Tuesday, May 19, 2009

അരവിന്ദനെ ഓര്‍ക്കുമ്പോള്‍..........


നിശ്ശബ്‌‌ദതയുടെ ദൃശ്യപരത

സിനിമ സംവിധായകന്റെ മാത്രം കലയാണോയെന്ന ചോദ്യം ഉയര്‍ന്നുകൊണ്ടിരിക്കെ, അതെ എന്ന്‌ ശക്തവും ധീരവുമായ ശബ്‌ദത്തില്‍ പറയാന്‍ മടിയില്ലാത്ത ചലചിത്രകാരനായിരുന്നു ജി. അരവിന്ദന്‍. സിനിമയില്‍ സംവിധായകന്റെ മൗലികത എത്രത്തോളം സന്നിവേശിപ്പിക്കാമെന്നതിന്‌ ഉത്തമോദാഹരണങ്ങളാണ്‌
അദ്ദേഹത്തിന്റെ സിനിമകള്‍.

അറുപതുകളില്‍ വളര്‍ന്നു വന്ന മലയാള സിനിമയെ അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തിയ അപൂര്‍വം ചലചിത്രകാരന്മാരിലൊരാളായിരുന്നു അരവിന്ദന്‍. വിദേശ സിനിമകളോടുപോലും മത്സരിക്കാന്‍ തക്ക ഭാവ സാന്ദ്രമായിരുന്നു അരവിന്ദന്‍ ചിത്രങ്ങള്‍. ഒരു ചിത്രകാരനായി ജീവിതം തുടങ്ങിയ അരവിന്ദന്റെ ജീവിതം അഭ്രപാളികളിലേക്ക്‌ പറിച്ചുനടപ്പെട്ടത്‌ ആകസ്‌മികമായിരുന്നു. മാതൃഭൂമിയുടെ അവസാന പുറത്തില്‍ 'ചെറിയ ലോകവും വലിയ മനുഷ്യരും' എന്ന പേരില്‍ കാര്‍ട്ടൂണുകള്‍ വരച്ചു ജീവിച്ചിരുന്ന അരവിന്ദന്‍ മലയാള സിനിമയ്‌ക്കായി തന്റെ ബാക്കി ജീവിതം മാറ്റിവെയ്‌ക്കുകയായിരുന്നു. ചെറുപ്പകാലം മുഴുവന്‍ ചിത്രരചനയ്‌ക്കായി നല്‍കിയ അരവിന്ദന്‍ വളരെ ഹൃസ്വമായ ജീവിതമാണ്‌ ചലചിത്രങ്ങള്‍ക്കായി ബാക്കിവെച്ചത്‌്‌. കൂട്ടുകാരുമായി ചേര്‍ന്നു രൂപം നല്‍കിയ ചലചിത്ര ക്ലബുകളാണ്‌ അരവിന്ദന്‍ എന്ന ചലചിത്ര സംവിധായകനെ സൃഷ്ടിച്ചത്‌. നിറങ്ങളുടെ വര്‍ണ്ണവൈവിധ്യങ്ങളുടെ ലോകത്തു ജീവിച്ചിരുന്ന അരവിന്ദനെ സംബന്ധിച്ചിടത്തോളം സിനിമയുടെ ലോകം അപരിചിതമായ ഒരു മായക്കാഴ്‌ചയായിരുന്നില്ല. ആശങ്ങളുടെ വര്‍ണ്ണത്തിന്‌ വര്‍ണ്ണവിധേയമായി ദൃശ്യങ്ങള്‍ നല്‌കി കാഴ്‌ചക്കാരോട്‌ ആത്മബന്ധം നടത്താനുള്ള കഴിവ്‌ ഒരു ചലചിത്രകാരന്‍ എന്ന നിലയില്‍ അരവിന്ദനെ പെട്ടെന്നു തന്നെ ശ്രദ്ധേയനാക്കി.

സര്‍ക്കസ്‌ കൂടാരത്തിലെ അപരിചിതരായ ഒരു പറ്റം മനുഷ്യരുടെ സുഖവും ദുഖവും വരച്ചു കാണിച്ചാണ്‌ അരവിന്ദന്‍ സിനിമയുടെ ലോകത്തേക്ക്‌ പ്രവേശിച്ചത്‌. മലയാള സിനിമയെ മാറ്റിമറിച്ച ഒരു ചിത്രമൊന്നുമായിരുന്നില്ല തമ്പ്‌ എങ്കിലും അരവിന്ദന്‍ ഉപയോഗിച്ച സിനിമാ വ്യാകരണം പരമ്പാഗതമായ പാതയില്‍ നിന്ന്‌ തികച്ചും വ്യതിചലിച്ച ഒന്നായിരുന്നു അക്കാലത്ത്‌. അതുകൊണ്ടു തന്നെ സിനിമ വേദിയില്‍ ഒട്ടേറെ ചര്‍ച്ചയ്‌ക്ക്‌ വന്ന ഒരു ചിത്രമായി തമ്പ്‌ മാറി. പിന്നീട്‌ അദ്ദേഹം ചെയ്‌ത ചിത്രങ്ങളില്‍ പലതും അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമാവുകയും മിക്ക ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. അടിസ്ഥാനപരമായി ഒരു ചിത്രകാരനായതുകൊാവാം മനോഹര ചിത്രങ്ങള്‍ ഫ്രയിമില്‍ ഉള്‍പ്പെടുത്താന്‍ അരവിന്ദന്‍ എന്നും ഉത്സുകനായിരുന്നു. അമിതമായ ഈ സൗന്ദര്യബോധം ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക്‌ ജീവിതത്തിന്റെ ദശാസന്ധികളില്‍ വെച്ച്‌ മനുഷ്യര്‍ക്ക്‌ അനുഭവപ്പെടുന്ന തീഷ്‌ണ വികാരങ്ങളെ യഥാതഥമായി പകര്‍ത്തുവാന്‍ കഴിയാത്തവിധം വിഘ്‌നങ്ങളും സൃഷ്‌ടിച്ചിട്ടുണ്ട്‌. പ്രധാന അശയങ്ങളെ അതേ പടി നിലനിറുത്തി മറ്റൊരു കഥ ഉള്‍കൊള്ളിക്കാനുള്ള അരവിന്ദന്റെ അപാരമായ കഴിവാണ്‌ മറ്റുള്ള സംവിധായകരില്‍ നിന്നും അരവിന്ദനെ മാറ്റി നിര്‍ത്തിയത്‌. ചെറിയ റോളുകളില്‍ പോലും പ്രത്യക്ഷപ്പെട്ടുന്ന കഥാപാത്രങ്ങള്‍ക്ക്‌ അവിസ്‌മരണീയമായ ജീവിത മുഹുര്‍ത്തങ്ങള്‍ നല്‍കാന്‍ ഇതുവഴി അരവിന്ദനു കഴിഞ്ഞു. ഒരു കഥ പറച്ചിലുകാരന്റെ ലാഘവത്തോടെ പ്രേക്ഷകനുമായി സംവദിക്കുവാനുള്ള കഴിവും അവരില്‍ തീഷ്‌ണ വികാരങ്ങള്‍ സൃഷ്ടിക്കാനുള്ള ദൃശ്യബോധവും മറ്റുള്ളവരില്‍ നിന്ന്‌ അരവിന്ദനെ വ്യത്യസ്‌തനാക്കുന്നു.

തമ്പില്‍ നിന്നു തുടങ്ങി ഉത്തരായണവും ഒരിടത്തും കഴിഞ്ഞ്‌ ചിദംബരത്തില്‍ വന്ന്‌ നില്‍ക്കുന്ന അരവിന്ദന്‍ ചിത്രങ്ങളുടെ പ്രത്യേകത, ജീവിതത്തില്‍ നിന്ന്‌ ചീന്തിയെടുത്തതെന്ന്‌ തോന്നിപ്പിക്കുന്ന രീതിയിലുള്ള യാഥാര്‍ത്ഥ്യബോധമുള്ള ഒരു സംവിധായകന്റെ ആത്മഭാവനകളുടെ ആവിഷ്‌കാരം അവയിലൊക്കെയും തുടിക്കുന്നുവെന്നതാണ്‌. കാലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച്‌ തന്റെ ഓരോ ചിത്രവും വ്യത്യസ്‌തമാക്കാന്‍ തുടക്കം മുതലേ അരവിന്ദന്‍ ശ്രദ്ധിച്ചിരുന്നു. അവയില്‍ ഏറിയപങ്കും സാധാരണക്കാരനായ മനുഷ്യരുടെ അസാധാരണമായ ജിവിത പശ്ചാത്തലങ്ങളും കഥാ സന്ദര്‍ഭങ്ങളുമായിരുന്നു. അധികം ബിംബങ്ങളോ തീഷ്‌ണമായ വര്‍ണ്ണങ്ങളോ ഉപയോഗിക്കാത്ത ലളിതമായ ഈ ചിത്രങ്ങള്‍ പക്ഷേ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ അനാവരണം ചെയ്യുന്നവയായിരുന്നു.

കാല്‍ നൂറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തിനിടയ്‌ക്ക്‌ ഒത്തിരിയേറെ ചിത്രങ്ങള്‍ അരവിന്ദന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌്‌. രണ്ടു ചിത്രങ്ങളൊഴിച്ച്‌ (മാറാട്ടവും ഉണ്ണിയും) മറ്റെല്ലാ ചിത്രങ്ങളും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ളവയാണ്‌. ഒന്നിലേറെ തവണ ഏറ്റവും നല്ല സംവിധായകന്‍ എന്ന പദവിയും അദ്ദേഹത്തിന്‌ നേടിയിട്ടുണ്ട്‌. ഇവയില്‍ ചിദംബരം എന്ന ചിത്രം മറ്റെല്ലാ അരവിന്ദന്‍ ചിത്രങ്ങളില്‍ നിന്നും മികച്ചു നില്‍ക്കുന്നു. അരവിന്ദന്റെ മാസ്റ്റര്‍ പീസാണ്‌ ചിദംബരം എന്നു തന്നെ പറയാം. വൈവിധ്യ ആശയങ്ങള്‍ കൈകൊള്ളുന്ന അരവിന്ദന്‍ അത്‌ ആവിഷ്‌കരിക്കുന്നതിലും വേറിട്ട രീതിയാണ്‌ അവലംബിച്ചുപോന്നിട്ടുള്ളത്‌. ഒരിടത്ത്‌ എന്ന ചിത്രത്തില്‍ പരിഷ്‌കാരങ്ങള്‍ കടന്നെത്താത്ത അന്ധവിശ്വാസങ്ങളില്‍ അമര്‍ന്നു കിടക്കുന്ന നിഷ്‌കളങ്കമായ ഒരു ഗ്രാമത്തിലേക്ക്‌ ഇലക്‌ട്രിസിറ്റി കടന്നുവരുന്നതോടെ ഉടലെടുക്കുന്ന നാഗരികതയാണ്‌ വിഷയമെങ്കില്‍ ഗ്രാമത്തില്‍ അഭയം തേടിയെത്തുന്ന ഒരു നെക്‌സലൈറ്റിന്റെ ഒളിജീവിതമാണ്‌ പോക്കുവെയില്‍ എന്ന ചിത്രത്തില്‍. ചിദംബരമാകട്ടെ അപരിഷ്‌കൃതമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ദുരന്തത്തിന്റെ ദാരുണമായ കഥ പറയുകയാണ്‌. ഇങ്ങനെ ഗ്രാമങ്ങളും ഗ്രാമീണ കഥാപാത്രങ്ങളും മാറിമറിഞ്ഞുവരുന്നു അരവിന്ദന്‍ ചിത്രങ്ങളില്‍.

അരവിന്ദന്റെ ശ്രദ്ധിക്കാതെ പോയ രണ്ടു ചിത്രങ്ങളാണ്‌ ഉണ്ണിയും മാറാട്ടവും. കഥകളി ആശാന്റെയും ശിഷ്യന്മാരുടെയും കാഴ്‌ചക്കാരുടെയും അന്വേഷണങ്ങളിലൂടെ പിന്നിട്ട്‌ വിഭ്രാത്മകതയില്‍ ചെന്നെത്തി നില്‍ക്കുന്ന മാറാട്ടവും ആഗ്ലോ ഇന്ത്യന്‍ യുവാവിന്റെ ചാപല്യങ്ങളുടെ കഥ പറയുന്ന ഉണ്ണിയും ടെലിഫിലിമുകളായതുകൊാവണം ഒരുപക്ഷേ ശ്രദ്ധ നേടാതെ പോയത്‌. ടെലിഫിലിമുകളും സീരിയലുകളും ഏറേ പ്രചാരത്തിലില്ലാത്ത ഒരു കാലത്താണ്‌ ഈ രണ്ടു ചിത്രങ്ങളുടെയും നിര്‍മ്മിതിയെന്നതും ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമായിരിക്കാം.

തമ്പില്‍ നിന്ന്‌ തുടങ്ങി വാസ്‌തുഹാരയില്‍ വന്നെത്തുമ്പോള്‍ അരവിന്ദന്റെ ദൃശ്യഭാഷയ്‌ക്ക്‌ തീഷ്‌ണതയും ആഴവും ഏറുന്നതായി കാണാം. അഭയാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ തേടിയുള്ള യാത്രയുടെ കഥയാണ്‌ നേരത്തെ കഥ എന്ന നിലയില്‍ ഏറെ പ്രസിദ്ധമായ സി. വി. ശ്രീരാമന്റെ വസ്‌തുഹാര. അഭിയാര്‍ത്ഥികളെ അവരുടെ സ്വപ്‌ന ഭൂമിയിലേക്ക്‌ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന റഫ്യൂജി ഓഫീസര്‍ വേണുവിലൂടെ കാലങ്ങളായി അഭിയാര്‍ത്ഥികളുടെ ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അര്‍ത്ഥം തേടുകയാണ്‌ അരവിന്ദന്‍ വാസ്‌തുഹാരയില്‍. 1971 ലെ ബംഗാള്‍ വിഭജനകാലത്ത്‌ കല്‍ക്കത്തയിലെ റാണാഘട്ടിലെ അഭയര്‍ത്ഥി കോളനിയില്‍ തങ്ങളുടേതെല്ലാം ഇട്ടെറിഞ്ഞ്‌ ബന്ധങ്ങള്‍പോലും മുറിഞ്ഞു സ്വപ്‌നങ്ങള്‍ ഹൃദയത്തിലൊതുക്കി അഭയം തേടിയെത്തിയ അഭയാര്‍ത്ഥികള്‍. അവര്‍ക്കിടയിലെ പരിചിതമുഖങ്ങളായ ആരതിപണിക്കരും പുത്രിയും. അവര്‍ തന്റെ എല്ലാമായിരുന്ന വിപ്ലകാരിയും സാഹിത്യകാരനുമായിരുന്ന, വാസ്‌തുഹാരയിലെ ഒരു ഫ്രെയിമില്‍ പോലും പ്രത്യക്ഷപ്പെടാത്ത, കുഞ്ഞുണ്ണിപണിക്കരുടെ ഭാര്യയും മകളുമാണെന്നറിയുമ്പോഴുള്ള വേണുവിന്റെ ദുഖവും അവരെ വീണ്ടും ജീവിതത്തിന്റെ വസന്തങ്ങളിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരാനുള്ള വിഫലമായ പരിശ്രമവുമാണ്‌ വാസ്‌തുഹാരയുടെ ഇതിവൃത്തം. അഭയാര്‍ത്ഥി പ്രവാഹത്തിന്റെ തിരക്കില്‍ ബന്ധങ്ങള്‍ അറ്റുപോകുന്നതിന്റെയും ദൈവങ്ങളെപ്പോലും ഉപേക്ഷിക്കേണ്ടിവരുന്നതിന്റെയും തീവ്രമായ ദുഖവും നിസ്സഹായുമാണ്‌ ഈ ചിത്രം വരച്ചിടുന്നത്‌. വാചാലമായ മൗനത്തിലൂടെയും മിന്നിമറയുന്ന ബിംബങ്ങളിലൂടെയുമാണ്‌ പ്രേക്ഷകരുടെ നെഞ്ചിടിപ്പുകളെ കൃത്യമായി അരവിന്ദന്‍ അളന്നെടുക്കുന്നതെന്നു കാണാം. നിശ്ശബദ്‌ത ശബ്‌ദം പോലെ തന്നെ സിനിമയുടെ അഭിവാജ്യ ഘടകമാണെന്ന്‌ തിരിച്ചറിഞ്ഞ മലയാളത്തിലെ അപൂരവ്വം ചില സംവിധായകരില്‍ ഒരാളാണ്‌ അരവിന്ദനെന്ന്‌ ഈ ചിത്രം തെളിയിക്കുന്നു. ജീവിതത്തിന്റെ അതി സങ്കീര്‍ണ്ണതയെ പലപ്പോഴും അരവിന്ദന്‍ വ്യാഖ്യാനിക്കുന്നത്‌ നിശ്ശബ്‌ദതകൊണ്ടാണ്‌. ബര്‍ഗ്മാനും തര്‍ക്കോവിസ്‌കിയും നേരത്തെ പരീക്ഷിച്ചതാണെങ്കിലും മലയാളത്തില്‍ ആദ്യമായി നിശ്ശബ്ദതയുടെ ആഴം ചലചിത്രങ്ങളില്‍ ഒരു കഥാപാത്രത്തിന്റെ സാന്നിദ്ധ്യംപോലെ അനുവഭവിക്കുന്നത്‌ അരവിന്ദന്‍ ചിത്രങ്ങള്‍ മാത്രമാണ്‌. തകര്‍ന്നടിയുന്ന സ്വപ്‌നങ്ങളുടെയും നഷ്‌ടപ്പെടുന്ന ആത്മബന്ധങ്ങളുടെയും ദുഖം നിശ്ശബ്ദമായ ചില മിന്നല്‍ ചിത്രങ്ങളിലൂടെ (ഉദാഹരണം തകര്‍ന്ന ട്രൈയിനിന്റെ ബോഗികള്‍, കാടിന്റെ ഉള്ളറ തേടിപ്പോകുന്ന ക്യാമറക്കാഴ്‌ചകള്‍, ജീര്‍ണ്ണിച്ച കെട്ടിടങ്ങളും ലോറിയും എന്നിവ) തെന്നിതെന്നി നീങ്ങുന്ന സണ്ണിജോസഫിന്റെ ക്യാമറ സത്യത്തില്‍ പ്രേക്ഷകരുടെ മനസ്സും കാഴ്‌ചയുമാകുന്ന അപൂര്‍വ്വ നിമിഷമാക്കി തീര്‍ക്കാന്‍ പ്രതിഭാശാലിയായ ഒരു സംവിധായകനുമാത്രമേ കഴിയൂ. ഷാജി എന്‍ കരുണിന്റെ പിറവിയെന്ന ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ച അരവിന്ദന്‍ വിരഹവേദനയെ നിശ്ശബ്ദതയിലൂടെ തീഷ്‌‌ണമായി അനുഭവവേദ്യമാക്കിയത്‌ ഇവിടെ കൂട്ടിവായിക്കാം.

എതെങ്കിലും ചലചിത്രസിദ്ധാന്തത്തെയോ ചലചിത്ര വ്യാകരണത്തേയോ പിന്‍പറ്റാത്ത അരവിന്ദന്‍ ചിത്രങ്ങള്‍ അതിന്റെ വിനോദ മുല്യങ്ങള്‍ക്കപ്പുറം ഒരു സര്‍ഗധനനായ കലാകാരന്റെ മാനുഷികവും വൈയക്തികവുമായ ആത്മഭാവങ്ങളുടെ ആവിഷ്‌കാരമാണ്‌്‌്‌്‌. ശബ്‌മുഖരിതമായ ഒരു ചലചിത്ര സംസ്‌കാരത്തെ പിന്‍പറ്റുന്ന നമ്മുടെ നിരൂപകരും സിനിമ പ്രവര്‍ത്തകരും വേണ്ട രീതിയില്‍ അരവിന്ദന്‍ ചിത്രങ്ങളെ വിലയിരുത്തിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്‌. ജോണ്‍ എബ്രഹാമിനെ പോലെ അവകാശികളാരുമില്ലാതിരുന്നതിനാലും തന്റെ ചലചിത്രങ്ങളെപ്പറ്റി പോലും അരവിന്ദന്‍ നിശ്ശബ്ദനായിരുന്നതിനാലുമാണ്‌ ചലചിത്രലോകം അവരവിന്ദനെ പെട്ടെന്ന്‌ വിസ്‌മരിച്ചുപോകുന്നതെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിരീക്ഷണത്തോട്‌ നമ്മുക്കും ഇവിടെ യോജിക്കാം. എന്നാല്‍ യഥാര്‍ത്ഥ പ്രതിഭാശാലിയുടെ സൃഷ്‌ടികള്‍ കാലങ്ങള്‍ക്കതീതമാണ്‌. അതുകൊണ്ടു തന്നെ വരും തമമുറയ്‌ക്ക്‌ അരവിന്ദന്‍ ചിത്രങ്ങളെ കാണാതെ കടന്നുപൊകാന്‍ കഴിയില്ല. ഓരോ ചിത്രവും ഒരു ചലചിത്ര ഗ്രന്ഥമാക്കി മാറ്റിയ അരവിന്ദനെ പഠിക്കാതെ ഒരു ചലചിത്ര വിദ്യാര്‍ത്ഥിക്കും മുന്നോട്ടു പോകാനും കഴിയില്ല.

9 comments:

മണിഷാരത്ത്‌ said...

ആ മഹാനായ പ്രതിഭയെപ്പറ്റി ഓര്‍ക്കാന്‍ തോന്നിയതിന്‌ ആയിരം നന്ദി..ഒരിക്കല്‍ കൂടി 'ചിദംബര' കാണുന്നതിന്‌ എത്രനാളായി കൊതിക്കുന്നു..പല സ്ഥലങ്ങളിലും അന്വേഷിച്ചു..പക്ഷേ ഇതുവരെ കിട്ടിയില്ല..എവിടെയെങ്കിലും ഒരു പകര്‍പ്പു കിട്ടുവാനുള്ള സാധ്യതയുണ്ടോ മാഷേ? അറിയിക്കണേ...ഒരിക്കല്‍ക്കൂടി നന്ദി

അരുണ്‍ കായംകുളം said...

അതേ, അദ്ദേഹം ഒരു അപൂര്‍വ്വ പ്രതിഭ തന്നെ
ഈ കുറിപ്പിനു നന്ദി

റോബി said...

അതുകൊണ്ടു തന്നെ വരും തമമുറയ്‌ക്ക്‌ അരവിന്ദന്‍ ചിത്രങ്ങളെ കാണാതെ കടന്നുപൊകാന്‍ കഴിയില്ല.അങ്ങനെയായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഈ സിനിമകൾ സമൂഹത്തിനു ലഭ്യമാക്കാനോ കുറഞ്ഞപക്ഷം ഇവ നശിച്ചു പോകാതെ സൂക്ഷിക്കാനോ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?

ഏതായാലും തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, ഒരിടത്ത്, ചിദംബരം, വാസ്തുഹാര എന്നീ സിനിമകളുടെ, അത്ര നല്ലതല്ലാത്തതെങ്കിലും, ഒരു പ്രിന്റ് എന്റെ കൈയിൽ സൂക്ഷിച്ചിട്ടുണ്ട്.

ഈ കുറിപ്പിനു നന്ദി

hAnLLaLaTh said...

നന്ദി...
ഈ വിലപ്പെട്ട നിരീക്ഷണങ്ങള്‍ക്ക്

ചോലയില്‍ said...

പ്രിയ മണിശാരത്ത്‌ - അരവിന്ദന്‍ സിനിമകളുടെ പല സിഡികളും വിപണിയില്‍ ലഭ്യമല്ല.
റോബിന്റെ കൈയില്‍ ചെറിയൊരു കളക്ഷന്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
ചലചിത്ര പഠയിതാക്കള്‍ക്ക്‌ വേണ്ടി അരവിന്ദന്‍ സിനിമകളുടെ പ്രദര്‍ശനം ഇടയ്‌ക്ക്‌ സംഘടിപ്പിക്കുന്നത്‌ നന്നായിരിക്കും
മലയാളിയുടെ മനസ്സുകളില്‍ ഒരു ഗൃതാതുരത്വമായി എന്നും അരവിന്ദനെപ്പോലെയുള്ള സംവിധായകരും സിനിമകളും ജീവിക്കുമെന്നുറപ്പാണ്‌.
അരുണ്‍ കായംകുളം, hAnLLaLaTh അഭിപ്രായമറിയിച്ചതിന്‌ നന്ദി രേഖപ്പെടുത്തട്ടെ.

മണിഷാരത്ത്‌ said...

പ്രിയ റോബിന്‍
എനിക്ക്‌ ഒരു പകര്‍പ്പ്‌ കിട്ടാനെന്താണ്‌ വഴി?താങ്കള്‍ സ്റ്റേറ്റ്‌ സിലാണ്‌ അല്ലേ? സഹായിക്കാനാകുമോ?

ജ്യോനവന്‍ said...

നല്ല ലേഖനം നന്ദി

സന്തോഷ്‌ പല്ലശ്ശന said...

നല്ല നിരീക്ഷണങ്ങള്‍

Anonymous said...

fantastic post!

Researchpaper