Tuesday, August 19, 2008

ഒരു വിലാപഗാഥ

ഒരു വിലാപഗാഥ
പട്ടുചേലചുറ്റി
നെറ്റിയില്‍ അഞ്‌ജനമെഴുതി
ഒരു പൈങ്കിളിപ്പെണ്ണായ്‌
‌കവിയരങ്ങില്‍ കവികള്‍
അവളെ
അണിയിച്ചൊരുക്കി.
രാഷ്‌ടീയക്കോടിയില്
‍നിറങ്ങള്‍ മാറ്റിയെഴുതിയ ചിലര്‍
അവളുടെ മേനിയിലൂടെ
പുഴുക്കളായി അരിച്ചു നടന്നു.
കിലുകിലാരവത്തോടെ
ചാനല്‍പക്ഷികള്
‍ആത്മാവു ചതഞ്ഞ ഉടലിന്‌
പുതിയ നിറം ചാര്‍ത്തി
സായുജ്യമടഞ്ഞു.
മണല്‍ത്തിരുടന്മാര്‍
അവളുടെ മേദസ്സത്രയും
തീന്മേശയില്‍രുചിച്ചു
ഏമ്പക്കം വിട്ടെഴുന്നറ്റു
ഉരുളന്‍കല്ലുകള്‍ക്ക്‌
അടയിരുന്ന്‌
വിലാപങ്ങള്‍ വറ്റിച്ചകണ്ണീരുറഞ്ഞ്‌,
അടയാഭരണ ഭാരമൊഴിഞ്ഞ
ശരീരരോഷ്‌മാവിന്റെ നീറ്റലറിഞ്ഞ്‌,
വലിച്ചെറിഞ്ഞ സിറിഞ്ചുപോല്‍
അനാഥയായ്‌ പുഴ നീണ്ടു നിവര്‍ന്നു കിടന്നു,
ഹൃദയംകൊടുത്തവരൊക്കെ
വേദന മറുവാക്കില്‍ തിരിച്ചു നല്‍കിയ
വ്യഥയാല്‍ നീറിനീറി,
പൊക്കിള്‍കൊടിയറ്റകുഞ്ഞിന്റെ
നിസ്സഹായതയില്‍ഒരാത്മകഥയെഴുതി
നിര്‍വൃതിയടയാന്‍മോഹിച്ചു
മാഞ്ഞു പോകുന്നതും കാത്ത്‌. .

1 comment:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു