Wednesday, June 18, 2008

യുദ്ധകാല സിംഫണി


(മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച കവിത)
മഞ്ഞയില്‍ കുതിര്‍ന്ന
ചുവപ്പു നിറം കാവിയണിഞ്ഞു.
പുകയുന്ന ബോംബുകളും
ഉടഞ്ഞ അസ്ഥി കഷ്‌ണങ്ങളും
പാതി തുറന്ന ചരിത്ര പുസ്‌തകവും.
ചോരയുടെ ഉളുമ്പു ഗന്ധത്തില്‍
തനിയാവര്‍ത്തനങ്ങളുടെ വിരസതയില്‍ നൊന്ത്‌
പക്ഷി ക്യാന്‍വാസ്‌ വിട്ടു പറന്നകന്നു.
ചിത്രകാരന്റെ ദാര്‍ശനിക വ്യഥ
ഒരു മുറി ബീഡിയില്‍ എരിഞ്ഞു.
ഇപ്പോള്
‍വെള്ളരിപ്രാവുകള്‍ ചിറകടിക്കുന്നില്ല
ബോംബുകള്‍ക്ക്‌ ഉഗ്രവീര്യമില്ല.
ചോരയ്‌ക്ക്‌ അറപ്പു ഗന്ധമില്ല.
ആകാശത്ത്‌ അലയുന്ന
സിംഫണിക്ക്‌ ഹൃദയത്തില്‍ തൊടുന്ന
താളഭേതങ്ങളുമില്ല.
നിറങ്ങള്‍ ഉരുകിയൊലിക്കുന്ന നിരത്തില്‍
കളഞ്ഞുപോയതെന്തോ തിരഞ്ഞു നടക്കുന്നു
‌ചിത്രമെഴുത്തുകാരന്‍.
ആസുരകാലത്തിന്റെ
ആകസ്‌മികതയില്‍ ഉടയാത്ത,
ചരിത്രത്തിന്റെ ഉച്ഛിഷ്‌ടം മണക്കാത്ത,
ഭൂമിയുടെ ഗര്‍ഭത്തിലൊളിച്ചുപോയ,
ഒരു നവലോകത്തെ സ്വപ്‌നം കണ്ട്‌.

3 comments:

ശെഫി said...

നവലോകത്തിന്റെ സ്വപനത്തിലാണ്‌ എല്ലാ കാലവും ജീവിക്കുന്നത്.
പുതു തലമുറയെ പഴിക്കുന്ന ഗൃഹാതുരതയിൽ ജീവിക്കുന്ന പഴം തലമുറയും നാളെയുടെ സ്വപ്നത്തിൽ ജീവിക്കുന്ന യുവതയും. ഇന്നിൽ ജീവിക്കുന്ന ഒരു തലമുറയാണ് നമുക്കാവശ്യം

കവിത സമകാലികം ചിത്രീകരണം . നന്നായി.

ഒരു സ്നേഹിതന്‍ said...

ഇന്നത്തെ ലോകത്ത് അനിവാര്യമായ കവിത....

ചിത്രീകരണം ഇഷ്ടപ്പെട്ടു....

ആശംസകള്‍...

തറവാടി said...

ആവര്‍ത്തനം നിര്‍‌വീര്യമാക്കുമെന്നാണല്ലോ , :)