Saturday, October 25, 2008

ഭയം

ഭയം
ഉണങ്ങാനിട്ട ശവക്കച്ച പോലെ
ഇരുട്ട്‌ മാനമിറങ്ങി വരുന്നു
പേപിടിച്ചൊരു വറുതിക്കാറ്റ്‌
ഗതികിട്ടാത്മാവു പോലെ
പാഞ്ഞു പോകുന്നു
അവസാനത്തെ ബസും പോയിക്കഴിഞ്ഞു
ജാരന്മാര്‍ പതുവു പോലെ
ആല്‍ത്തറയില്‍ഇരുപ്പുറപ്പിച്ചിട്ടുണ്ട്‌.
ഇരുട്ടു ഗ്രസിച്ച മനസ്സോ
ഒറ്റുകാരായ കാലടികളോ
ആരാണ്‌ ഉള്ളിലിരുന്ന്‌ നിലവിളിക്കുന്നത്‌?
വീട്ടിലേക്കുള്ള പത്തടി ദൂരം
ഒരു കടല്‍ പോലെ നിവര്‍ന്നു കിടക്കുന്നു
ഇരുള്‍മുടിക്കെട്ടു പിളര്‍ന്നു
മന്ദഹാസം ചുണ്ടിലണിഞ്ഞ്‌
ചന്ദ്രന്‍ വരാതിരിക്കില്ല
കടല്‍ വരയ്‌ക്കുന്നിടത്തെല്ലാം
പ്രതീക്ഷയുടെ ഒരു ചന്ദ്രബിംബം
ആരൊ കരുതിവെയ്‌ക്കാറുണ്ടല്ലോ.

6 comments:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

Jayasree Lakshmy Kumar said...

കൊള്ളാം വരികൾ. ചന്ദ്രൻ വരണം. അല്ലെങ്കിൽ [മനസ്സ്] വല്ലാതെ ഇരുളായി പോകും

നരിക്കുന്നൻ said...

മാഷേ, പേടിപ്പിക്കല്ലേ...

നല്ല വരികൾ..

ചോലയില്‍ said...

എസ്‌.വി, ലക്ഷമി, നരിക്കുന്ന്‌ ഇതുവഴി വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരായിരം നന്ദി.

Basheer Vallikkunnu said...

ഹകീമിന്റെ കഥകള്‍ മുമ്പെ വായിച്ചിട്ടുണ്ട്. കവിതയിലും കൈ വെക്കാറുണ്ട് എന്ന് ഇപ്പോഴാണ്‌ അറിയുന്നത്. ചല്തെ രഹോ..

Anonymous said...

പൂര്‍ണ്ണചന്ദ്രനാവണമെന്നില്ലാ...
ചെറിയ ഒരു ചന്ദ്രക്കലയെങ്കിലും
വഴികാട്ടിയായി ഉണ്ടായിരുന്നെങ്കീല്‍...
അമ്പലപ്രാവുകള്‍ കൂട് കൂട്ടിയ ആല്‍തറയില്‍ അണയാന്‍ തുടങ്ങുന്ന
ഒരൂനെയ്ത്തിരിനാളമെങ്കീലും ഉണ്ടായീരുന്നെങ്കില്‍.....
ഇരുള്‍ വീണ ഇടവഴിക്കിരുവശത്തുമുള്ള
കാട്ടുപൊന്തയില്‍ നിന്നും
തവളകൂട്ടങ്ങളുടെ പിന്നണിഗാനം
കൂട്ടുണ്ടായിരുന്നെങ്കില്‍......