിത്ര ക്ലബുകളാണ്‌ അരവിന്ദന്‍ എന്ന ചലചിത്ര സംവിധായകനെ സൃഷ്ടിച്ചത്‌. നിറങ്ങളുടെ വര്‍ണ്ണവൈവിധ്യങ്ങളുടെ ലോകത്തു ജീവിച്ചിരുന്ന അരവിന്ദനെ സംബന്ധിച്ചിടത്തോളം സിനിമയുടെ ലോകം അപരിചിതമായ ഒരു മായക്കാഴ്‌ചയായിരുന്നില്ല. ആശങ്ങളുടെ വര്‍ണ്ണത്തിന്‌ വര്‍ണ്ണവിധേയമായി ദൃശ്യങ്ങള്‍ നല്‌കി കാഴ്‌ചക്കാരോട്‌ ആത്മബന്ധം നടത്താനുള്ള കഴിവ്‌ ഒരു ചലചിത്രകാരന്‍ എന്ന നിലയില്‍ അരവിന്ദനെ പെട്ടെന്നു തന്നെ ശ്രദ്ധേയനാക്കി.

സര്‍ക്കസ്‌ കൂടാരത്തിലെ അപരിചിതരായ ഒരു പറ്റം മനുഷ്യരുടെ സുഖവും ദുഖവും വരച്ചു കാണിച്ചാണ്‌ അരവിന്ദന്‍ സിനിമയുടെ ലോകത്തേക്ക്‌ പ്രവേശിച്ചത്‌. മലയാള സിനിമയെ മാറ്റിമറിച്ച ഒരു ചിത്രമൊന്നുമായിരുന്നില്ല തമ്പ്‌ എങ്കിലും അരവിന്ദന്‍ ഉപയോഗിച്ച സിനിമാ വ്യാകരണം പരമ്പാഗതമായ പാതയില്‍ നിന്ന്‌ തികച്ചും വ്യതിചലിച്ച ഒന്നായിരുന്നു അക്കാലത്ത്‌. അതുകൊണ്ടു തന്നെ സിനിമ വേദിയില്‍ ഒട്ടേറെ ചര്‍ച്ചയ്‌ക്ക്‌ വന്ന ഒരു ചിത്രമായി തമ്പ്‌ മാറി. പിന്നീട്‌ അദ്ദേഹം ചെയ്‌ത ചിത്രങ്ങളില്‍ പലതും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമാവുകയും മിക്ക ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. അടിസ്ഥാനപരമായി ഒരു ചിത്രകാരനായതുകൊാവാം മനോഹര ചിത്രങ്ങള്‍ ഫ്രയിമില്‍ ഉള്‍പ്പെടുത്താന്‍ അരവിന്ദന്‍ എന്നും ഉത്സുകനായിരുന്നു. അമിതമായ ഈ സൗന്ദര്യബോധം ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക്‌ ജീവിതത്തിന്റെ ദശാസന്ധികളില്‍ വെച്ച്‌ മനുഷ്യര്‍ക്ക്‌ അനുഭവപ്പെടുന്ന തീഷ്‌ണ വികാരങ്ങളെ യഥാതഥമായി പകര്‍ത്തുവാന്‍ കഴിയാത്തവിധം വിഘ്‌നങ്ങളും സൃഷ്‌ടിച്ചിട്ടുണ്ട്‌. പ്രധാന അശയങ്ങളെ അതേ പടി നിലനിറുത്തി മറ്റൊരു കഥ ഉള്‍കൊള്ളിക്കാനുള്ള അരവിന്ദന്റെ അപാരമായ കഴിവാണ്‌ മറ്റുള്ള സംവിധായകരില്‍ നിന്നും അരവിന്ദനെ മാറ്റി നിര്‍ത്തിയത്‌. ചെറിയ റോളുകളില്‍ പോലും പ്രത്യക്ഷപ്പെട്ടുന്ന കഥാപാത്രങ്ങള്‍ക്ക്‌ അവിസ്‌മരണീയമായ ജീവിത മുഹുര്‍ത്തങ്ങള്‍ നല്‍കാന്‍ ഇതുവഴി അരവിന്ദനു കഴിഞ്ഞു. ഒരു കഥ പറച്ചിലുകാരന്റെ ലാഘവത്തോടെ പ്രേക്ഷകനുമായി സംവദിക്കുവാനുള്ള കഴിവും അവരില്‍ തീഷ്‌ണ വികാരങ്ങള്‍ സൃഷ്ടിക്കാനുള്ള ദൃശ്യബോധവും മറ്റുള്ളവരില്‍ നിന്ന്‌ അരവിന്ദനെ വ്യത്യസ്‌തനാക്കുന്നു.

തമ്പില്‍ നിന്നു തുടങ്ങി ഉത്തരായണവും ഒരിടത്തും കഴിഞ്ഞ്‌ ചിദംബരത്തില്‍ വന്ന്‌ നില്‍ക്കുന്ന അരവിന്ദന്‍ ചിത്രങ്ങളുടെ പ്രത്യേകത, ജീവിതത്തില്‍ നിന്ന്‌ ചീന്തിയെടുത്തതെന്ന്‌ തോന്നിപ്പിക്കുന്ന രീതിയിലുള്ള യാഥാര്‍ത്ഥ്യബോധമുള്ള ഒരു സംവിധായകന്റെ ആത്മഭാവനകളുടെ ആവിഷ്‌കാരം അവയിലൊക്കെയും തുടിക്കുന്നുവെന്നതാണ്‌. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച്‌ തന്റെ ഓരോ ചിത്രവും വ്യത്യസ്‌തമാക്കാന്‍ തുടക്കം മുതലേ അരവിന്ദന്‍ ശ്രദ്ധിച്ചിരുന്നു. അവയില്‍ ഏറിയപങ്കും സാധാരണക്കാരനായ മനുഷ്യരുടെ അസാധാരണമായ ജിവിത പശ്ചാത്തലങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു. അധികം ബിംബങ്ങളോ തീഷ്‌ണമായ വര്‍ണ്ണങ്ങളോ ഉപയോഗിക്കാത്ത ലളിതമായ ഈ ചിത്രങ്ങള്‍ പക്ഷേ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ അനാവരണം ചെയ്യുന്നവയായിരുന്നു.

കാല്‍ നൂറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തിനിടയ്‌ക്ക്‌ ഒത്തിരിയേറെ ചിത്രങ്ങള്‍ അരവിന്ദന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌്‌. രണ്ടു ചിത്രങ്ങളൊഴിച്ച്‌ (മാറാട്ടവും ഉണ്ണിയും) മറ്റെല്ലാ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ളവയാണ്‌. ഒന്നിലേറെ തവണ ഏറ്റവും നല്ല സംവിധായകന്‍ എന്ന പദവിയും അദ്ദേഹത്തിന്‌ നേടിയിട്ടുണ്ട്‌. ഇവയില്‍ ചിദംബരം എന്ന ചിത്രം മറ്റെല്ലാ അരവിന്ദന്‍ ചിത്രങ്ങളില്‍ നിന്നും മികച്ചു നില്‍ക്കുന്നു. അരവിന്ദന്റെ മാസ്റ്റര്‍ പീസാണ്‌ ചിദംബരം എന്നു തന്നെ പറയാം. വൈവിധ്യ ആശയങ്ങള്‍ കൈകൊള്ളുന്ന അരവിന്ദന്‍ അത്‌ ആവിഷ്‌കരിക്കുന്നതിലും വേറിട്ട രീതിയാണ്‌ അവലംബിച്ചുപോന്നിട്ടുള്ളത്‌. ഒരിടത്ത്‌ എന്ന ചിത്രത്തില്‍ പരിഷ്‌കാരങ്ങള്‍ കടന്നെത്താത്ത അന്ധവിശ്വാസങ്ങളില്‍ അമര്‍ന്നു കിടക്കുന്ന നിഷ്‌കളങ്കമായ ഒരു ഗ്രാമത്തിലേക്ക്‌ ഇലക്‌ട്രിസിറ്റി കടന്നുവരുന്നതോടെ ഉടലെടുക്കുന്ന നാഗരികതയാണ്‌ വിഷയമെങ്കില്‍ ഗ്രാമത്തില്‍ അഭയം തേടിയെത്തുന്ന ഒരു നെക്‌സലൈറ്റിന്റെ ഒളിജീവിതമാണ്‌ പോക്കുവെയില്‍ എന്ന ചിത്രത്തില്‍. ചിദംബരമാകട്ടെ അപരിഷ്‌കൃതമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ദുരന്തത്തിന്റെ ദാരുണമായ കഥ പറയുകയാണ്‌. ഇങ്ങനെ ഗ്രാമങ്ങളും ഗ്രാമീണ കഥാപാത്രങ്ങളും മാറിമറിഞ്ഞുവരുന്നു അരവിന്ദന്‍ ചിത്രങ്ങളില്‍.

അരവിന്ദന്റെ ശ്രദ്ധിക്കാതെ പോയ രണ്ടു ചിത്രങ്ങളാണ്‌ ഉണ്ണിയും മാറാട്ടവും. കഥകളി ആശാന്റെയും ശിഷ്യന്മാരുടെയും കാഴ്‌ചക്കാരുടെയും അന്വേഷണങ്ങളിലൂടെ പിന്നിട്ട്‌ വിഭ്രാത്മകതയില്‍ ചെന്നെത്തി നില്‍ക്കുന്ന മാറാട്ടവും ആഗ്ലോ ഇന്ത്യന്‍ യുവാവിന്റെ ചാപല്യങ്ങളുടെ കഥ പറയുന്ന ഉണ്ണിയും ടെലിഫിലിമുകളായതുകൊാവണം ഒരുപക്ഷേ ശ്രദ്ധ നേടാതെ പോയത്‌. ടെലിഫിലിമുകളും സീരിയലുകളും ഏറേ പ്രചാരത്തിലില്ലാത്ത ഒരു കാലത്താണ്‌ ഈ രണ്ടു ചിത്രങ്ങളുടെയും നിര്‍മ്മിതിയെന്നതും ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമായിരിക്കാം.

തമ്പില്‍ നിന്ന്‌ തുടങ്ങി വാസ്‌തുഹാരയില്‍ വന്നെത്തുമ്പോള്‍ അരവിന്ദന്റെ ദൃശ്യഭാഷയ്‌ക്ക്‌ തീഷ്‌ണതയും ആഴവും ഏറുന്നതായി കാണാം. അഭയാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്രയുടെ കഥയാണ്‌ നേരത്തെ കഥ എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ സി. വി. ശ്രീരാമന്റെ വസ്‌തുഹാര. അഭിയാര്‍ത്ഥികളെ അവരുടെ സ്വപ്‌ന ഭൂമിയിലേക്ക്‌ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന റഫ്യൂജി ഓഫീസര്‍ വേണുവിലൂടെ കാലങ്ങളായി അഭിയാര്‍ത്ഥികളുടെ ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അര്‍ത്ഥം തേടുകയാണ്‌ അരവിന്ദന്‍ വാസ്‌തുഹാരയില്‍. 1971 ലെ ബംഗാള്‍ വിഭജനകാലത്ത്‌ കല്‍ക്കത്തയിലെ റാണാഘട്ടിലെ അഭയര്‍ത്ഥി കോളനിയില്‍ തങ്ങളുടേതെല്ലാം ഇട്ടെറിഞ്ഞ്‌ ബന്ധങ്ങള്‍പോലും മുറിഞ്ഞു സ്വപ്‌നങ്ങള്‍ ഹൃദയത്തിലൊതുക്കി അഭയം തേടിയെത്തിയ അഭയാര്‍ത്ഥികള്‍. അവര്‍ക്കിടയിലെ പരിചിതമുഖങ്ങളായ ആരതിപണിക്കരും പുത്രിയും. അവര്‍ തന്റെ എല്ലാമായിരുന്ന വിപ്ലകാരിയും സാഹിത്യകാരനുമായിരുന്ന, വാസ്‌തുഹാരയിലെ ഒരു ഫ്രെയിമില്‍ പോലും പ്രത്യക്ഷപ്പെടാത്ത, കുഞ്ഞുണ്ണിപണിക്കരുടെ ഭാര്യയും മകളുമാണെന്നറിയുമ്പോഴുള്ള വേണുവിന്റെ ദുഖവും അവരെ വീണ്ടും ജീവിതത്തിന്റെ വസന്തങ്ങളിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരാനുള്ള വിഫലമായ പരിശ്രമവുമാണ്‌ വാസ്‌തുഹാരയുടെ ഇതിവൃത്തം. അഭയാര്‍ത്ഥി പ്രവാഹത്തിന്റെ തിരക്കില്‍ ബന്ധങ്ങള്‍ അറ്റുപോകുന്നതിന്റെയും ദൈവങ്ങളെപ്പോലും ഉപേക്ഷിക്കേണ്ടിവരുന്നതിന്റെയും തീവ്രമായ ദുഖവും നിസ്സഹായുമാണ്‌ ഈ ചിത്രം വരച്ചിടുന്നത്‌. വാചാലമായ മൗനത്തിലൂടെയും മിന്നിമറയുന്ന ബിംബങ്ങളിലൂടെയുമാണ്‌ പ്രേക്ഷകരുടെ നെഞ്ചിടിപ്പുകളെ കൃത്യമായി അരവിന്ദന്‍ അളന്നെടുക്കുന്നതെന്നു കാണാം. നിശ്ശബദ്‌ത ശബ്‌ദം പോലെ തന്നെ സിനിമയുടെ അഭിവാജ്യ ഘടകമാണെന്ന്‌ തിരിച്ചറിഞ്ഞ മലയാളത്തിലെ അപൂരവ്വം ചില സംവിധായകരില്‍ ഒരാളാണ്‌ അരവിന്ദനെന്ന്‌ ഈ ചിത്രം തെളിയിക്കുന്നു. ജീവിതത്തിന്റെ അതി സങ്കീര്‍ണ്ണതയെ പലപ്പോഴും അരവിന്ദന്‍ വ്യാഖ്യാനിക്കുന്നത്‌ നിശ്ശബ്‌ദതകൊണ്ടാണ്‌. ബര്‍ഗ്മാനും തര്‍ക്കോവിസ്‌കിയും നേരത്തെ പരീക്ഷിച്ചതാണെങ്കിലും മലയാളത്തില്‍ ആദ്യമായി നിശ്ശബ്ദതയുടെ ആഴം ചലചിത്രങ്ങളില്‍ ഒരു കഥാപാത്രത്തിന്റെ സാന്നിദ്ധ്യംപോലെ അനുവഭവിക്കുന്നത്‌ അരവിന്ദന്‍ ചിത്രങ്ങള്‍ മാത്രമാണ്‌. തകര്‍ന്നടിയുന്ന സ്വപ്‌നങ്ങളുടെയും നഷ്‌ടപ്പെടുന്ന ആത്മബന്ധങ്ങളുടെയും ദുഖം നിശ്ശബ്ദമായ ചില മിന്നല്‍ ചിത്രങ്ങളിലൂടെ (ഉദാഹരണം തകര്‍ന്ന ട്രൈയിനിന്റെ ബോഗികള്‍, കാടിന്റെ ഉള്ളറ തേടിപ്പോകുന്ന ക്യാമറക്കാഴ്‌ചകള്‍, ജീര്‍ണ്ണിച്ച കെട്ടിടങ്ങളും ലോറിയും എന്നിവ) തെന്നിതെന്നി നീങ്ങുന്ന സണ്ണിജോസഫിന്റെ ക്യാമറ സത്യത്തില്‍ പ്രേക്ഷകരുടെ മനസ്സും കാഴ്‌ചയുമാകുന്ന അപൂര്‍വ്വ നിമിഷമാക്കി തീര്‍ക്കാന്‍ പ്രതിഭാശാലിയായ ഒരു സംവിധായകനുമാത്രമേ കഴിയൂ. ഷാജി എന്‍ കരുണിന്റെ പിറവിയെന്ന ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ച അരവിന്ദന്‍ വിരഹവേദനയെ നിശ്ശബ്ദതയിലൂടെ തീഷ്‌‌ണമായി അനുഭവവേദ്യമാക്കിയത്‌ ഇവിടെ കൂട്ടിവായിക്കാം.

എതെങ്കിലും ചലചിത്രസിദ്ധാന്തത്തെയോ ചലചിത്ര വ്യാകരണത്തേയോ പിന്‍പറ്റാത്ത അരവിന്ദന്‍ ചിത്രങ്ങള്‍ അതിന്റെ വിനോദ മുല്യങ്ങള്‍ക്കപ്പുറം ഒരു സര്‍ഗധനനായ കലാകാരന്റെ മാനുഷികവും വൈയക്തികവുമായ ആത്മഭാവങ്ങളുടെ ആവിഷ്‌കാരമാണ്‌്‌്‌്‌. ശബ്‌മുഖരിതമായ ഒരു ചലചിത്ര സംസ്‌കാരത്തെ പിന്‍പറ്റുന്ന നമ്മുടെ നിരൂപകരും സിനിമ പ്രവര്‍ത്തകരും വേണ്ട രീതിയില്‍ അരവിന്ദന്‍ ചിത്രങ്ങളെ വിലയിരുത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്‌. ജോണ്‍ എബ്രഹാമിനെ പോലെ അവകാശികളാരുമില്ലാതിരുന്നതിനാലും തന്റെ ചലചിത്രങ്ങളെപ്പറ്റി പോലും അരവിന്ദന്‍ നിശ്ശബ്ദനായിരുന്നതിനാലുമാണ്‌ ചലചിത്രലോകം അവരവിന്ദനെ പെട്ടെന്ന്‌ വിസ്‌മരിച്ചുപോകുന്നതെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിരീക്ഷണത്തോട്‌ നമ്മുക്കും ഇവിടെ യോജിക്കാം. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭാശാലിയുടെ സൃഷ്‌ടികള്‍ കാലങ്ങള്‍ക്കതീതമാണ്‌. അതുകൊണ്ടു തന്നെ വരും തമമുറയ്‌ക്ക്‌ അരവിന്ദന്‍ ചിത്രങ്ങളെ കാണാതെ കടന്നുപൊകാന്‍ കഴിയില്ല. ഓരോ ചിത്രവും ഒരു ചലചിത്ര ഗ്രന്ഥമാക്കി മാറ്റിയ അരവിന്ദനെ പഠിക്കാതെ ഒരു ചലചിത്ര വിദ്യാര്‍ത്ഥിക്കും മുന്നോട്ടു പോകാനും കഴിയില്ല.

Monday, March 9, 2009

പത്മരാജന്റെ ലോകം

ദൃശ്യവിസ്‌മയങ്ങളുടെ രാജകുമാരന്‍.

വളരെ ഹൃസ്വമായ ജീവിതകാലയളവില്‍ സാഹിത്യത്തിലും സിനിമയിലും സര്‍ഗ്ഗാത്മകതയുടെ നാളങ്ങള്‍ പുതിയ തലമുറക്കായി കരുതിവെച്ച കലാകാരനായിരുന്നു പി. പത്മരാജന്‍. തനിക്കപരിചിതമായ ഒരു ലോകത്തിലൂടെ അലയാന്‍ വിധിക്കപ്പെട്ട തീര്‍ത്ഥാടകനായ എഴുത്തുകാരന്‍. സാഹിത്യത്തിന്റെയും കലയുടെയും സുവര്‍ണ്ണകാലഘട്ടമായ എഴുപതുകളില്‍ എഴുതിത്തുടങ്ങുമ്പോഴേ പത്മരാജനില്‍ നല്ലൊരു കലാകാരനുണ്ടായിരുന്നു. കുറഞ്ഞകാലം കൊണ്ട്‌ വ്യത്യസ്‌തത തേടുന്ന എഴുത്തുകാരന്‍ എന്ന പ്രശസ്‌തി നേടാനായതും ഒരുപക്ഷേ അതുകൊണ്ടാവണം.

നിരര്‍ത്ഥകമാവുന്ന അന്വേഷണങ്ങളും ശൈഥില്യം സംഭവിക്കുന്ന കുടുംബ ബന്ധങ്ങളും മൂശയില്‍ വാര്‍ത്തെടുത്ത്‌ പത്മരാജന്‍ ആസ്വാദകരുടെ മമ്പിലെത്തിച്ചു. അസ്‌ത്രങ്ങളുടെ സ്ഥൂലതയാണ്‌ പത്മരാജന്‍ കഥകള്‍ക്ക്‌. ഉറക്കംവരാത്ത രാത്രികളില്‍ കഥകളുടെ ഈറ്റില്ലമായിരുന്ന ഞവരയ്‌ക്കല്‍ തറവാട്ടില്‍ അമ്മയുടെ മടിയില്‍ കിടന്ന്‌ കഥകള്‍ കേട്ടു വിസ്‌മയിച്ചിരുന്ന കുട്ടിയുടെ മനസ്സുതന്നെയായിരുന്നു പത്മരാജന്‍ എന്ന എഴുത്തുകാരനും. കാല്‍പ്പനികതയുടേയും ആധുനികതയുടേയും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ എഴുത്തിലേക്കുപ്രവേശിച്ചപ്പോഴും അന്നത്തെ കഥാസാഹിത്യത്തിന്‌ അപരിചിതമായ മേഘലകളിലൂടെ സഞ്ചരിക്കാനാണ്‌ പത്മരാജന്‍ ഇഷ്‌ടപ്പെട്ടത്‌. പുതിയ ആശയങ്ങള്‍ക്ക്‌ പുതുകാല ഘട്ടത്തിന്റെ അത്ഥതലങ്ങള്‍ നല്‍കാന്‍ എന്നും മുന്‍പന്തിയിലായിരുന്നു പത്മരാജന്‍. എന്നാല്‍ ആധുനിക തത്വശാസ്‌ത്രം തനിക്കപരിചിതമല്ലെന്ന്‌ തെളിയിക്കുന്ന രചനകളും ആ വിരല്‍ത്തുമ്പുകളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്‌. ചൂണ്ടല്‍, കിഴക്കേയറ്റം, പ്രതിമയും രാജകുമാരിയും. എന്നീ രചനകള്‍ ആധുനികയില്‍ നിന്നു ഉത്തരാധുനികയിലേക്കുള്ള സര്‍ഗധനനായ ഒരെഴുത്തുകാരന്റെ പ്രയാണത്തെ അടയാളപ്പെടുത്തുന്നു.

ശക്തവും ഭാവസാന്ദ്രവുമായ ഭാഷ, അയത്‌നലളിതമായ ശൈലി എന്നിവ പത്മരാജന്‍ കഥകളുടെ പ്രത്യേകതയായി കാണാം. ഇത്‌ അദ്ദേഹത്തിന്റെ സിനിമകളിലും പില്‍ക്കാലത്തെഴുതിയ നോവലുകളിലും പ്രതിഫലിക്കുന്നുണ്ട്‌. നോവലിസ്റ്റായ പത്മരാജന്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതായി അനുഭവപ്പെടുന്നത്‌ കഥാസാഹിത്യത്തിലുള്ള പരിമിതിയാലല്ല, മറിച്ച്‌ വലിയ ക്യാന്‍വാസില്‍ എഴുത്തുകാരന്‌ കൂടുതല്‍ ആവിഷ്‌കാര സ്വാതന്ത്യം ഉള്ളതുകൊണ്ടും അത്‌ വളരെ ഫലപ്രദമായി എഴുത്തുകാരന്‌്‌ അടയാളപ്പെടുത്താനാവുന്നതു കൊണ്ടും കൂടിയാണ്‌്‌. പ്രതിമയും രാജകുമാരിയും, ഉദകപ്പോള, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര ഋതുഭേതങ്ങളുടെ പാരിദോശികം, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ പരുക്കന്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ പക്വതയാര്‍ന്ന ഒരെഴുത്തുകാരന്റെ സൗമ്യവും ദീപ്‌തവുമായ സര്‍ഗ്ഗപ്രയാണമാണ്‌്‌. കോളേജ്‌ കുമാരിയുടെ കൗമാരത്തിന്റെയും ചാപല്യത്തിന്റെയും കഥപറയുന്ന നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ 1974 - ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമായി. അന്ന്‌ പത്മരാജന്‌ വെറും ഇരുപത്തൊന്നു വയസ്സാണ്‌ പ്രായമെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌.

പത്മരാജനിലെ സിനിമാക്കാരന്‍ ഉണരുന്നത്‌ 1972- ല്‍ പ്രയാണം എന്ന ചിത്രത്തിന്‌ തിരക്കഥ എഴുതികൊണ്ടാണ്‌. സ്വന്തം കഥയ്‌ക്ക്‌ ശക്തമായ ഭാഷയില്‍ തിരക്കഥ എഴുതി ഏതുതരം സിനിമയുടേയും ബ്ലൂപ്രിന്ററുകള്‍ തയ്യാറാക്കുന്നത്‌ എഴുത്തുകാരനാണെന്ന്‌ തെളിയിക്കാന്‍ പത്മരാജനു കഴിഞ്ഞു. യഥാര്‍ത്ഥ അനുഭവത്തെ, ജീവിതത്തിന്റെ അസാധാരണമായ നാടകീയതയെ ആവിഷ്‌കിരിക്കാന്‍ സാഹിത്യം മതിയാവില്ല തോന്നലാവണം പത്മരാജനേയും ചലചിത്രത്തിന്റെ മാസ്‌മരികമായ വര്‍ണവൈവിധ്യങ്ങളിലേക്ക്‌ ആകര്‍ഷിച്ചത്‌.

എം. ടിക്ക്‌ ശേഷം ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്തായിരുന്നു പത്മരാജന്‍. ഭരതനുമായി ചേര്‍ന്ന്‌ ഒരുപിടി നല്ല ചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതി പത്മരാജന്‍ വളരെ പെട്ടെന്ന്‌ മലയാള സിനിമയില്‍ ഒരിടം സ്വന്തമാക്കി. മനസ്സില്‍ താലോലിച്ചിരുന്ന സ്വപ്‌നങ്ങള്‍ക്ക്‌ അര്‍ത്ഥതലം തേടിയത്‌ പിന്നേയും നാലഞ്ചുവര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌. പകയുടെയും പ്രതികാരത്തിന്റെയും തീപൊള്ളുന്ന കഥ എണ്ണമയമുള്ള വാണിയന്‍ തെരുവിനെ പശ്ചാത്തലമാക്കി, ഭാവസാന്ദ്രമായ ഒരു ഗീതം പോലെ അഭ്രപാളികളില്‍ രചിക്കപ്പെട്ട പെരുവഴിയമ്പലം എന്ന സിനിമയിലൂടെ. ജീവിതത്തിന്റെ രണ്ടറ്റത്ത്‌ നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ നിലവിലുള്ള നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക വഴി, പാത്രസൃഷ്‌ടി സിനിമയുടെ വലിയ ഒരു ഭാഗമാണെന്ന്‌ പത്മരാജന്‍ കുറിച്ചിട്ടു. എന്നാല്‍ പത്മരാജനിലെ സംവിധായകന്‍ പരിലസിച്ചുനില്‍ക്കുന്നത്‌ ഒരിടത്തൊരു ഫയല്‍മാന്‍ എന്ന ചിത്രത്തിലാണ്‌. കല ജീവിതവൃത്തിയായി സ്വീകരിക്കുന്ന കലാകാരന്റെ ഏകാന്തതയും ഭീതിയും നിസ്സംഗതയും ഈ സിനിമയിലൂടെ ദൃശ്യഭാഷയായി. ഒരു കലാകാരന്റെ ആത്മസംഘര്‍ഷങ്ങളെക്കുറിച്ചെന്നതുപോലെ ദാമ്പത്യത്തിന്റെ തകര്‍ച്ചെയെകുറിച്ചുമുള്ള സിനിമ കൂടിയാണ്‌ ഒരിടത്തൊരു ഫയല്‍മാന്‍. അന്താരാഷ്‌ട്ര തലത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിന്റെ സാമ്പത്തിക പരാജയം ഏതൊരു കലാകാരനേയും പോലെ പത്മരാജനേയും വേദനിപ്പിച്ചു. സാമ്പത്തിക ഭദ്രതയുള്ള ചിത്രത്തിന്റെ സംവിധായകനെ സിനിമാ വ്യവസാത്തില്‍ പിടിച്ചുനില്‍ക്കാനാവൂ എന്ന കണ്ടെത്തലാവണം സമാന്തര സിനിമ എന്ന സങ്കല്‍പ്പത്തിലേക്ക്‌ പത്മരാജനേയും തള്ളിയിട്ടത്‌. എങ്കിലും കൂടുതല്‍ ജനങ്ങള്‍ കാണുന്ന സിനിമ നല്ല സിനിമ എന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക്‌ തെന്നി വീഴാതെ, മധ്യവര്‍ത്തി സിനിമകളില്‍ തന്റേതായ ഒരു പാത വെട്ടിയുണ്ടാക്കാനുള്ള ശ്രമം അദ്ദേഹം നടത്തുകയും അതില്‍ ഒരുപരിധിവരെ വിജയിക്കുകയും ചെയ്‌തു. എഴുത്തുകാരനില്‍ നിന്നും ചലചിത്രകാരനായി വളര്‍ന്നപ്പോള്‍ ആശയത്തിലുള്ള ന്യൂനത തിരുത്തുന്നതില്‍ പത്മരാജന്‍ ശ്രദ്ധാലുവായിരുന്നു. മധ്യവര്‍ത്തി സിനിമകളുടെ വക്താക്കളായിരുന്നു കെ. ജി. ജോര്‍ജും ഭരതനും മോഹനും മുഖ്യധാരയിലേക്ക്‌ ചാഞ്ഞുനിന്ന്‌ വിപണിയുടെ സമവാക്യങ്ങളുമായി സമരസപ്പെടുപ്പോഴും കലാമൂല്യം സിനിമയില്‍ നിലനിര്‍ത്താന്‍ പത്മരാജന്‌ മാത്രമേ കഴിഞ്ഞുള്ളൂ. എക്കാലത്തും അസ്വാദകരെ നിരാശപ്പെടുത്താത്ത ചിത്രങ്ങള്‍ പരിമിതികള്‍ക്കകത്തുനിന്ന്‌ നിര്‍മ്മിക്കാനുള്ള പാടവത്തെ ഒത്തുതീര്‍പ്പിനൊരുങ്ങാത്ത ഒരു കലാകാരന്റെ ആത്മസമര്‍പ്പണത്തിന്റെ കലയായി പത്മരാജന്‍ മാറ്റി എഴുതുകയായിരുന്നു തന്റെ സിനിമാ ജീവിതത്തിലൂടെ.

മലയാള സിനിമയുടെ വസന്തകാലമായി പൂത്തു നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ പത്മരാജന്റേതായി പുറത്തുവിടുന്നുണ്ട്‌‌. മറക്കാനാകാത്ത കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ചിത്രങ്ങള്‍. നൈസര്‍ഗ്ഗികമായ കഴിവ്‌ ഉപയോഗപ്പെടുത്തി സൃഷ്‌ടികളെ അസാദൃശൃമാക്കി നിര്‍ത്താന്‍ എല്ലാ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധിച്ചതായി കാണാം. പ്രമേയത്തിലുള്ള വൈവിധ്യം മാത്രമല്ല, ആശയാനുസൃതമായി പശ്ചാത്തലത്തെ വിന്യസിക്കാനും പാത്രസൃഷ്‌ടികളില്‍ വ്യത്യസ്‌തത പുലര്‍ത്താനുമുള്ള ശ്രമങ്ങള്‍ മറ്റു സിനിമകളില്‍ നിന്ന്‌ പത്മരാജന്‍ ചിത്രങ്ങളെ വ്യക്തിരിക്തമാക്കുന്നു.

പ്രണയത്തിന്റെ അനന്തമായ സാധ്യതകള്‍ പത്മരാജന്റെ ചിത്രങ്ങളെ ഭാവുകത്വത്തിന്റെ പുതിയ തലത്തിലേക്കുയര്‍ത്തി. പ്രണയവും മഴയും ഇഴപിരിയാതെ ദൃശ്യവല്‍ക്കരിച്ച തൂവാന തുമ്പികള്‍ മലയാളിയുടെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോകുതെങ്ങിനെ? മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ഹരിതാഭയും പശ്ചാത്തലമാക്കി രചിച്ച നമ്മുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. സ്വവര്‍ഗ്ഗാനുരാഗത്തെ രതിയുടേയും അശ്ലീലതയുടേയും നൂല്‍പ്പാലത്തിന്റെ നേരിയ അതിര്‍വരമ്പുകളിലൂടെ ചിത്രീകരിച്ച ദേശാടനക്കിളികള്‍ കരയാറില്ല മനോഹരമായ ഒരു കവിതപോലെ ഹൃദ്യമാണ്‌. സാമുഹിക വ്യവസ്‌ഥിതികള്‍ക്കകത്തുനിന്ന്‌ ചെറുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ട ഇനിയും എത്രയെത്ര ചിത്രങ്ങള്‍?

ഒരു കലാകാരന്‍ പുതിയ പരീക്ഷണങ്ങളിലൂടെയാണ്‌ കലയില്‍ കലാപം നടത്തുക. ഇത്തരം ഒരു വലിയ പരീക്ഷണമായിരുന്നു പത്മരാജന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍. കാലത്തിന്റെ കവചകുണ്‌ഢലങ്ങളണിഞ്ഞ്‌ വശ്യതയുടെ കടുംഛായങ്ങള്‍ ചുണ്ടില്‍ തേച്ചുപിടിപ്പിച്ച്‌ രാവുകളുടെ ഏകാന്തയാമങ്ങളില്‍ പ്രണയഗീതികള്‍ക്ക്‌ ചെവിടോര്‍ത്തലയുന്ന ഗന്ധര്‍വ്വസങ്കല്‍പ്പത്തെ പാടെ പൊളിച്ചെഴുതി മാനുഷികവികാരങ്ങള്‍ക്കടിമപ്പെടുകയും മനുഷ്യന്റെ പരിമിതികളേയും ബലഹീനതകളേയും സ്‌നേഹിക്കുകയും ചെയ്യുന്ന ആധുനിക ഗന്ധവ്വസങ്കല്‍പ്പത്തിലേക്കുയര്‍ത്തിയ ഈ ചിത്രം കലാമൂല്യം നിലനിറുത്തിയതുകൊണ്ടുതന്നെ ഫാന്റസിയെ ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തിയ ആദ്യത്തെ മലയാള സിനിമകൂടിയായിരുന്നു.

മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു സംവിധായകനായിരുന്നു പത്മരാജന്‍. മനുഷ്യാവസ്ഥകളുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക്‌ ക്യാമറയെ തുറന്നുപിടിച്ച കലാകാരന്‍. ഗ്രാമീണതയുടേയും നാഗരികതയുടേയും അളിഞ്ഞ മുഖങ്ങളിലൂടെ, മനുഷ്യാവസ്ഥയുടെ ഇരുട്ടുവീണ ഇടനാഴിയിലൂടെ ജീവിതത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍.

തന്റേതായ ഒരു പന്ഥാവിലൂടെ കഥ പറയുകയും ജീവിതത്തിന്‌ ദൃശ്യഭംഗി നല്‍കുകയും ചെയ്‌ത്‌ ഗന്ധവ്വലോകത്തേക്കൊരുനാള്‍ വിടവാങ്ങിയ പത്മരാജന്റെ സ്ഥാനം മലയാള സിനിമയില്‍ ഇന്നും ഒഴിഞ്ഞുകിടക്കയാണ്‌. പത്മരാജന്‍ തന്റെ കഥകളിലൂടെയും സിനിമകളിലൂടെയും സൃഷ്‌ടിച്ചെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരികതയുടെ വര്‍ണ്ണവിന്യാസങ്ങള്‍ എന്നും മലയാള പ്രേക്ഷകന്റെ മനസ്സില്‍ ഗൃഹാതുരതയായി പടര്‍ന്നു കിടക്കും. പറയാന്‍ ബാക്കിവെച്ച കഥകളുടെ നൊമ്പരങ്ങളുമായി കാലത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ പത്മരാജന്‍ കടുപോയിട്ട്‌ പതിനെട്ടുവര്‍ഷം കടന്നുപോയിരിക്കുന്നു.