Saturday, June 28, 2008

പൗലോ കൊയ്‌ലോ - അഭിമുഖംപൗലോ കൊയ്‌ലോ കാത്തിരിക്കുന്നു;

ഒരു വെളളത്തുവല്‍ കണികാണുംവരെ.

പൗലോ കൊയ്‌ലോ / വലേറി റൈസ്‌

ലോകത്തെമ്പാടുമുള്ള ആരാധകര്‍ക്ക്‌ ആല്‍ക്കമിസ്റ്റ്‌ ഉള്‍പ്പെടെ പതിനാലോളം ലോക പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവായ പൗലോ കൊയ്‌ലോയോട്‌ ചോദിക്കുവാനുള്ളത്‌ എന്തായിരിക്കും? ഈജിപ്തിലെയും സ്വീഡനിലേയും സ്പെയിനിലെയും ഇറാനിലെയും ആരാധകര്‍ കത്തു വഴിയും ഇമെയില്‍ വഴിയും ചോദിങ്ങളുമായി അദ്ദേഹത്തെ നിരന്തരം സമീപിക്കുന്നു.

തീര്‍ച്ചയായും വൈവിധ്യങ്ങളായ ആശയങ്ങള്‍ പൗലോ കൊയ്‌ലോ കണ്ടെടുക്കുന്നത്‌ എവിടെ നിന്നാണെന്നാവും അവരുടെ ആദ്യത്തെ ചോദ്യം. ലോകത്തെവിടെയുമുള്ള ആസ്വാദകരുടെ ആത്മാവിനെ ഓരേ രീതിയില്‍ തൊടുന്ന തരത്തില്‍ ആത്മാവിഷ്കാരം നടത്തുന്ന പൗലോ കൊയ്‌ലയുടെ പുസ്തകങ്ങള്‍ 65 ലേറെ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌. ചില നിരൂപകര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പള്‍പ്പ്‌ സാഹിത്യമെന്ന്‌ പുച്ഛിച്ചു തള്ളുന്നു. എന്നാല്‍ വായനക്കാര്‍ക്ക്‌ അത്തരം വിവേചനങ്ങളില്ല. നൂറ്റിയമ്പത്‌ രാജ്യങ്ങളിലായി ഒന്‍പത്‌ കോടിയോളം പുസ്തകങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള ഏറ്റവും ജനപ്രിയനായ എഴുത്തുകാരനാണ്‌ പൗലോ കൊയ്‌ലോ.59 കാരനായ ഈ എഴുത്തുകാരന്റെ "ദ വിഞ്ച്‌ ഓഫ്‌ പോര്‍ട്ട്ബെല്ലോ" (പോര്‍ട്ടു ബെല്ലോയിലെ മന്ത്രവാദിനി) എന്ന ഏറ്റവും പുതിയ നോവലിനെക്കുറിച്ച്‌ സംസാരിക്കാന്‍ ഒരിക്കല്‍ക്കൂടി പാരീസിലെത്തിയ എന്നോട്‌ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
ചോദ്യം:മന്ത്രവാദിനികളെക്കുറിച്ച്‌ ഒരു നോവലെഴുതാനുള്ള ചിന്തകള്‍ എങ്ങനെയാണുണ്ടായത്‌?
ഉത്തരം: ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ഒരു വിഷയമാണ്‌ ദൈവത്തിന്റെ സ്ത്രൈണഭാവം. പ്രധാന മതങ്ങളെല്ലാം ദൈവത്തിന്റെ സ്ത്രൈണതയെ നിരാകരിക്കുന്നുവയാണ്‌. എന്നാല്‍ ദൈവവചനങ്ങള്‍ പരിശോധിച്ചാല്‍ ഈ സ്ത്രൈണതലം നമ്മുക്ക്‌ ബോധ്യമാകും. ദൈവത്തിന്റെ ഈ സ്ത്രൈണഭാവത്തെ പ്രകൃതിയുടെ സ്ത്രൈണതയുമായി കൂട്ടിയോജിപ്പിക്കുകയായിരുന്നു ഞാന്‍. മതപരമായ വിശ്വാസങ്ങളും പ്രകൃതിയുടെ യഥാര്‍ത്ഥ സ്ത്രൈണ ഭാവവും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ പുതിയ നോവലിന്റെ ആശയം. അസാധാരണമായ ആത്മീയ സിദ്ധികളുള്ളവരെ കുറിച്ചാണ്‌ “ദ വിഞ്ച്‌ ഓഫ്‌ പോര്‍ട്ട്‌ ബെല്ലോ“ എന്ന നോവല്‍. അവര്‍ പെട്ടെന്ന്‌ സമൂഹത്തില്‍ മദ്രവാദിനികളായി മുദ്രകുത്തപ്പെടും. ആത്മീയ സിദ്ധിയുള്ളവര്‍ സാമൂഹ്യബോധത്തെ കുറ്റപ്പെടുത്തുന്നവരല്ല, പിന്നെയോ ജീവിതത്തെ ധീരമായി നേരിടുന്നവരാണ്‌. അതിലൂടെ ആനന്ദവും സ്നേഹവും കണ്ടെത്തുന്നവരാണ്‌.
ചോദ്യം: ഈ പുസ്തകത്തില്‍ ലോകത്തിലെ എല്ലാ സ്ത്രീകളും ആത്മീയ സിദ്ധിയുള്ളവരാണെന്നു ഒരു കഥാപാത്രം പറയുന്നുണ്ടല്ലോ. അത്‌ എത്രമാത്രം ശരിയാണ്‌?
ഉത്തരം: പുരുഷനേക്കാള്‍ വളരെ ഉയര്‍ന്ന ആത്മീയബോധമുള്ളവരാണ്‌ സ്ത്രീകള്‍. ആറാമിന്ദ്രീയമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലെ ഈ സവിശേഷ ഭാവം ദൈനംദിന ജീവിതത്തിലെ ചില കുരുക്കുകളില്‍ പെട്ട്‌ അധികമാരും തിരിച്ചറിയുന്നില്ല. നമ്മുടെ സമൂഹമാകട്ടെ അത്‌ അംഗീകരിക്കാന്‍ കൂട്ടാക്കുകയുമില്ല. ആത്മീയ സിദ്ധികളെ യാഥാര്‍ത്ഥ്യമായി നമ്മുക്ക്‌ കാണാന്‍ കഴിയുന്നില്ല. നമ്മള്‍ ചെയ്യേണ്ടത്‌ സ്ത്രീകളുടെ ഈ ആത്മീയ സിദ്ധിയെ കുറേക്കൂടി വളര്‍ത്തികൊണ്ടുവരികയാണ്‌. വ്യക്തികളുടെ സ്വതന്ത്രമായ ആത്മീയാന്വേഷണങ്ങള്‍ക്ക്‌ കൂറേക്കൂടി സൗകര്യം ഉണ്ടാക്കികൊടുക്കേണ്ടതുണ്ട്‌.
ചോദ്യം:ദൈവത്തിന്റെ സ്ത്രൈണഭാവത്തെ എന്തുകൊണ്ടാണ്‌ മനുഷ്യര്‍ ഭയക്കുന്നത്‌?
ഉത്തരം: ദൈവത്തിന്റെ സ്ത്രൈണത കൂടുതല്‍ സ്നേഹത്തെ ആവശ്യപ്പെടുമെന്നുള്ളതുകൊണ്ട്‌. മനുഷ്യര്‍ കൂടുതല്‍ ക്ലേശങ്ങള്‍ സഹിക്കാന്‍ തയ്യാറല്ല. സ്നേഹം ജീവിതത്തിനുമേലുളള നമ്മുടെ നിയന്ത്രണം ഇല്ലാതാക്കുമെന്നും അപരിചചിതമായ വഴിയിലേക്ക്‌ നമ്മെ നയിക്കുമെന്നും ഓരോ മനുഷ്യനും ഭയക്കുന്നു.
ചോദ്യം:എന്തുകൊണ്ടാണ്‌ സ്നേഹം സ്വീകരിക്കാന്‍ കഴിയാത്തവിധം ക്ലേശകരമായി നമ്മുക്ക്‌ തോന്നുന്നത്?സ്നേഹമാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ വൈയക്തിക ഭാവം. അതിന്‌ നമ്മെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കാന്‍ മാത്രം ശക്തിയുണ്ട്‌. സ്നേഹം എപ്പോഴും സ്വര്‍ഗത്തിലേക്ക്‌ നയിക്കുന്ന ഒന്നാണെന്നല്ല അതിന്റെ അര്‍ത്ഥം. അതൊരു ദിവാസ്വപ്നം പോലെയാണ്‌. പക്ഷേ സ്നേഹം എപ്പോഴും സഹനം നമ്മോട്‌ ആവശ്യപ്പെടുന്നുണ്ട്‌.
ചോദ്യം:സ്നേഹം ആത്മീയതയില്‍ തൊടുന്ന മൂഹൂര്‍ത്തങ്ങള്‍ താങ്കളുടെ കൃതികളില്‍ തുടര്‍ച്ചയായി കാണാം. അത്‌ സാധ്യമാണോ?
തീര്‍ച്ചയായും. അതുപക്ഷേ ഭീതിയുടേതല്ല.
ചോദ്യം:പക്ഷേ അത്തരം സന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങള്‍ ഭയപ്പെടാറുണ്ടല്ലോ?
ഉത്തരം: ശരിയാണ്‌. നമ്മള്‍ മനുഷ്യരാണ്‌. അതുകൊണ്ട്‌ മനുഷ്യന്റെ ആത്മീയ സിദ്ധികളെ ഭയപ്പെടുന്നു. പക്ഷേ അവസാന നാളില്‍ - നമ്മുക്കത്‌ ആസ്വദിക്കാനാവും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ജീവിതം അങ്ങനെയൊക്കെയാണ്‌.
ചോദ്യം:താങ്കളുടെ പുതിയ പുസ്തകത്തിന്‌ സംഗീതത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. നൃത്തം ചെയ്യാറുണ്ടോ ?
ഉവ്വ്‌. നൃത്തം ചെയ്യുമ്പോള്‍ നിര്‍മമായിരിക്കും നമ്മുടെ മനസ്സ്‌. അത്‌ സ്വന്തം അസ്തിത്വത്തില്‍ നിന്ന്‌ തന്നെ ഒരു വിടുതല്‍ സാധ്യമാക്കുന്നു. എന്റെ ആത്മാവ്‌ മാലാഖയോടൊത്ത്‌ നൃത്തം ചെയ്യുകയും അതേസമയം എന്റെ ശരീരം ഭാര്യയോടൊത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണത്‌.
ചോദ്യം:ഏതുതരം സംഗീതമാണ്‌ കൂടുതല്‍ ആസ്വദിക്കുന്നത്‌?
ഉത്തരം: എന്റെ തലമുറ പരമ്പരാകൃതമായ “റോക്ക്‌ ആന്റ്‌ റോള്‍“ സംഗീതമാണ്‌ ഇഷ്ടപ്പെടുന്നത്‌. നിങ്ങള്‍ ഒരു നൈറ്റ്‌ ക്ലബില്‍ പോകുകയാണെങ്കില്‍ “ബാം ബാം“ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുകയില്ല. ആ ശബ്ദത്തിനനുസൃതമായാണ്‌ എല്ലാവരും നൃത്തം ചെയ്യുന്നത്‌. ആരാണ്‌ പാടുന്നതെന്നതിനോ ആരാണ്‌ അത്‌ ചിട്ടപ്പെടുത്തിയതെന്നതിനോ വലിയ പ്രാധാന്യമില്ല. നൃത്തം ചെയ്യുന്നു. അത്രമാത്രം. ഇതാണ്‌ എന്റെ വൈകാരിക ജീവിതത്തെ ഊഷ്മളമായി നിലനിര്‍ത്തുന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നൃത്തത്തിലൂടെ സ്വയം നഷ്ടപ്പെടുക. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ നൃത്തം ചെയ്യാറുണ്ട്‌.
ചോദ്യം:വീട്ടിലിരിക്കുമ്പോള്‍ പാട്ട്‌ കേള്‍ക്കാറുണ്ടോ?അത്‌ വളരെ വ്യത്യസ്തമായ അനുഭവമാണ്‌. ഉദാഹരണത്തിന്‌ പാട്ട്‌ കേള്‍ക്കുമ്പോള്‍ മറ്റൊന്നും ചെയ്യാനാവില്ല. എഴുതാന്‍ തുനിഞ്ഞാല്‍ സംഗീതത്തില്‍ ലയിച്ച്‌ എഴുത്ത്‌ ഇടയ്ക്ക്‌ വച്ച്‌ നിലയ്ക്കും. സംഗീതാസ്വാദനം ഏറെ ഏകാഗ്രത ആവശ്യപ്പെടുന്ന ഒരു കര്‍മമാണ്‌.
ചോദ്യം:കത്തോലിക്കാ സഭയുടെയും ബൈബിള്‍ പാഠങ്ങളുടെയും ഒരു വൈരുദ്ധ്യതലം പുതിയ കൃതിയില്‍ വരുന്നുണ്ടല്ലോ. ഈ വൈരുദ്ധ്യതലം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ?.
ഉത്തരം: എനിക്ക്‌ എന്റെ മതത്തെയും ഞാന്‍ എന്തുകൊണ്ട്‌ ഒരു കത്തോലിക്കനായി എന്നതിനെയും കുറിച്ചു മാത്രമേ പറയാനാവൂ. ഒരു കത്തോലിക്കനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്‌. ഞാന്‍ തിരഞ്ഞെടുത്തതുകൊണ്ടാണ്‌ സഭ എന്റെ വിശ്വാസ പരിസരത്തേക്ക്‌ വരുന്നത്‌. അത്‌ എന്റെ സ്വാതന്ത്ര്യത്തിനുമപ്പുറത്താണ്‌. പ്രകൃതിയില്‍ ഞാനെന്തെങ്കിലും മാനുഷിക അംശങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ പറയും ഓ ദൈവമേ ഇത്‌ നമ്മുടെ വിശ്വാസത്തിന്‌ വിരുദ്ധമാണ്‌, ദൈവവചനങ്ങള്‍ക്കെതിരാണ്‌ എന്നൊക്കെ. എന്നാല്‍ യേശുവിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന്‌ നമ്മുക്കറിയാം. ജീവിതത്തെ ശരിക്കും ആസ്വദിച്ചിരുന്നു, യേശു. ധാരാളം യാത്രചെയ്തിരുന്നു. സ്ത്രീകളുടെ സാന്നിദ്ധ്യം എപ്പോഴുമുണ്ടായിരുന്നു. വീഞ്ഞു കുടിച്ചിരുന്നു. ശിഷ്യരുമായി വളരെ നന്നായി ലൗകികവും അലൗകികവുമായ കാര്യങ്ങള്‍ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്തിരുന്നു. ജീവിതത്തിന്റെ ഊഷ്മളത യേശുവിന്റെ ജീവതത്തിലുടനീളം നിലനില്‍ക്കാനുള്ള കാരണങ്ങള്‍ ഇതല്ലാതെ മറ്റൊന്നുമല്ല.
ചോദ്യം:ലോകത്താകമാനം മതപരമായ വൈരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു കാലത്തും എങ്ങിനെയാണ്‌ താങ്കളുടെ പുസ്തകങ്ങള്‍ ഇത്രമാത്രം സ്വീകാര്യമാകുന്നത്‌?
ഉത്തരം: എനിക്കറിഞ്ഞു കൂടാ. ഞാനെഴുതുന്നത്‌ എന്റെ ബോധ്യങ്ങളാണ്‌. ഞാന്‍ അസാധാരണമായ ആത്മീയ സിദ്ധിയുള്ളവരെ കുറിച്ചെഴുതാന്‍ തുടങ്ങുമ്പോള്‍ എല്ലാ ചിന്തകളും കൂടിക്കുഴഞ്ഞ്‌ ഒരു സമസ്യയായി എന്നെ അസ്വസ്ഥനാക്കാന്‍ തുടങ്ങും. എല്ലാറ്റിനേയും ഒന്നിച്ച്‌ വച്ച്‌ ഞാനൊരു അര്‍ത്ഥമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്‌ ആദ്യം ചെയ്യുക. എഴുതി തുടങ്ങുമ്പോള്‍ സമസ്യയുടെ കെട്ടുപാടുകളയഞ്ഞ്‌ ആശയം വളരെ വ്യക്തമായി മുന്നിലേക്ക്‌ കടന്നു വരും.
എന്നെ നിരന്തരം അസ്വസ്ഥമാക്കുന്ന വിഷയങ്ങളാണ്‌ ഞാനെഴുതാന്‍ തിരഞ്ഞെടുക്കുന്നത്‌. ചിലപ്പോള്‍ അത്‌ വിപണിയില്‍ ഒരു വലിയ വിജയമായി തീരുന്നു. എന്തുകൊണ്ടെന്ന്‌ എനിക്കറിഞ്ഞു കൂടാ. എഴുതിയെഴുതി രഹസ്യങ്ങള്‍ വെളിപ്പെടുന്ന നിമിഷങ്ങള്‍ മുതല്‍ എന്റെ എഴുത്തിന്‌ ഇടര്‍ച്ചയുണ്ടാകാറുണ്ട്‌. വീണ്ടു വീണ്ടും ആവര്‍ത്തിച്ചാല്‍ പോലും പഴയ ആ ഒഴുക്കിലേക്ക്‌ പൂര്‍ണമായും പിന്നെ മടങ്ങിവരാനൊക്കുകയില്ല. തീര്‍ച്ചയായും സ്വയം കണ്ടെത്താനുള്ള ഒരു ഉപകരണമല്ല പുസ്തകങ്ങള്‍. അത്‌ എല്ലാ ഉല്‍പന്നങ്ങളെയും പോലെ ഒരു വിപണന വസ്തു മാത്രമാണ്‌.
ചോദ്യം:ഒരു നോവല്‍ എഴുതാന്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ്‌ നടത്താറുള്ളത്‌?
ഉത്തരം: ആളുകളെ നിരന്തരം സന്ദര്‍ശിക്കുകയാണ്‌ ആശയങ്ങള്‍ ലഭിക്കാനുള്ള ഏറ്റവും എളുപ്പവഴി. നിങ്ങള്‍ ഒരാളെ കാണുമ്പോള്‍ നിങ്ങള്‍ അയാളെ കേള്‍ക്കുകമാത്രമല്ല, പിന്നെയോ ചിലതെല്ലാം അയാളില്‍ നിന്ന്‌ പഠിക്കുകയും ചെയ്യുന്നുണ്ട്‌. ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളെ തന്നെ മനസ്സിലാക്കാന്‍ അത്‌ സഹായകമാകും. ഒരു ദര്‍പ്പണത്തിനു മുമ്പില്‍ നിന്ന്‌ സ്വയം കാണുന്ന പോലെ. രണ്ടു വര്‍ഷം കൂടുമ്പോഴേ ഞാനെഴുതാറുള്ളൂ. ഒരു മാസം കൊണ്ടാണ്‌ മിക്കവാറും പുസ്തകം എഴുതിത്തീര്‍ക്കുക. അതിനുമുമ്പേ ആത്മാവില്‍ ഓരോ വരിയും എഴുതപ്പെട്ടിരിക്കും. പിന്നീട്‌ മറ്റെല്ലാവരേയും പോലെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുപോകും. നിങ്ങള്‍ പരസ്പരം ചിലത്‌ കൈമാറിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ പലതും നഷ്ടപ്പെടാനുണ്ട്‌.

ചോദ്യം:എഴുത്തു തുടങ്ങുന്നതിന്‌ മുമ്പ്‌ ഒരു വെളുത്ത തൂവല്‍ കണികാണാന്‍ താങ്കള്‍ കാത്തിരിക്കാറുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌. എന്താണ്‌ ഇതിന്റെ പ്രത്യേകത?
ഉത്തരം: ശരിയാണ്‌. ഒരു വെളുത്ത തൂവല്‍. ഇത്‌ ഞാന്‍ സ്വയം തീര്‍ത്ത ഒരു ആചാരമാണ്‌. എനിക്ക്‌ 40 വയസ്സാകുന്നതുവരെ ഞാന്‍ കാര്യമായൊന്നും എഴുതിയിരുന്നില്ല. എന്നാല്‍ ഒരെഴുത്തുകാരനാകാന്‍ എന്നും ആഗ്രഹിച്ചിരുന്നു. എഴുതാനാവാതെ വല്ലാതെ കഷ്ടപ്പെട്ടിരുന്നപ്പോള്‍ ഞാന്‍ ഒരു തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചു. സ്പെയിനിലെ സാന്‍ഡിയാഗോ വഴി സെയിന്റ്‌ ജെയിംസിലൂടെ 56 ദിവസം ഞാന്‍ അലഞ്ഞു നടന്നു. എന്റെ വഴി എഴുത്താണെന്ന്‌ എനിക്കറിയാം. പക്ഷേ എനിക്ക്‌ എഴുതാന്‍ കഴിയുന്നില്ല. എഴുതാന്‍ തുനിഞ്ഞ്‌ പാതിവഴിക്ക്‌ എഴുത്ത്‌ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. അവിടെ വച്ച്‌ ഞാനൊരു തീരുമാനമെടുത്തു. ഒരു വെളുത്ത തൂവല്‍ കണികാണുന്ന ദിവസം ഞാന്‍ എഴുത്ത്‌ തുടങ്ങും. അത്‌ ദൈവത്തിന്റെ ഒരടയാളമായി ഞാന്‍ കണക്കാക്കും. അവിടിന്നിങ്ങോട്ട്‌ എല്ലാ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ജനുവരി മാസമാകുമ്പോള്‍ എനിക്ക്‌ ഒരു വെളുത്ത തൂവല്‍ കണി കാണണം. എന്നാല്‍ അല്ലാത്തപ്പോഴും വെളുത്ത തൂവല്‍ ഞാന്‍ കണികാണാറുണ്ട്‌ എന്നത്‌ സത്യമാണ്‌. പക്ഷേ ജനുവരി മാസത്തില്‍ കാണുന്ന കണിക്കാണ്‌ പ്രത്യേകത കല്‍പിക്കാറുള്ളത്‌. കത്തുകളിലൂടെ വായനക്കാരില്‍ നിന്ന്‌ ധാരാളം വെളുത്ത തൂവലുകള്‍ ഇപ്പോള്‍ എന്നെ തേടിവരാറുണ്ട്‌. പക്ഷേ കണി കാണാനുള്ളത്‌ ഞാന്‍ സ്വയം കണ്ടെത്തുക തന്നെ വേണം. ഒരു നോവല്‍ എഴുതിക്കഴിഞ്ഞാല്‍ ഒരു വെളുത്ത തൂവലിനുവേണ്ടി ഞാന്‍ കാത്തിരിപ്പും തുടങ്ങും.


(തര്‍ജിനി ഇ മാഗസിനില്‍ (ചിന്ത.കോം) പ്രസിദ്ധീകരിച്ചത്‌)

Wednesday, June 18, 2008

യുദ്ധകാല സിംഫണി


(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച കവിത)
മഞ്ഞയില്‍ കുതിര്‍ന്ന
ചുവപ്പു നിറം കാവിയണിഞ്ഞു.
പുകയുന്ന ബോംബുകളും
ഉടഞ്ഞ അസ്ഥി കഷ്‌ണങ്ങളും
പാതി തുറന്ന ചരിത്ര പുസ്‌തകവും.
ചോരയുടെ ഉളുമ്പു ഗന്ധത്തില്‍
തനിയാവര്‍ത്തനങ്ങളുടെ വിരസതയില്‍ നൊന്ത്‌
പക്ഷി ക്യാന്‍വാസ്‌ വിട്ടു പറന്നകന്നു.
ചിത്രകാരന്റെ ദാര്‍ശനിക വ്യഥ
ഒരു മുറി ബീഡിയില്‍ എരിഞ്ഞു.
ഇപ്പോള്
‍വെള്ളരിപ്രാവുകള്‍ ചിറകടിക്കുന്നില്ല
ബോംബുകള്‍ക്ക്‌ ഉഗ്രവീര്യമില്ല.
ചോരയ്‌ക്ക്‌ അറപ്പു ഗന്ധമില്ല.
ആകാശത്ത്‌ അലയുന്ന
സിംഫണിക്ക്‌ ഹൃദയത്തില്‍ തൊടുന്ന
താളഭേതങ്ങളുമില്ല.
നിറങ്ങള്‍ ഉരുകിയൊലിക്കുന്ന നിരത്തില്‍
കളഞ്ഞുപോയതെന്തോ തിരഞ്ഞു നടക്കുന്നു
‌ചിത്രമെഴുത്തുകാരന്‍.
ആസുരകാലത്തിന്റെ
ആകസ്‌മികതയില്‍ ഉടയാത്ത,
ചരിത്രത്തിന്റെ ഉച്ഛിഷ്‌ടം മണക്കാത്ത,
ഭൂമിയുടെ ഗര്‍ഭത്തിലൊളിച്ചുപോയ,
ഒരു നവലോകത്തെ സ്വപ്‌നം കണ്ട്‌.

Monday, June 16, 2008

ഞങ്ങളുടെ കൊച്ചു ഡോക്ടര്‍വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. കോളേജിലെ വിലാസവതികളായ പെകുണ്‍കുട്ടികള്‍ കളിയാക്കി ചിരിച്ചും കൂട്ടുകാര്‍ പരിഹസിച്ചും എന്നെ 'ഓലക്കൊടി' എന്നാണ്‌ വിളിച്ചിരുന്നത്‌. കാരണം, എന്റെ രൂപം തന്നെ. ബ്ലാക്ക്‌ ബോര്‍ഡില്‍ അധ്യാപകര്‍ക്ക്‌ എളുപ്പത്തില്‍ കോറിയിടാന്‍ പാകത്തില്‍ നന്നേ ശോഷിച്ചതായിരുന്നു എന്റെ ദേഹപ്രകൃതി.'ഓലക്കൊടി' എന്ന വിളി ഉറക്കത്തില്‍ പോലും അക്കാലങ്ങളില്‍ എന്നെ വേട്ടയാടാറുണ്ടായിരുന്നു ചീത്തപ്പേരിനു നിദാനം എന്റെ രൂപമാണല്ലോ. ശരീരം അല്‌പം പുഷ്‌ടിപ്പെടുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നല്ല ഭക്ഷണത്തേയും മീനെണ്ണ ഗുളികയേയും ആശ്രയിച്ചെങ്കിലും ശരീരത്തിന്‌ വലിയ മാറ്റമൊന്നും കണ്ടില്ല. ശരീരം മിനുങ്ങിയില്ലെന്നര്‍ത്ഥം.ആ സമയത്താണ്‌ കോങ്കണ്ണിയെങ്കിലും സുന്ദരിയായ അനില എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയത്‌. മെടഞ്ഞിട്ട മുടിയും കണ്ണുകളുടെ ഏങ്കോണിപ്പിന്റെ വശ്യസൗന്ദര്യവും വെളുത്ത നിറവും ഉള്ള അനിലയുടെ സ്‌നേഹം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ മത്സരമായിരുന്നു. ഭാഗ്യം പക്ഷേ എന്റെ നെറുകയിലാണ്‌ വന്നു വീണതെന്നു മാത്രം. എന്നാല്‍ അനിലയെ സ്വകാര്യമായി സമീപിക്കാന്‍ തുടങ്ങുമ്പോഴേക്കും 'ഓലക്കൊടീ'യെന്ന വിളി എവിടെനിന്നെന്നില്ലാതെ കേള്‍ക്കും. അതോടെ എന്റെ സമനില തെറ്റും. ചുണ്ടില്‍ ഒളിപ്പിച്ചുവെച്ച ഒരു ചിരിയോടെ അനില അപ്പോഴേക്കും പിന്‍വാങ്ങുകയും ചെയ്യും.തടി കൂടാനുള്ള മാര്‍ഗമന്വേഷിച്ച്‌ എന്റെ ഉറക്കം വീണ്ടും നഷ്‌ടപ്പെടാന്‍ തുടങ്ങി. വകയിലെ ഒരമ്മാവനാണ്‌ നിലമ്പൂരിലെ ഒരു ഡോക്‌ടറെ കുറിച്ച്‌ പറഞ്ഞത്‌. മരുന്നു കഴിച്ച്‌ തടികൂടിയ പലരെകുറിച്ചും നാലുപുറത്തില്‍ കവിയാതെ എഴുതാന്‍ പാകത്തില്‍ വിസ്‌തരിക്കുകയും ചെയ്‌തു. പ്രായോഗിക ചികിത്സയിലൂടെ പല രസകരമായ രോഗങ്ങള്‍ മാറ്റിയ ഡോക്‌ടര്‍ നാട്ടില്‍ അന്നേ പ്രസിദ്ധനായിരുന്നു.ഒരു ശനിയാഴ്‌ച ദിവസം ഞാന്‍ ഡോക്‌ടറുടെ ക്ലിനിക്കിലേക്ക്‌ ചെന്നു. രോഗാണുബാധിതരായ രോഗികള്‍ വിശ്രമിക്കുന്ന സമയമായതുകൊണ്ട്‌‌ ഡോക്‌ടര്‍ ഒരു സിഗരറ്റും വലിച്ച്‌ വെറുതെ ഇരിപ്പായിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ ഡോക്‌ടര്‍ എന്നെ സഹര്‍ഷം സ്വീകരിച്ചു.ഡോക്‌ടറോടും വക്കീലിനോടും കള്ളം പറയരുതെന്ന ഒരലിഖിത നിയമമുണ്ടല്ലോ. രോഗം ഞാന്‍ തെല്ല്‌ ജാള്യതയോടെയാണങ്കിലും വെടിപ്പായിതന്നെ ഡോക്‌ടറുടെ മുന്നില്‍ അവതരിപ്പിച്ചു. എല്ലാവരേയും പോലെ ഡോക്‌ടര്‍ അതു കേട്ട്‌‌ ചിരിച്ചില്ല. പകരം ആ മുഖത്ത്‌ ഗൗരവം നിറഞ്ഞ്‌ ജോസ്‌പ്രാകാശിന്റെ മുഖം പോലെയായി. പതിനഞ്ച്‌ നിമിഷങ്ങളെടുത്ത്‌ അദ്ദേഹം എന്നെ വിശദമായി പരിശോധിച്ചു.

'തടി കൂടണമെന്ന്‌ നിര്‍ബന്ധമാണോ?' ഡോക്‌ടര്‍ ചുഴിഞ്ഞ കണ്ണുകള്‍ എന്റെ നേരെ നീട്ടി ചോദിച്ചു.

'അതെ.' ഞാന്‍ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു.

'ശരി. ഞാന്‍ ഒരു മരുന്ന്‌ എഴുതി തരാം. പിന്നെ ഇതു കഴിച്ചിട്ട്‌ ഭേതമായില്ലെങ്കില്‍ അടുത്താഴ്‌ച ഇതേ സമയത്ത്‌ വരണം'.

സന്തോഷത്തോടെയാണ്‌ ഞാന്‍ മരുന്നു വാങ്ങി മടങ്ങിയത്‌. ചിട്ടയോടെ മരന്നു കഴിക്കാനും പതിവായി കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പിടാനും തുടങ്ങി. ഒരാഴ്‌ച കഴിഞ്ഞു. മരുന്നു തീര്‍ന്നതല്ലാതെ മറ്റു വിശേഷമൊന്നുമുണ്ടായില്ല. അടുത്താഴ്‌ച പറഞ്ഞതുപോലെ ഡോക്‌ടറെ കാണാന്‍ ചെന്നു. ഡോക്‌ടറുടെ മുറിയില്‍ മറ്റൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു അപ്പോള്‍. എന്നേക്കാള്‍ ശരീരം ശോഷിച്ച ഒരാള്‍. എന്നെ പോലെ തടികൂടാനുള്ള മരുന്നു തേടി വന്നതാവണം; ഞാന്‍ വിചാരിച്ചു.

'മരുന്നു കഴിച്ചിട്ടും തടി കൂടിയില്ല, അല്ലേ?'ഡോക്‌ടര്‍ അന്നേരമാണ്‌ ചിരിച്ചത്‌.

'ഇല്ല''

ആരാ മരുന്നു കഴിച്ചാല്‍ തടിക്കുമെന്നു പറഞ്ഞത്‌?'ഡോക്‌ടര്‍ കുസൃതിയോടെ എന്നെ നോക്കി.

'എന്റെ അമ്മാവനാ....'

'തടി കൂടാന്‍ മരുുണ്ടായിരുന്നെങ്കില്‍ ഞാനിവനു കൊടുക്കില്ലേ? നോക്ക്‌, നിന്നേക്കാള്‍ തടി കുറഞ്ഞവനല്ലേ ഈ ഇരിക്കുന്നത്‌? ഇത്‌ എന്റെ മകനാണ്‌. മുജീബു റഹ്‌മാന്‍.'

ഗുളിക മാറിക്കഴിച്ച രോഗിയുടെ പരിഭ്രമത്തോടെ ഞാന്‍ ഡോക്‌ടറെ പകച്ചു നോക്കി. എന്തു പറയണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും എനിക്കറിയില്ലായിരുന്നു. ഡോക്‌ടര്‍ എഴുന്നേറ്റ്‌ എന്റെ പുറത്തു തട്ടി വാത്സല്യത്തോടെ പറഞ്ഞു:

'നിന്റെ ഈ തടി തന്നെ മതി കേട്ടോ. അതാകുമ്പം നീ പറഞ്ഞാ കേള്‍ക്കും.'

അദ്ദേഹത്തിന്റെ ആ നിറഞ്ഞ മനസ്സ്‌ അന്നെനിക്ക്‌ കാണാന്‍ കഴിഞ്ഞില്ലെന്നത്‌ സത്യമാണ്‌. ഒട്ടൊരു സങ്കടത്തോടെയാണ്‌ അന്ന്‌ അവിടെ നിന്നിറങ്ങി നടന്നതും. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഫാസ്റ്റുഫുഡുകളുടെ ഈ കാലത്ത്‌, തടി കുറയ്‌ക്കാനുള്ള മരുന്നുകളെ കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഞാന്‍. ശരീര പുഷ്‌ടിയല്ല, ആരോഗ്യമാണ്‌ മനുഷ്യനുവേണ്ടതെന്ന്‌ വാത്സല്യത്തോടെയും സാരള്യത്തോടെയും പഠിപ്പിച്ച മണ്‍മറഞ്ഞുപോയ ഞങ്ങളുടെ കൊച്ചു ഡോക്‌ടര്‍ (അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി ലഭിക്കട്ടെ!) കണ്ണാടിയില്‍ നോക്കുമ്പോഴേല്ലാം മുന്നില്‍ പുഞ്ചിരി തൂകി നില്‌ക്കും.

Sunday, June 8, 2008

തണല്‍മരം

കഥ
‍നാലഞ്ചു വര്‍ഷമായി നിരന്തരം മനസ്സിനെ കുഴപ്പിച്ചിരുന്ന ഒരു പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കണ്ട്‌ ആശ്വാസത്തോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഞാന്‍. എന്റെ പ്രായമായ അച്ഛനെയും അമ്മയേയും ഞാന്‍ അടുത്തുള്ള ഒരു വൃദ്ധസദനത്തിലാക്കി. ഇനി എനിക്കും ഭാര്യക്കും ആശ്വാസത്തോടെ വിദേശത്തേക്ക്‌ തിരിച്ചുപോകാം.ഭാര്യയ്‌ക്കും സന്തോഷമായി. അവളുടെ വിദേശ വാസത്തിന്‌ തടസ്സം നിന്നത്‌ വാതരോഗിയായ അമ്മയായിരുന്നു. ഫീസ്‌ അല്‌പം കൂടുതലാണെങ്കിലും വൃദ്ധസദനത്തില്‍ ചികിത്സയ്‌ക്കും മറ്റും കൂടുതല്‍ സൗകര്യമുണ്ട്‌. പരിചരിക്കാന്‍ പ്രത്യേകം പ്രത്യേകം നഴ്‌സുമാരുമുണ്ട്‌. ഒഴിവു ദിവസങ്ങളില്‍ കടല്‍ കാണാനും ഷോപ്പിങ്ങിനു കൊണ്ടുപോകാനും വണ്ടിയുണ്ട്‌. ആഴ്‌ചയിലൊരിക്കല്‍ മെഡിക്കല്‍ ചെക്കപ്പ്‌, മാസത്തിലൊരിക്കല്‍ സണ്‍ബാത്തിങ്ങ്‌, വര്‍ഷത്തിലൊരിക്കല്‍ മസാജ്‌ തെറാപ്പി തുടങ്ങിയ പാക്കേജുകള്‍ ആ വൃദ്ധസദനത്തിന്റെ മാത്രം പ്രത്യേകതയാണ്‌. ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ അവിടെ അഡ്‌മിഷന്‍ പോലും തരപ്പെട്ടത്‌‌. മകന്‌ സ്‌ക്കുളില്‍ അഡ്‌മിഷന്‍ കിട്ടാന്‍ ഇത്രയും പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. എന്നാലും ഒന്നിനും അവര്‍ക്ക്‌ ഒരു കുറവും വരരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.വീട്ടിലായിരുന്നപ്പോള്‍ ഭാര്യയാണ്‌ അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്‌. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവള്‍ അനുഭവിക്കുന്ന കഷ്‌ടപാടുകള്‍ ഞങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ ചില്ലറ അലോസരം സൃഷ്‌ടിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഇങ്ങനെ ഒരു തീരുമാനത്തില്‍ ഞങ്ങള്‍ക്ക്‌‌ എത്തിച്ചേരേണ്ടിവന്നത്‌‌. വീടിനേക്കാളും എല്ലാ കാര്യത്തിലും സുഖസൗകര്യമുണ്ടെങ്കിലും യാത്ര പറയാന്‍ എറെ നേരം അമ്മ എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞതെന്തിനാണെന്നു മാത്രം എനിക്ക്‌ മനസ്സിലായില്ല.സ്‌ക്കൂള്‍ കഴിഞ്ഞെത്തിയ ഉടനെ വീട്ടിലെ എല്ലാ മുറികളിലും മുത്തശ്ശിയെയും മത്തശ്ശനേയും തെരഞ്ഞു മുഷിഞ്ഞ്‌, അഞ്ചു വയസ്സുകാരനായ മകന്‍ ഒടുവില്‍ എന്റെ അടുത്തെത്തി
'മുത്തശ്ശനും മുത്തശ്ശിയുമെവിടെ പപ്പാ'
അവനെ കൊണ്ടുപോകാതെ അവര്‍ എവിടെയോ പോയതിന്റെ നിരാശയുണ്ടായിരുന്നു അവന്റെ മുഖത്ത്‌.
'അവരെ വൃദ്ധസദനത്തില്‍ കൊണ്ടുപോയാക്ക്‌ിയല്ലോ മോനെ..'
കുടുംബത്തോടൊത്തുള്ള വിദേശവാസത്തെ ഓരോ കാര്യങ്ങളെ കുറിച്ചുള്ള ആലോചനയുടെ മാധുര്യത്തില്‍ ഞാന്‍ പറഞ്ഞു.
'ഇനി അവര്‍ വീട്ടിലേക്ക്‌ വരില്ലേ?''ഇല്ല. ഇനി നമ്മുക്ക്‌ അവിടെ പോയി അവരെ കാണാം. മോനെ കാണുമ്പോള്‍ അവര്‍ക്ക്‌ വല്ല്യ സന്തോഷാവും'
ഞാന്‍ അവനെ അണച്ചു പിടിച്ച്‌ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവന്റെ കളിക്കൂട്ടുകാരായിന്നല്ലോ അച്ഛനും അമ്മയും. അവര്‍ പെട്ടെന്നു പോയതില്‍ അവനു ദുഖം കാണും.
'എന്തിനാ അവരെ അവിടെ കൊണ്ടാക്കിയത്‌......'എന്തോ ആലോചിച്ചുകൊണ്ട്‌ സങ്കടം വന്ന്‌്‌ അവന്‍ തെല്ലിട നിശ്ശബ്ദനായി.
'അതു പിന്നെ മുത്തശ്ശിക്കും മുത്തശ്ശനും പ്രായമായില്ലേ? അവരുടെ കാര്യങ്ങള്‍ മുറ തെറ്റാതെ നോക്കാന്‍ ആളുകള്‍ വേണ്ടേ.?'ഞാന്‍ അവന്റെ കവിളില്‍ വാത്സ്യലത്തോടെ തഴുകി.
'പ്രായമായവരെയൊക്കെ അവിടെ കൊണ്ടുപോയാക്കുമോ?''അതെ മോനെ. അതാണിപ്പോഴത്തെ നാട്ടുനടപ്പ്‌
‌''അപ്പോ പപ്പയ്‌ക്കും മമ്മയ്‌ക്കും പ്രായായാലും അവിടെ കൊണ്ടാക്കും, അല്ലേ?'
അവന്റെ ചോദ്യം കേട്ട്‌ ഞാനൊു ഞെട്ടി. ഞങ്ങള്‍ക്ക്‌ പ്രായമാവുമ്പോഴേക്കും ഈ വൃദ്ധസദനത്തിന്റെ ഏര്‍പ്പാട്‌ നിന്നു പോയാലോ എന്നോര്‍ത്ത്‌ എന്റെ തൊണ്ടയിലെ വെള്ളം വറ്റി. വൃദ്ധരായ സ്‌ത്രീകളെയും പുരുഷന്മാരെയും നേരെ വൈദ്യുതശ്‌മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കുന്ന കാലം അതിവിദൂരത്തല്ലെന്ന്‌്‌ എവിടെയോ വായിച്ചതോര്‍ത്ത്‌ പിന്നെ എനിക്ക്‌ ഉറക്കമില്ലാതായി.
ശുഭം