
നാലഞ്ചു വര്‍ഷമായി നിരന്തരം മനസ്സിനെ കുഴപ്പിച്ചിരുന്ന ഒരു പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ട് ആശ്വാസത്തോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഞാന്‍. എന്റെ പ്രായമായ അച്ഛനെയും അമ്മയേയും ഞാന്‍ അടുത്തുള്ള ഒരു വൃദ്ധസദനത്തിലാക്കി. ഇനി എനിക്കും ഭാര്യക്കും ആശ്വാസത്തോടെ വിദേശത്തേക്ക് തിരിച്ചുപോകാം.ഭാര്യയ്‌ക്കും സന്തോഷമായി. അവളുടെ വിദേശ വാസത്തിന് തടസ്സം നിന്നത് വാതരോഗിയായ അമ്മയായിരുന്നു. ഫീസ് അല്‌പം കൂടുതലാണെങ്കിലും വൃദ്ധസദനത്തില്‍ ചികിത്സയ്‌ക്കും മറ്റും കൂടുതല്‍ സൗകര്യമുണ്ട്. പരിചരിക്കാന്‍ പ്രത്യേകം പ്രത്യേകം നഴ്‌സുമാരുമുണ്ട്. ഒഴിവു ദിവസങ്ങളില്‍ കടല്‍ കാണാനും ഷോപ്പിങ്ങിനു കൊണ്ടുപോകാനും വണ്ടിയുണ്ട്. ആഴ്‌ചയിലൊരിക്കല്‍ മെഡിക്കല്‍ ചെക്കപ്പ്, മാസത്തിലൊരിക്കല്‍ സണ്‍ബാത്തിങ്ങ്, വര്‍ഷത്തിലൊരിക്കല്‍ മസാജ് തെറാപ്പി തുടങ്ങിയ പാക്കേജുകള്‍ ആ വൃദ്ധസദനത്തിന്റെ മാത്രം പ്രത്യേകതയാണ്. ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അവിടെ അഡ്‌മിഷന്‍ പോലും തരപ്പെട്ടത്. മകന് സ്‌ക്കുളില്‍ അഡ്‌മിഷന്‍ കിട്ടാന്‍ ഇത്രയും പ്രയാസം അനുഭവപ്പെട്ടിരുന്നില്ല. എന്നാലും ഒന്നിനും അവര്‍ക്ക് ഒരു കുറവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.വീട്ടിലായിരുന്നപ്പോള്‍ ഭാര്യയാണ് അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവള്‍ അനുഭവിക്കുന്ന കഷ്‌ടപാടുകള്‍ ഞങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ ചില്ലറ അലോസരം സൃഷ്‌ടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ടിവന്നത്. വീടിനേക്കാളും എല്ലാ കാര്യത്തിലും സുഖസൗകര്യമുണ്ടെങ്കിലും യാത്ര പറയാന്‍ എറെ നേരം അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതെന്തിനാണെന്നു മാത്രം എനിക്ക് മനസ്സിലായില്ല.സ്‌ക്കൂള്‍ കഴിഞ്ഞെത്തിയ ഉടനെ വീട്ടിലെ എല്ലാ മുറികളിലും മുത്തശ്ശിയെയും മത്തശ്ശനേയും തെരഞ്ഞു മുഷിഞ്ഞ്, അഞ്ചു വയസ്സുകാരനായ മകന്‍ ഒടുവില്‍ എന്റെ അടുത്തെത്തി
'മുത്തശ്ശനും മുത്തശ്ശിയുമെവിടെ പപ്പാ'
അവനെ കൊണ്ടുപോകാതെ അവര്‍ എവിടെയോ പോയതിന്റെ നിരാശയുണ്ടായിരുന്നു അവന്റെ മുഖത്ത്.
'അവരെ വൃദ്ധസദനത്തില്‍ കൊണ്ടുപോയാക്ക്‌ിയല്ലോ മോനെ..'
കുടുംബത്തോടൊത്തുള്ള വിദേശവാസത്തെ ഓരോ കാര്യങ്ങളെ കുറിച്ചുള്ള ആലോചനയുടെ മാധുര്യത്തില്‍ ഞാന്‍ പറഞ്ഞു.
'ഇനി അവര്‍ വീട്ടിലേക്ക് വരില്ലേ?''ഇല്ല. ഇനി നമ്മുക്ക് അവിടെ പോയി അവരെ കാണാം. മോനെ കാണുമ്പോള്‍ അവര്‍ക്ക് വല്ല്യ സന്തോഷാവും'
ഞാന്‍ അവനെ അണച്ചു പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവന്റെ കളിക്കൂട്ടുകാരായിന്നല്ലോ അച്ഛനും അമ്മയും. അവര്‍ പെട്ടെന്നു പോയതില്‍ അവനു ദുഖം കാണും.
'എന്തിനാ അവരെ അവിടെ കൊണ്ടാക്കിയത്......'എന്തോ ആലോചിച്ചുകൊണ്ട് സങ്കടം വന്ന്‌് അവന്‍ തെല്ലിട നിശ്ശബ്ദനായി.
'അതു പിന്നെ മുത്തശ്ശിക്കും മുത്തശ്ശനും പ്രായമായില്ലേ? അവരുടെ കാര്യങ്ങള്‍ മുറ തെറ്റാതെ നോക്കാന്‍ ആളുകള്‍ വേണ്ടേ.?'ഞാന്‍ അവന്റെ കവിളില്‍ വാത്സ്യലത്തോടെ തഴുകി.
'പ്രായമായവരെയൊക്കെ അവിടെ കൊണ്ടുപോയാക്കുമോ?''അതെ മോനെ. അതാണിപ്പോഴത്തെ നാട്ടുനടപ്പ്
''അപ്പോ പപ്പയ്‌ക്കും മമ്മയ്‌ക്കും പ്രായായാലും അവിടെ കൊണ്ടാക്കും, അല്ലേ?'
അവന്റെ ചോദ്യം കേട്ട് ഞാനൊു ഞെട്ടി. ഞങ്ങള്‍ക്ക് പ്രായമാവുമ്പോഴേക്കും ഈ വൃദ്ധസദനത്തിന്റെ ഏര്‍പ്പാട് നിന്നു പോയാലോ എന്നോര്‍ത്ത് എന്റെ തൊണ്ടയിലെ വെള്ളം വറ്റി. വൃദ്ധരായ സ്‌ത്രീകളെയും പുരുഷന്മാരെയും നേരെ വൈദ്യുതശ്‌മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കുന്ന കാലം അതിവിദൂരത്തല്ലെന്ന്‌് എവിടെയോ വായിച്ചതോര്‍ത്ത് പിന്നെ എനിക്ക് ഉറക്കമില്ലാതായി.
ശുഭം
2 comments:
"തണല്‍ മരം"...
അത് ശരിക്കും നമ്മുടെ മാതാ പിതാക്കളാണ്...
അവര്‍ പോയി കഴിഞ്ഞാന്‍ പിന്നെ നമുക്കു തണലില്ല....
നമുക്കു തണലായി നിന്ന മാതാപിതാക്കള്‍ വൃദ്ധരാകുമ്പോള്‍ നമുക്കു ഭാരമാകുന്നു...
.................
""''അപ്പോ പപ്പയ്‌ക്കും മമ്മയ്‌ക്കും പ്രായായാലും അവിടെ കൊണ്ടാക്കും, അല്ലേ?'""
ആ കുഞ്ഞിനു മാതൃകയായി അച്ഛന്‍ ചൈതതെന്താണ്...
നാളെ ആ കുഞ്ഞ് അതെപടി ചെയ്യാന്‍ പോകുന്നത് ആരോടാണ്....
അങ്ങിനെ ചിന്തിക്കുമ്പോഴും , ഇന്നിന്‍റെ നാളില്‍ നമുക്കു ലോകത്തിനനുസരിച്ചു നടന്നേ പറ്റൂ....അല്ലെ...???
......
""വൃദ്ധരായ സ്‌ത്രീകളെയും പുരുഷന്മാരെയും നേരെ വൈദ്യുതശ്‌മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കുന്ന കാലം അതിവിദൂരത്തല്ലെന്ന്‌് എവിടെയോ വായിച്ചതോര്‍ത്ത് പിന്നെ എനിക്ക് ഉറക്കമില്ലാതായി.""
വരികളെല്ലാം വല്ലാതെ ചിന്തിപ്പിച്ചു....
ആശംസകള്‍....
പ്രിയ സ്‌നേഹിതന്,
കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദിയുണ്ട്, കഥയ്‌ക്കപ്പുറത്തേക്ക് നീളുന്ന നല്ല വാക്കുകള്‍ക്ക് പ്രത്യേകിച്ചും.
Post a Comment