
ചിതലരിക്കാത്ത ഒരേട്
ഓണക്കാലത്തെ കാറ്റിനോടൊപ്പം മനസ്സിലേക്ക് ഇരച്ചെത്തുന്ന ഓരോര്‍മയാണ് എനിക്ക് ശ്രീധരന്‍. കുത്തരിച്ചോറിന്റെയും അവിയലിന്റെയും അടപ്രഥമന്റെയും മെഴുകുപുരട്ടിയുടെയും സ്വാദോടെയല്ല, ചോരപുരണ്ട ഒരു നാക്കിലയുടെ ഓര്‍മ്മയായിട്ടാണ് അവന്‍ കടന്നു വരിക.
ശ്രീധരനെ എല്ലാവരും വിളിച്ചിരുത് ബാബു എന്നായിരുന്നു. ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നതെങ്കിലും ഞങ്ങള്‍ ഒരേ ക്ലാസിലായിരുില്ല. നിത്യവും കാണാറുണ്ടായിരുന്നെങ്കിലും പരിചയക്കാരുമായിരു്‌ന്നില്ല. ചൂടേറിയ ഒരു സിനിമാ ചര്‍ച്ചയിലൂടെയാണ് ഞാനും ബാബുവും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. എന്നോ നഷ്‌ടമായ കൂട്ടുകാരനെ തിരിച്ചു കിട്ടിയ അനുഭൂതിയായിരുന്നു എനിക്ക്. സമപ്രായക്കാരായിരുന്നു ഞങ്ങളെങ്കിലും പക്വത വന്ന കാരണവരെ പോലെയാണ് ബാബു സംസാരിക്കുക. അതില്‍ സാഹിത്യം, സംഗീതം, സിനിമ തുടങ്ങി കൗമാരജിഞ്‌ജാസയുണര്‍ത്തു ഇക്കിളിക്കഥകളും അടങ്ങിയിരിക്കും.
അപേക്ഷകള്‍ പൂരിപ്പിച്ചുകൊടുക്കുക, ഇലക്‌ട്രിസിറ്റി ബില്ലടക്കുക തുടങ്ങിയ ജോലികള്‍ മറ്റുള്ളവര്‍ക്ക് ചെയ്‌തുകൊടുക്കുതുകൊണ്ട് ആ പരിസരത്തെ പാവപ്പെട്ട വീട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു, ബാബു.
ഓണപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങുമ്പോള്‍ ഞങ്ങള്‍ ബാബുവിനു ചുറ്റം കൂടുക പതിവാണ്. അവന്റെ വീട്ടില്‍ അന്ന് നല്ലൊരു സദ്യയുണ്ടാകും. മുറ്റത്ത് വലിയ പന്തലിട്ട്‌് ഇരുന്നൂറിലേറെ പേരെ ക്ഷണിച്ചുകൊണ്ടാണ് ബാബു ഓണം ആഘോഷിച്ചിരുന്നത്. ഞങ്ങളുടെ ഗ്രാമം ഓണത്തെ അറിഞ്ഞത് ബാബുവിലൂടെയായിരന്നുുവെന്ന് പറയാം. സദ്യവട്ട`ങ്ങള്‍ കഴിഞ്ഞുള്ള ബാബുവിന്റെ ചിലവിലുള്ള മോഹന്‍ലാലിന്റെ സിനിമയായിരുന്നു യഥാര്‍ത്ഥത്തില്‍ അക്കാലത്തെ ഞങ്ങളുടെ ഓണാഘോഷം. ബാബു മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു.
ഡിഗ്രി കഴിഞ്ഞുള്ള വിദ്യാര്‍ത്ഥി ജീവിതത്തിന്റെ അരക്ഷിതത്വ കാലത്ത് അവന്‍ കൂടെയുള്ളതായിരുന്നു ഞങ്ങള്‍ നാലഞ്ചാളുകളുടെ ഏക ആശ്വാസം. വിരസമായ സായന്തനങ്ങളെ അവന്‍ പാട്ടപാടിയും കഥപറഞ്ഞും അവിസ്‌മരണീയമാക്കും. പുരനിറഞ്ഞു നില്‍ക്കു പെകുട്ടികള്‍ക്ക് വരനെ തേടുന്ന തിടുക്കത്തോടെ വീട്ടുകാര്‍ എനിക്ക് വിസ അന്വേഷിച്ച് കൊണ്ടിരിക്കുന്ന കാലം. ഒട്ടേറെ അന്വേഷണങ്ങള്‍ക്കും കാത്തിരിപ്പുരിപ്പുകള്‍ക്കുമൊടുവില്‍ വീട്ടുകാര്‍ എനിക്കും പ്രവാസത്തിലേക്ക് ഒരു ടിക്കറ്റ് കണ്ടെത്തി. കല്ല്യാണാനന്തരം മറ്റൊരു വീട്ടിലേക്കും മറ്റൊരാളുടെ ജീവിതത്തിലേക്കും കടുചെല്ലു കല്ല്യാണപെണ്ണാണ് യഥാര്‍ത്ഥത്തില്‍ ഓരോ പ്രവാസിയും. വ്യത്യസ്‌തമായൊരു സംസ്‌കാരത്തില്‍ പുലരുന്ന മറ്റൊരു ദേശത്തേക്കാണ് അവന്റെ ചങ്കിടിപ്പോടെയുള്ള യാത്ര. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് യാത്രതിരിക്കുമ്പോള്‍ കൂട്ടുകാരെ പിരിയുതായിരുന്നു ഏറ്റവും വലിയ സങ്കടം.
'നീ പോയി നായി വാടാ. എന്നിട്ട് ഞങ്ങള്യൊക്കെ അങ്ങ`് കൊണ്ടു പോ........'
യാത്രയാക്കാന്‍ വപ്പോള്‍ ചുമലില്‍ തട്ടി ബാബു ആശ്വസിപ്പിച്ചു. ദീര്‍ഘയാത്രയുടെ വെപ്രാളത്തിനിടയിലും അവന്‍ ആരും കാണാതെ കണ്ണുകള്‍ തുടക്കുത് ഞാന്‍ കണ്ടു.
പ്രവാസം പതുക്കെ ജീവിതത്തെ മറ്റൊരു തുരുത്തിലേക്ക് അടുപ്പിച്ചപ്പോള്‍ നാടും കൂട്ടുകാരും ചില്ലിട്ടുവെച്ച പഴയാരു ഓര്‍മയായി മാറി. കണ്ണാടിമറയ്‌ക്കപ്പുറത്ത് കരയുകയും ആവലാതിപ്പെടുകയും ചെയ്യുന്നവരുടെ ലോകത്തുനിന്ന് പ്രലോഭനമെറിയുന്ന നാടിന്റെ പച്ചപ്പിനൊപ്പം ബാബുവിന്റെ തമാശകളും ഇടയ്‌ക്ക് പ്രവാസജീവിതത്തിലേക്ക് എത്തിനോക്കാറുണ്ടായിരുന്നു.
ഒരു ദിവസം ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അപ്രതീക്ഷിതമായി സുഹൃത്തായ റഹീം കയറി വന്നു. വന്നാലുടനെ സാധാരണ അവന്‍ സന്തോഷത്തോടെ ഒരു സിഗരറ്റെടുത്ത് നീട്ടുകയാണ് പതിവ്. എന്നാല്‍ അന്ന് അവന്റെ മുഖം മ്ലാനമായിരുന്നു.
'നമ്മടെ ബാബുവിന് തീരെ സുഖോല്ല. രക്ഷപ്പെടൂലന്നാ എല്ലാരും പറേണേ. കൂടി കൊറച്ചു കാശ് എല്ലാര്‍ക്കും കൂടി അയച്ചുകൊടുക്കാം. അല്ലാതെ നമ്മളിപ്പോ എന്താ ചെയ്യാ?'
ഒട്ടു നേരത്തെ മൗനത്തിനൊടുവില്‍ അവന്‍ പറഞ്ഞു.
കേട്ടതുവിശ്വസിക്കാനാവാതെ ഞാന്‍ തരിച്ചു നിന്നു.
'എന്താ ബാബുവിന് അസുഖം?'
'ക്യാന്‍സറാണത്രേ. ബോണ്‍ ക്യാന്‍സറാണെന്നാ എല്ലാരും പറേണത്. രക്ഷപ്പെടൂലത്രേ'
ആ വാര്‍ത്ത കേട്ട് ആകെ തളര്‍ന്നു പോയി. യാഥാര്‍ത്ഥ്യം മുന്നില്‍ കരിനാഗം പോലെ പത്തിവിടര്‍ത്തുമ്പോഴും ഒരാശ്വാസത്തിനായി ചില പ്രതീക്ഷകളിലേക്കുള്ള പിടിവള്ളികള്‍ തേടുകയായിരുന്നു മനസ്സ്. ഡോക്‌ടര്‍ക്ക് തെറ്റുപറ്റിയതാവാം. അല്ലെങ്കില്‍ റഹിം കേട്ടത് സത്യമല്ലായിരിക്കാം. സംശയത്തിന്റെ അനുകൂല്യത്തില്‍ ബാലു ഒരു ദിവസം നിത്യജീവിതത്തിലേക്ക് തിരിച്ചു വരാം. പക്ഷേ ഒരുനാള്‍ സത്യത്തെ ആര്‍ക്കും നേരിടാതെ വയ്യല്ലോ.
ബസില്‍ യാത്ര ചെയ്യുമ്പോള്‍ മുഖം കമ്പിയിലിടിച്ചാണ് അവന്റെ അസുഖം ആദ്യമായി പുറത്തുവന്നത്. കവിളെല്ലില്‍ ആദ്യം നീരുവന്നു ചീര്‍ത്തു. രണ്ടാഴ്‌ച മരുന്നു കഴിച്ചിട്ടും ഭേതമായില്ല. സംശയം തോന്നി സാമ്പിളുകള്‍ ഡോക്‌ടര്‍ തിരുവനന്തപുരത്തേക്ക് പരിശോധനയ്‌ക്കയച്ചു. ഓരാഴ്‌ചയ്‌ക്ക് ശേഷം മരണം മുദ്രയടിക്കപ്പെട്ട കവറില്‍ രോഗം സഥിരീകരിച്ച റിപ്പോട്ടു വന്നു.
ആദ്യമായി നാട്ടിലേക്ക് പോകാന്‍ അനുവാദം ലഭിച്ചപ്പോഴും വലിയ സന്തോഷം തോന്നിയില്ല. ബാബുവിനെ കാണാന്‍ ഭയമായിരുന്നു. അവസാനമായി ഓര്‍മ്മയില്‍ അവശേഷിക്കുന്നത് അവന്റെ കീമോതെറാപ്പി കഴിഞ്ഞ് വികൃതമായ മുഖമാവാന്‍ എന്തുകൊണ്ടോ ആഗ്രഹിച്ചില്ല.
നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞാണ് ബാബുവിനെ തിരുവനന്തപുരം റീജനല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും കൊണ്ടുവന്നത്. നിരന്തരമായ റേഡിയേഷനുകളും കീമോതെറാപ്പിയും ഏറ്റുവാങ്ങിയ ശരീരം നനഞ്ഞ തുണിക്കെട്ടുപോലെ ജീവച്ഛവമായിരുന്നു. അവന്റെ കുസൃതി വിളങ്ങിയിരുന്ന ഇടതു കണ്ണിന്റെ സ്ഥാനത്ത് ആരെയും ഭയപ്പെടുത്തികൊണ്ട് ഒരു കുഴി മാത്രം അവശേഷിച്ചു. ഒരു പേടിസ്വപ്‌നത്തിലെന്നപോലെ അമ്പരുന്ന നില്‍ക്കു എന്നെ അവന്‍ ഏറെ നേരം നോക്കി നിന്നു.അവന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. പഴയ ഓര്‍മ്മകളെ അവന്‍ കണ്ണീര്‍കൊണ്ട് കഴുകി വൃത്തിയാക്കുകയാണെന്നു തോന്നി. എനിക്ക് ശബ്‌ദിക്കാനായില്ല. വാക്കുകള്‍ കൂടൊഴിഞ്ഞുപോയി അനാഥനാകുന്ന ജീവിതത്തിലെ ചില ഭീകരമായ നിമിഷങ്ങളായിരുന്നു അത്.
അവനെന്നോട് എന്തോ പറയാന്‍ ശ്രമിക്കുുണ്ടായിരുന്നു. വികൃതമായി തെിപ്പോകുന്ന അവന്റെ ചുണ്ടുകളില്‍ നിന്ന് വാക്കുകള്‍ ഒരിക്കലും സ്വതന്ത്രമായില്ല. അസ്‌പഷ്‌ടമായ ചില ശബ്‌ദങ്ങള്‍ മാത്രം അവന്‍ തുപ്പിക്കളഞ്ഞു. നാലഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചിട്ടും മനസ്സിലാകാതെ വപ്പോള്‍ അവന് ക്രമേണ ദേഷ്യം വന്നു. പിന്നെ ഭ്രാന്തമായ ചലനങ്ങളോടെ അവന്‍ ഒച്ചയുയര്‍ത്തി എന്നെ ശകാരിക്കാന്‍ തുടങ്ങി. ഞാനെന്തോ പറഞ്ഞ് പ്രകോപിപ്പിച്ചെു കരുതി അവന്റെ വീട്ടുകാര്‍ എന്നെ വലിച്ചു പുറത്താക്കി വാതിലടച്ചു. നിശ്ശബ്‌ദനായി കരയാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.
നാലഞ്ചുനാള്‍ കഴിഞ്ഞുള്ള ഒരു പ്രഭാതം. മരിച്ചവരുടെ ആത്മവിലാപം പോലെ മഴ പതിഞ്ഞ ശബ്‌ദത്തില്‍ പെയ്യുുണ്ടായിരുന്നു. ഉറക്കച്ചടവോടെ എഴുന്നേറ്റ് പല്ലു തേയ്‌ക്കാന്‍ കിണറ്റിനരികിലേക്ക് നടപ്പോള്‍ പാടവരമ്പിലൂടെ അയല്‍പക്കത്തെ സ്‌ത്രീകളും കുട്ടികളും ബാബുവിന്റെ വീട്ടിലേക്ക് പോകുന്നതു കണ്ടു. ഒരു നടുക്കം എന്റെ ഹൃദയത്തില്‍ കൊളുത്തി വലിച്ചു. ആധിയോടെ മുഖമുയര്‍ത്തിയപ്പോള്‍ ഉമ്മ പറഞ്ഞു.
'അന്റെ ചങ്ങായി ബാബു ഇന്നലെ അന്തിക്ക് മരിച്ചു. മയ്യത്ത് ആശൂത്രീന്ന് കൊണ്ടന്നിറ്റുണ്ട്.........'
ഒരു നിലവിളി എന്റെ നെഞ്ചില്‍ ചിറകടിച്ചു.
പത്തു വര്‍ഷങ്ങള്‍ ഒരു വിഭ്രാന്തിപോലെ കടന്നു പോയിരിക്കുന്നു. ഇന്നും ഓരോ ഓണവും മഴയില്‍, ഒരു ഗ്രാമം മുഴുവന്‍ വിതുമ്പിക്കരഞ്ഞ മഴയില്‍, നിലത്തുവിരിച്ച വാഴയിലയിലെ ശ്രീധരന്റെ ജഡത്തിന്റെ ഭീകരമായ ദൃശ്യവുമായി കടന്നു വരുന്നു, അവസാനമായി അവന്‍ പറയാന്‍ വാക്കിവെച്ച ചോദ്യമെന്തായിരുുവെന്ന വേദന സമ്മാനിച്ചുകൊണ്ട്.
3 comments:
ഈ ഓര്‍മ്മകള്‍ തന്നെ ധാരാളം...നന്ദി...ഇതൊക്കെ ഓര്‍ക്കുന്നുവല്ലോ...
നല്ല പോസ്റ്റ്
ശിവ, ഗുപ്‌തന്‍, അഭിപ്രായങ്ങള്‍ക്ക് നന്ദി അറിയിക്കട്ടെ.
Post a Comment