
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം. കോളേജിലെ വിലാസവതികളായ പെകുണ്‍കുട്ടികള്‍ കളിയാക്കി ചിരിച്ചും കൂട്ടുകാര്‍ പരിഹസിച്ചും എന്നെ 'ഓലക്കൊടി' എന്നാണ് വിളിച്ചിരുന്നത്. കാരണം, എന്റെ രൂപം തന്നെ. ബ്ലാക്ക് ബോര്‍ഡില്‍ അധ്യാപകര്‍ക്ക് എളുപ്പത്തില്‍ കോറിയിടാന്‍ പാകത്തില്‍ നന്നേ ശോഷിച്ചതായിരുന്നു എന്റെ ദേഹപ്രകൃതി.'ഓലക്കൊടി' എന്ന വിളി ഉറക്കത്തില്‍ പോലും അക്കാലങ്ങളില്‍ എന്നെ വേട്ടയാടാറുണ്ടായിരുന്നു ചീത്തപ്പേരിനു നിദാനം എന്റെ രൂപമാണല്ലോ. ശരീരം അല്‌പം പുഷ്‌ടിപ്പെടുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. നല്ല ഭക്ഷണത്തേയും മീനെണ്ണ ഗുളികയേയും ആശ്രയിച്ചെങ്കിലും ശരീരത്തിന് വലിയ മാറ്റമൊന്നും കണ്ടില്ല. ശരീരം മിനുങ്ങിയില്ലെന്നര്‍ത്ഥം.ആ സമയത്താണ് കോങ്കണ്ണിയെങ്കിലും സുന്ദരിയായ അനില എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയത്. മെടഞ്ഞിട്ട മുടിയും കണ്ണുകളുടെ ഏങ്കോണിപ്പിന്റെ വശ്യസൗന്ദര്യവും വെളുത്ത നിറവും ഉള്ള അനിലയുടെ സ്‌നേഹം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ കൂട്ടുകാര്‍ തമ്മില്‍ മത്സരമായിരുന്നു. ഭാഗ്യം പക്ഷേ എന്റെ നെറുകയിലാണ് വന്നു വീണതെന്നു മാത്രം. എന്നാല്‍ അനിലയെ സ്വകാര്യമായി സമീപിക്കാന്‍ തുടങ്ങുമ്പോഴേക്കും 'ഓലക്കൊടീ'യെന്ന വിളി എവിടെനിന്നെന്നില്ലാതെ കേള്‍ക്കും. അതോടെ എന്റെ സമനില തെറ്റും. ചുണ്ടില്‍ ഒളിപ്പിച്ചുവെച്ച ഒരു ചിരിയോടെ അനില അപ്പോഴേക്കും പിന്‍വാങ്ങുകയും ചെയ്യും.തടി കൂടാനുള്ള മാര്‍ഗമന്വേഷിച്ച് എന്റെ ഉറക്കം വീണ്ടും നഷ്‌ടപ്പെടാന്‍ തുടങ്ങി. വകയിലെ ഒരമ്മാവനാണ് നിലമ്പൂരിലെ ഒരു ഡോക്‌ടറെ കുറിച്ച് പറഞ്ഞത്. മരുന്നു കഴിച്ച് തടികൂടിയ പലരെകുറിച്ചും നാലുപുറത്തില്‍ കവിയാതെ എഴുതാന്‍ പാകത്തില്‍ വിസ്‌തരിക്കുകയും ചെയ്‌തു. പ്രായോഗിക ചികിത്സയിലൂടെ പല രസകരമായ രോഗങ്ങള്‍ മാറ്റിയ ഡോക്‌ടര്‍ നാട്ടില്‍ അന്നേ പ്രസിദ്ധനായിരുന്നു.ഒരു ശനിയാഴ്‌ച ദിവസം ഞാന്‍ ഡോക്‌ടറുടെ ക്ലിനിക്കിലേക്ക് ചെന്നു. രോഗാണുബാധിതരായ രോഗികള്‍ വിശ്രമിക്കുന്ന സമയമായതുകൊണ്ട് ഡോക്‌ടര്‍ ഒരു സിഗരറ്റും വലിച്ച് വെറുതെ ഇരിപ്പായിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ ഡോക്‌ടര്‍ എന്നെ സഹര്‍ഷം സ്വീകരിച്ചു.ഡോക്‌ടറോടും വക്കീലിനോടും കള്ളം പറയരുതെന്ന ഒരലിഖിത നിയമമുണ്ടല്ലോ. രോഗം ഞാന്‍ തെല്ല് ജാള്യതയോടെയാണങ്കിലും വെടിപ്പായിതന്നെ ഡോക്‌ടറുടെ മുന്നില്‍ അവതരിപ്പിച്ചു. എല്ലാവരേയും പോലെ ഡോക്‌ടര്‍ അതു കേട്ട് ചിരിച്ചില്ല. പകരം ആ മുഖത്ത് ഗൗരവം നിറഞ്ഞ് ജോസ്‌പ്രാകാശിന്റെ മുഖം പോലെയായി. പതിനഞ്ച് നിമിഷങ്ങളെടുത്ത് അദ്ദേഹം എന്നെ വിശദമായി പരിശോധിച്ചു.
'തടി കൂടണമെന്ന് നിര്‍ബന്ധമാണോ?' ഡോക്‌ടര്‍ ചുഴിഞ്ഞ കണ്ണുകള്‍ എന്റെ നേരെ നീട്ടി ചോദിച്ചു.
'അതെ.' ഞാന്‍ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു.
'ശരി. ഞാന്‍ ഒരു മരുന്ന് എഴുതി തരാം. പിന്നെ ഇതു കഴിച്ചിട്ട് ഭേതമായില്ലെങ്കില്‍ അടുത്താഴ്‌ച ഇതേ സമയത്ത് വരണം'.
സന്തോഷത്തോടെയാണ് ഞാന്‍ മരുന്നു വാങ്ങി മടങ്ങിയത്. ചിട്ടയോടെ മരന്നു കഴിക്കാനും പതിവായി കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പിടാനും തുടങ്ങി. ഒരാഴ്‌ച കഴിഞ്ഞു. മരുന്നു തീര്‍ന്നതല്ലാതെ മറ്റു വിശേഷമൊന്നുമുണ്ടായില്ല. അടുത്താഴ്‌ച പറഞ്ഞതുപോലെ ഡോക്‌ടറെ കാണാന്‍ ചെന്നു. ഡോക്‌ടറുടെ മുറിയില്‍ മറ്റൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു അപ്പോള്‍. എന്നേക്കാള്‍ ശരീരം ശോഷിച്ച ഒരാള്‍. എന്നെ പോലെ തടികൂടാനുള്ള മരുന്നു തേടി വന്നതാവണം; ഞാന്‍ വിചാരിച്ചു.
'മരുന്നു കഴിച്ചിട്ടും തടി കൂടിയില്ല, അല്ലേ?'ഡോക്‌ടര്‍ അന്നേരമാണ് ചിരിച്ചത്.
'ഇല്ല''
ആരാ മരുന്നു കഴിച്ചാല്‍ തടിക്കുമെന്നു പറഞ്ഞത്?'ഡോക്‌ടര്‍ കുസൃതിയോടെ എന്നെ നോക്കി.
'എന്റെ അമ്മാവനാ....'
'തടി കൂടാന്‍ മരുുണ്ടായിരുന്നെങ്കില്‍ ഞാനിവനു കൊടുക്കില്ലേ? നോക്ക്, നിന്നേക്കാള്‍ തടി കുറഞ്ഞവനല്ലേ ഈ ഇരിക്കുന്നത്? ഇത് എന്റെ മകനാണ്. മുജീബു റഹ്‌മാന്‍.'
ഗുളിക മാറിക്കഴിച്ച രോഗിയുടെ പരിഭ്രമത്തോടെ ഞാന്‍ ഡോക്‌ടറെ പകച്ചു നോക്കി. എന്തു പറയണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും എനിക്കറിയില്ലായിരുന്നു. ഡോക്‌ടര്‍ എഴുന്നേറ്റ് എന്റെ പുറത്തു തട്ടി വാത്സല്യത്തോടെ പറഞ്ഞു:
'നിന്റെ ഈ തടി തന്നെ മതി കേട്ടോ. അതാകുമ്പം നീ പറഞ്ഞാ കേള്‍ക്കും.'
അദ്ദേഹത്തിന്റെ ആ നിറഞ്ഞ മനസ്സ് അന്നെനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ്. ഒട്ടൊരു സങ്കടത്തോടെയാണ് അന്ന് അവിടെ നിന്നിറങ്ങി നടന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസ്റ്റുഫുഡുകളുടെ ഈ കാലത്ത്, തടി കുറയ്‌ക്കാനുള്ള മരുന്നുകളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ശരീര പുഷ്‌ടിയല്ല, ആരോഗ്യമാണ് മനുഷ്യനുവേണ്ടതെന്ന് വാത്സല്യത്തോടെയും സാരള്യത്തോടെയും പഠിപ്പിച്ച മണ്‍മറഞ്ഞുപോയ ഞങ്ങളുടെ കൊച്ചു ഡോക്‌ടര്‍ (അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!) കണ്ണാടിയില്‍ നോക്കുമ്പോഴേല്ലാം മുന്നില്‍ പുഞ്ചിരി തൂകി നില്‌ക്കും.
No comments:
Post a Comment